Advertisement

മൊറട്ടോറിയം: ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്: സുപ്രിംകോടതി

September 3, 2020
Google News 2 minutes Read

മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം.

വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാന്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്നും, അതിനേക്കാള്‍ ഊന്നല്‍ നല്‍കുന്നത് പ്രയാസം അനുഭവിക്കുന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മൊറട്ടോറിയം നീട്ടണമെന്നും, പലിശ ഒഴിവാക്കണമെന്നുമുള്ള പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്. രണ്ട് മാസത്തേക്ക് ഒരു അക്കൗണ്ടും കിട്ടാക്കടമായി പ്രഖ്യാപിക്കാന്‍ പാടില്ലാത്തതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ നിരീക്ഷിച്ചു. വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാനും പാടില്ലാത്തതാണ്. അവരെ സംരക്ഷിക്കേണ്ടതുണ്ട്.

ബാങ്കുകള്‍ എല്ലാ തീരുമാനവും എടുക്കട്ടെയെന്ന് പറയാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനമെടുക്കണം. വായ്പ നേരത്തെ മുടക്കിയവര്‍ക്ക് മൊറട്ടോറിയം ലഭിക്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. കൊവിഡ് സാഹചര്യത്തില്‍ അവരുടെ പ്രയാസം ഇരട്ടിയായി മാറിയിരിക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് മൊറട്ടോറിയമെന്നും, പലിശ ഒഴിവാക്കാനല്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. റിസര്‍വ് ബാങ്കിന് ബാങ്കുകള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ബാങ്കിംഗ് മേഖല രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വ്യാഴാഴ്ച വാദമുഖങ്ങള്‍ തുടരും.

Story Highlights Banks shouldn’t declare accounts as NPAs till further order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here