ഇന്നത്തെ പ്രധാന വാർത്തകൾ (24-09-2020)
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.
പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ശിവശങ്കർ എൻഐഎ ഓഫീസിൽ; സ്വപ്‌നയ്‌ക്കൊപ്പം ചോദ്യം ചെയ്യും
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎയുടെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ഏജൻസി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ഒപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. എൻഐഎയുടെ കസ്റ്റഡിയിലാണ് സ്വപ്‌ന ഇപ്പോൾ.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു ; മരണസംഖ്യ 91,000വും കടന്നു
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : അന്വേഷണം സിബിഐക്ക് കൈമാറി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സർക്കാർ വിജ്ഞാപനമിറങ്ങിയത്.
പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സൗജന്യമായി
പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സൗജന്യമായി. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിർമ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്.
റാഫാൽ ഇടപാട്: ഫ്രഞ്ച് കമ്പനികളെ വിമർശിച്ച് സിഎജി റിപ്പോർട്ട്
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനികളെ വിമർശിച്ച് സിഎജി റിപ്പോർട്ട്. ഡസോൾട്ട്, എംബിഡിഎ കമ്പനികൾക്കാണ് സിഎജി വിമർശനം. ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലാണ് വിമർശനം. മാനേജ്‌മെന്റ് ഓഫ് ഡിഫൻസ് ഓഫ്‌സെറ്റ് എന്നാണ് സിഎജി റിപ്പോർട്ടിന്റെ തലകെട്ട്. 24 എക്‌സ്‌ക്ലൂസിവ്.
Story Highlights – todays news headlines September 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here