ടൈം മാനേജ്‌മെന്റ്; ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കുട്ടികളുടെ പഠനം മുന്‍പോട്ടുപോകേണ്ടതുണ്ട്. വെര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ ഇതിനായി കുട്ടികളുടെ സഹായത്തിനായുണ്ട്. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ ടൈം മാനേജ്‌മെന്റ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ ഏറെ നേരം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നതില്‍ മാതാപിതാക്കള്‍ വേവലാതിപ്പെടാറുണ്ട്.
ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും പോലും കുട്ടികള്‍ താത്പര്യപ്പെടുന്നില്ലെന്നതാണ് പരാതികളില്‍ ഏറെയും. എന്നാല്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ച് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നുവെന്ന പരാതി ഒഴിവാക്കാം. ഈ സാഹചര്യത്തിലാണ് കുട്ടികളും മാതാപിതാക്കളും സമയത്തെ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്ന് ശ്രദ്ധിക്കേണ്ടത്.
ടൈംടേബിള്‍ തയാറാക്കുക
ടൈംടേബിള്‍ തയാറാക്കുന്നതിന് മുന്‍പായി നിങ്ങള്‍ ഓരോ കാര്യങ്ങള്‍ക്കായി എത്രത്തോളം സമയം ചെലവഴിക്കുന്നുണ്ടെന്നത് പരിശോധിക്കണം. എന്ത് കാര്യത്തിനായാണ് കൂടുതല്‍ സമയം ചെലവാക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഉറങ്ങുന്നത്, വിഡിയോകള്‍ കാണുന്നത്, ഗെയിമുകള്‍ക്ക് എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന സമയത്തെക്കുറിച്ച് മനസിലാക്കണം. ഇത് മനസിലാക്കി കഴിഞ്ഞാല്‍ വെറുതെ കളയുന്ന സമയം മനസിലാക്കി പഠനത്തിനായി ചെലവഴിക്കാം. ഇതിനായാണ് ടൈംടേബിള്‍ നിങ്ങളെ സഹായിക്കുക. വിനോദങ്ങള്‍ക്കും പഠനത്തിനും ഉറക്കത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃത്യമായി സമയം നിശ്ചയിച്ച് ടൈംടേബിള്‍ തയാറാക്കാം.
ലക്ഷ്യങ്ങള്‍ തയാറാക്കുക
സ്റ്റഡി ഷെഡ്യൂളില്‍ അടുത്തതായി ശ്രദ്ധിക്കേണ്ടത് ലക്ഷ്യങ്ങള്‍ തയാറാക്കുകയെന്നതാണ്. ഗെയിമില്‍ മികച്ച ഹൈ സ്‌കോര്‍ നേടിക്കഴിഞ്ഞാല്‍ അതിനെ തകര്‍ത്ത് വീണ്ടും ഉയര്‍ന്ന സ്‌കോര്‍ നേടുന്നതിനായി ശ്രമിക്കാറില്ലേ. ഇതേ രീതിതന്നെ പഠനത്തിന്റെ കാര്യത്തിലും ഉപയോഗിക്കാം.
വെര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ ഒരെസമയം കുട്ടികളെ സംശയങ്ങള്‍ ഇല്ലാത്തവരാക്കും. ക്ലാസ്‌റൂമില്‍ ടീച്ചറോട് ചോദ്യങ്ങള്‍ ചോദിച്ച് പഠിക്കുന്ന രീതി പലപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളില്‍ സാധ്യമായെന്ന് വരില്ല. ഇത് കുട്ടികള്‍ക്ക് വിഷയങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. അതിനാലാണ് ലക്ഷ്യങ്ങള്‍ തയാറാക്കേണ്ടത്. ക്ലാസ് മുഴുവനായി മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം പാഠത്തിലെ മൂന്നോ നാലോ ടോപ്പിക്‌സ് പഠിക്കാനും റിവൈസ് ചെയ്യാനും ആദ്യം ശ്രമിക്കാം. ഗെയിമിംഗിലേതുപോലെ പടിപടിയായി ടോപ്പിക്കുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുവരാം. അതോടൊപ്പം ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു സമയവും നിശ്ചയിക്കണം. ഇത് പെട്ടെന്ന് പഠിക്കുന്നതിനുള്ള മത്സരബുദ്ധി ഉണ്ടാക്കാന്‍ സഹായിക്കും.
ഇടവേളകള്‍ എടുക്കുക
പഠനത്തിനിടയില്‍ ഇടവേളകള്‍ എടുക്കണം. വെര്‍ച്വല്‍ ക്ലാസുകളില്‍ ഈ ഇടവേളകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. സ്‌ക്രീനിനുമുന്നില്‍ മണിക്കൂറുകള്‍ ഇരിക്കുന്നത് ക്ഷീണത്തിലേക്ക് നയിക്കും. പഠനത്തിനിടയില്‍ ചെറിയ ഇടവേളകളാണ് എടുക്കേണ്ടത്. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് അല്‍പസമയം നടക്കുകയോ മറ്റോ ആവാം.
ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യരുത്
ഒന്നിലധികം കാര്യങ്ങള്‍ ഒരെ സമയം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. പഠനത്തിന്റെ സമയത്ത് അതില്‍ മാത്രം ശ്രദ്ധ നല്‍കുക. അത് ലൈവ് ക്ലാസിലാണെങ്കിലും റെക്കോര്‍ഡ് ചെയ്ത ക്ലാസിലാണെങ്കിലും. ഓണ്‍ലൈന്‍ ക്ലാസ് നടക്കുമ്പോള്‍ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് പോകാതിരിക്കാന്‍ നോട്ടുകള്‍ തയാറാക്കാം. ഈ സമയത്ത് സംശയം വരുന്ന ഭാഗങ്ങള്‍ എഴുതിവച്ച് സംശയം ചോദിക്കാം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടയില്‍ സോഷ്യല്‍മീഡിയാ പേജുകളിലേക്കോ ടെലിവിഷന്‍ കാണാനോ പോകരുത്. പഠനസമയത്ത് പഠനത്തില്‍ മാത്രം ശ്രദ്ധിക്കുക.
ഇങ്ങനെ കുട്ടികള്‍ക്കായി ഒരു കൃത്യതയാര്‍ന്ന ടൈംടേബിള്‍ തയാറാക്കുന്നതിന് മാതാപിതാക്കള്‍ക്ക് സഹായിക്കാം. കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ടൈംടേബിള്‍ തയാറാക്കുന്നതാകും ഉചിതം.
Story Highlights – tips and tricks to make online learning easier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here