ഇന്നത്തെ പ്രധാന വാർത്തകൾ (02-09-2020)
നാർക്കോട്ടിക്ക് കണ്ട്രോൾ ബ്യൂറോ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.
വെഞ്ഞാറമൂട് ഇരട്ട കൊലക്കേസിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ മൊഴി രേഖപ്പെടുത്തും
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ പ്രദേശത്തെ കോൺഗ്രസ് വാർഡ് മെമ്പറായ ഗോപന്റെ മൊഴി രേഖപ്പെടുത്തും. സംഭവത്തിന് ശേഷം പ്രതികൾ ഇയാളെ വിളിച്ചിരുന്നുവെന്നാണ് വിവരം. ഇന്നലെ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
സാമൂഹ്യ വിരുദ്ധർക്ക് ഒരു വർഷമായി അടൂർ പ്രകാശ് സഹായം നൽകുന്നു : കടകംപള്ളി
വെഞ്ഞാറമ്മൂട് ഇരട്ടക്കൊല അടൂർ പ്രകാശിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രനും. സാമൂഹ്യ വിരുദ്ധർക്ക് ഒരു വർഷമായി അടൂർ പ്രകാശ് സഹായം നൽകുകയാണെന്നും അടൂർ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതികളിൽ സിപിഐഎമ്മുകാരുമുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിക്കാനാണെന്നും വാമനപുരം എംഎൽഎയുടെ മകനെതിരായ ആരോപണം തെറ്റാണെന്നും കടകംപള്ളി പറഞ്ഞു.
സ്വർണക്കടത്ത് കേസ്: പ്രതികളുമായി ബന്ധമുള്ള ഉന്നതർക്കെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്. പ്രതികൾക്ക് കൂടുതൽ പേരുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവർക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിംഗ് സെന്ററുകളുടെ കരാറും നടത്തിപ്പും അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിക്കുന്നു. യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ് എന്നീ ഏജൻസികൾക്ക് കരാർ ലഭിച്ചതിനു പിന്നിൽ സ്വപ്ന സുരേഷിന്റെ ഇടപെടലാണെന്നാണ് നിഗമനം. എൻഫോഴ്‌സമെന്റ് ഡയറക്ടററേറ്റാണ് ഇക്കാര്യം പരിശോധിക്കുന്നത്.
ഡിസംബറിൽ റെയിൽവേ സർവീസ് പൂർണമായും പുനഃസ്ഥാപിച്ചേക്കും
ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്.
Story Highlights – todays news headlines September 02
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here