കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ശൈത്യകാലത്ത് ഉത്തരേന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുമെന്ന് നീതി ആയോഗ് അംഗം വി. കെ. പോള്‍ പറഞ്ഞു.

രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.

അതേസമയം വരാനിരിക്കുന്ന അടുത്ത മൂന്ന് മാസം ഉത്തരേന്ത്യയില്‍ നിര്‍ണായകമാണെന്ന് നീതി ആയോഗ് അംഗം വി. കെ. പോള്‍ പറഞ്ഞു.ആഘോഷങ്ങളും ശൈത്യവും വെല്ലുവിളി നിറഞ്ഞതാകും. ശൈത്യത്തില്‍ ശ്വസന പ്രശ്‌നങ്ങള്‍ കൂടുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്നും വി.കെ. പോള്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്ക് തിരക്ക് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 18,390 ഉം , ആന്ധ്രപ്രദേശില്‍ 7,553 ഉം, കര്‍ണാടകയില്‍ 6974 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Story Highlights PM Modi Covid review meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top