Advertisement

വീട്ടാനാവാത്ത കടങ്ങളുടെ 15 ദിവസങ്ങൾ

September 14, 2020
Google News 2 minutes Read

..

ഫായിസ് യൂസഫ് മൊകേരി/ അനുഭവക്കുറിപ്പ്

ബികോം ബിരുദധാരിയാണ് ലേഖകൻ

മറന്നിരിക്കുന്നു….

മൊബൈൽ ഫോൺ ഏട്ടന്റെ കാറിൽ നിന്ന് എടുക്കാൻ മറന്നു എന്നത് ചെക്കിൻ കൗണ്ടറിന് മുന്നിൽ എത്തിയപ്പോളാണ് തിരിച്ചറിഞ്ഞത്. തിടുക്കത്തിൽ എയർപോർട്ടിന് പുറത്തേക്ക് ഓടിയെങ്കിലും കാര്യം ഉണ്ടായില്ല. ഏട്ടൻ ഒരുപാട് ദൂരം കടന്നുപോയിരിക്കുന്നു. തിരിച്ചു വിളിക്കണമെങ്കിൽ എന്റെ ദുബായ് നമ്പർ എനിക്ക് കാണാതെ അറിയില്ല. ആരെ വിളിക്കും? എല്ലാ നമ്പറും മൊബൈലിൽ ഫീഡ് ആണ്.

നാളെ മാർച്ച് 22, നാട്ടിൽ ജനതാ കർഫ്യു. എങ്ങോട്ടെങ്കിലും നീങ്ങണമെങ്കിൽ മൊബൈൽ സഹായം നിർബന്ധം.
എന്ത് ചെയ്യും? ആരോട് പറയും? നാട്ടിൽ എത്തിയ ഉടനെ ഉമ്മാനെയും ഏട്ടന്മാരെയും വിളിക്കണം, അല്ലെങ്കിൽ അവർ പരിഭ്രാന്തരാവും.

ഒന്നും തിരിയാത്ത അവസ്ഥ. കൈയിൽ ഉണ്ടായിരുന്ന ട്രോളിയും ഒതുക്കി കൈയുറയും മാസ്‌കും ധരിച്ച് ദുബായ് എയർപോർട്ട് ടെർമിനൽ3യുടെ മുന്നിൽ നിസഹായനായി കുത്തിയിരുന്നു. എന്ത് ചെയ്യും? ഒരാൾ പോലും തിരിഞ്ഞു നോക്കാൻ ഇല്ല. അതിനിടയിലാണ് ഒരു കൈസഹായം പോലെ ഒരാൾ എന്നെ തൊട്ടുണർത്തിയത്.
‘എന്താണ് അനിയാ’?

ഞാൻ എങ്ങനെ അദ്ദേഹത്തിന് അനുജനായി എന്നറിയില്ല, എങ്കിലും ഒരു നെടുവീർപ്പോടെ എഴുന്നേറ്റു നിന്നു.
കാര്യങ്ങൾ ആ മനുഷ്യന് മുന്നിൽ വിശദീകരിച്ചു. എങ്ങനെ സഹായിക്കുമെന്ന് അറിയാതെ അയാളും വിഷമിച്ചു.
നീ നിന്റെ ദുബായ് നമ്പർ അറിയുന്നതും നിനക്ക് കാണാതെ അറിയുന്നതുമായ ഒരാളുടേ നാട്ടിലെ നമ്പർ പറയാൻ പറഞ്ഞു.

അങ്ങനെ ഒരാളെ ഉണ്ടായുള്ളൂ. അയാളെ വിളിച്ചു ഫോൺ എടുക്കുന്നുമില്ല. ഫേസ്ബുക്കിൽ കയറി പല കളിയും കളിച്ചു.
ഒരു രക്ഷയും ഇല്ല. എന്ത് ചെയ്യും?

പരിഭ്രാന്തിക്കിടയിൽ കൈയിൽ നിന്ന് ഇടറി വീണ പേഴ്‌സിൽ നിന്ന് ദുബായിലെ സിം കാർഡിന്റെ കവർ പുറത്തേക്ക് തള്ളി നിന്നു. അതിന്റെ പുറകിലായി അതാ കിടക്കുന്നു എന്റെ നമ്പർ. ആ മനുഷ്യൻ തന്നെ വിളിച്ചു തന്നു. ഏട്ടനോട് കാര്യം പറഞ്ഞു.

കൈകൂപ്പി ഞാൻ അദ്ദേഹത്തോട് നന്ദി അറിയിച്ചു. ഒരിക്കലും മറക്കില്ല നിങ്ങളെ ഞാൻ എന്ന ആലങ്കാരിക വാക്കും നൽകി.
എന്നെ മറക്കാതിരിക്കാൻ നിങ്ങൾ എന്റെ മുഖം പോലും കണ്ടില്ലല്ലോ എന്ന അദ്ദേഹത്തിന്റെ വാക്ക് എന്നെ അസ്വസ്ഥനാക്കി.

അതും പറഞ് മാസ്‌കിനിടയിലൂടെ കണ്ണുകൾ കൊണ്ട് ചിരിച്ച് ആ മനുഷ്യൻ നടന്നുപോയി. എന്താ ചേട്ടാ പേര്? പിറകിൽ നിന്നും ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.
‘ മനുഷ്യൻ’
ഞാനും ചിരിച്ചു.

ആ പേര് തന്നെയാണ് അദ്ദേഹത്തിന് നല്ലത്.
‘ മനുഷ്യൻ ‘
ആ അപരിചിതനിൽ തുടങ്ങിയതാണ് എന്റെ കഴിഞ്ഞ 15 ദിവസം. വീട്ടാനാവാത്ത കടങ്ങളുടെ 15 ദിവസം. എനിക്ക് വേണ്ടി മാത്രമല്ല നാടിന് കൂടി വേണ്ടിയാണ് എന്ന് കരുതി ഞാൻ സ്വയം ഏറ്റെടുത്ത എന്റെ തുറന്ന ജയിൽവാസം എന്നെ വലിയ കടക്കാരനാക്കി. വീട്ടാനാവാത്ത കടക്കാരൻ. ഈ സമയത്ത് പലരും നൽകിയ സ്‌നേഹസ്പർശങ്ങൾക്ക് പകരം നൽകാൻ ഒരു നൂറ്റാണ്ടിലും എനിക്ക് സാധ്യമല്ല.

ഒരു പട്ടാളച്ചിട്ടയെന്ന പോലെ സമയം തെറ്റാതെ എന്റെ വയർ നിറച്ചവർ. ഐആർപിസി നൽകിയ പൊതിച്ചോറിൽ പ്രദീപേട്ടൻ തുടങ്ങിയതാണ് ആ കരുതൽ. ആര് പാകം ചെയ്തു എന്നറിയാത്ത വിഭവങ്ങൾ. വീടിന് ചുറ്റുമുള്ള ബന്ധുക്കൾ. മുടങ്ങാതെ പ്രഭാത ഭക്ഷണവും കൊണ്ട് നടന്നുവരുന്ന ടിപി രാജേട്ടൻ. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൻ ചോർ. അഭിനവ് സി.കെ, രാഹുൽ പവിത്രൻ, അഭിലാഷ്, ഷിന്റു, വിജേഷ് വെള്ളങ്ങട്, അനീഫ് മൊകേരി, പ്രേമേട്ടൻ എന്നിവർ നൽകിയ സ്‌നേഹത്തിന്റെ കവർ പൊതികൾ.

ഇതിനിടയിൽ മാനസിക സംഘർഷങ്ങൾക്ക് പരിഹാരമെന്നോണം ദൂരെയാണെങ്കിലും മനസിന്റെ തൊട്ടരികിൽ വന്നിരുന്നവരും ഒരുപാടാണ്. മുടങ്ങാതെ വിളിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ അമ്മയുടെ മോൻ കഴിച്ചോ എന്ന ചോദ്യത്തിന് തന്നെ വല്ലാത്തൊരു അനുഭൂതിയാണ്. അതുപോലെ കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷബ്ന ഉമ്മയുടെ മുടങ്ങാതെയുള്ള ‘പൊട്ട’ എന്ന അഭിസംബോധനയിൽ തുടങ്ങുന്ന ഫോൺ കോളുകൾക്ക് വല്ലാത്തൊരു ഭംഗിയാണ്. കണ്ണൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ സാവിത്രിയേച്ചി. പിന്നെ ഫോൺ കോളിൽ വന്ന് സന്തോഷിപ്പിക്കുന്ന ഒരുപാടുപേർ. മെസഞ്ചറിൽ എല്ലാദിവസവും വിവരങ്ങൾ തുറക്കുന്നവർ. അങ്ങനെയുള്ള എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

നിങ്ങൾക്കൊന്നും പകരം തരാനില്ല. നിങ്ങളൊക്കെ നൽകിയത് പകരം നൽകാനാവാത്ത കരുതലുകൾ ആയിരുന്നു.
ഞാൻ വീട്ടാനാവാത്ത കടങ്ങളുടെ കടക്കാരനുമായി.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Veetanavatha kadangalude 15 divasangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here