ടിക്ക്ടോക്കിന്റെ അഭാവത്തിൽ വിപണി പിടിച്ച് ചിംഗാരി; മൂന്ന് മാസത്തിനിടെ മൂന്ന് കോടി ഡൗൺലോഡ്

ടിക്ക്‌ടോക്ക് നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ ജനപ്രീതി നേടിയ ഷോർട്ട് വിഡിയോ മേക്കിംഗ് ആപ്പായ ചിംഗാരി മൂന്നു കോടി ഡൗൺലോഡുകൾ പിന്നിട്ടെന്ന് ആപ്പ് സഹ സ്ഥാപകൻ സുമിത് ഘോഷ്. ടിക്ക്ടോക്ക് നിരോധിച്ച് 24 മണിക്കൂറിനുള്ളിൽ ചിംഗാരി 35 ലക്ഷം ഡൗൺലോഡുകൾ പിന്നിട്ടിരുന്നു.
“ഞങ്ങൾ ഒരുക്കിയിരിക്കുന്ന അത്യാധുനിക സേവനങ്ങളാണ് ചിംഗാരിയുടെ വളർച്ചയ്ക്ക് കാരണം. വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിഷ്വല്‍ എഫക്ടസിനും മറ്റും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓഗ്മെൻ്റഡ് റിയാലിറ്റി പോലുള്ള ഫിൽട്ടറുകളും ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.”- സുമിത് ഘോഷ് പറഞ്ഞു.
ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ടിക്ക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ നിരോധനങ്ങളിൽ ആദ്യ ഘട്ടത്തിലാണ് ടിക്ക്‌ടോക്ക് നിരോധിച്ചത്.
ലോകത്തെ ടിക്ക്ടോക്ക് ഉപഭോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലായിരുന്നു. ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്ടോക്ക്.
Story Highlights – Chingari app gains more than 3 crore downloads in 3 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here