Advertisement

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമാക്കി മാറ്റും

September 28, 2020
Google News 1 minute Read
kanhangad district hospital

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്ന് മുതല്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാഹിത നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. കൊവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആവശ്യാനുസൃതമായ ക്രമീകരണങ്ങള്‍ എല്ലാ തലത്തിലും ഒരുക്കുന്നുണ്ട്. കൊവിഡ് സെക്കന്‍ഡറി കെയര്‍ സെന്ററുകളില്‍ ബി കാറ്റഗറിയില്‍പ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഇതിന്റെ ഭാഗമായി നിലവിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന നടപടികളിലേക്ക് കടന്നു. ഇവ സെക്കന്ററി കെയര്‍ സെന്ററുകളാക്കുകയും രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ഇവിടെ ചികിത്സയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് രോഗലക്ഷണമില്ലാത്ത കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും ഗൃഹചികിത്സ നിര്‍ദേശിക്കും. ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുംബാംഗങ്ങളെ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റിംഗിന് വിധേയമാക്കുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, ആശുപത്രിയില്‍ നിന്നും രോഗലക്ഷണങ്ങള്‍ ശമിച്ച് തിരികെയെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുള്ളത്. നമുക്കാര്‍ക്കും പരിചിതമല്ലാത്ത സാഹചര്യമാണിത്. ഇതിനെ മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കേണ്ടിവരും.

എല്ലാവരും ഒത്തൊരുമിച്ചാണ് ഇതിനെ നേരിടേണ്ടത്. തുടക്കം മുതല്‍ സര്‍ക്കാര്‍ ആ നിലപാടാണ് സ്വീകരിച്ചത്. ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നിലുള്ളത്. അതിനെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കാന്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights kanhangad District Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here