സ്വര്‍ണക്കടത്ത് വിവാദം: സര്‍ക്കാരിനെതിരെയുള്ള ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഇടതുമുന്നണി

സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ഇടതുമുന്നണി തീരുമാനം. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യം തള്ളി പ്രതിരോധം തീര്‍ക്കാനും ഇടതുമുന്നണി, സിപിഐഎം നേതൃയോഗങ്ങള്‍ തീരുമാനിച്ചു.
ഒറ്റക്കെട്ടായി വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും നേരിടാനാണ് ഇടതുമുന്നണി യോഗം തീരുമാനിച്ചത്. പ്രതിരോധത്തിലേക്ക് പോകേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ പ്രത്യാക്രമണമാണ് മറുപടി എന്ന് ഇടതുമുന്നണി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഏറ്റ പരാജയഭാരം മറക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്നും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും വരെ പല രൂപത്തില്‍ ഇത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു.
ശക്തമായ മറുപടി നല്‍കി മുന്നോട്ട് പോകണം എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ക്കെതിരെ 29ന് ജില്ലാകേന്ദ്രങ്ങളില്‍ അക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. യുഡിഎഫും ബിജെപിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സിപിഐഎമ്മിനെ ശത്രുവായി കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി- ലീഗ് സഖ്യമുണ്ടാകുമെന്നു കോടിയേരി പറഞ്ഞു.
ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതം മാത്രമാണ്. ജലീലിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.അങ്ങനെ വരുമ്പോള്‍ ധാര്‍മികതയുടെ വിഷയം ആലോചിക്കാം എന്നാണ് സിപിഐഎം തീരുമാനം. സ്വപ്നയ്‌ക്കൊപ്പം ഇ. പി. ജയരാജന്‍ മകന്‍ നില്‍ക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം, തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും മന്ത്രി കെ.ടി.ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തെറ്റ് ചെയ്യാത്തതിനാലാണ് കൂസാതെ മുന്നോട്ട് പോകാനാവുന്നത്. തന്നെ എന്‍ഐഎ വിളിച്ചത് സാക്ഷിക്കുള്ള നോട്ടീസ് നല്‍കിയാണ്. എന്നാല്‍ തൂക്കിലേറ്റും മുമ്പ് വിളിച്ചെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. നോട്ടീസിന്റെ പകര്‍പ്പ് വന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
Story Highlights – Gold smuggling controversy