വിദേശത്ത് നിന്ന് എത്ര പവൻ സ്വർണം ഡ്യൂട്ടി നൽകാതെ കൊണ്ടുവരാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [24 Explainer]

gold importing india rules 24 explainer

സ്വർണക്കടത്ത് വാർത്തകളിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഇത്തിരി സ്വർണം കയ്യിൽ വച്ചാൽ അത് അനുവദനീയമായ അളവിൽ കൂടുമോ എന്ന ആശങ്ക നമ്മെ അലട്ടും. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കണം, എത്രയാണ് കയ്യിൽ വയ്ക്കാവുന്ന സ്വർണത്തിന്റെ അളവ് ? അനുവദീയമായ അളവിൽ കൂടുതൽ സ്വർണം കയ്യിലുണ്ടെങ്കിൽ എന്ത് ചെയ്യണം ?

എത്ര പവൻ സ്വർണം കൈയിൽ കരുതാം ?

വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന സ്ത്രീക്കും, പുരുഷനും കുട്ടികൾക്കും ഒരു നിശ്ചിത അളവിൽ സ്വർണം കരുതാം. പുരുഷന്മാർക്ക് രണ്ട് പവന്റെ സ്വർണാഭരണങ്ങൾ കൊണ്ടുവരാം. സ്ത്രീകൾക്ക് നാല് പവന്റെ സ്വർണാഭരണങ്ങൾ കൊണ്ടുവരാം. കുട്ടികൾക്കും സ്വർണാഭരണങ്ങൾ ധരിച്ച് വരാം. ആൺകുട്ടിയാണെങ്കിൽ രണ്ട് പവനും പെൺകുട്ടികളാണെങ്കിൽ നാല് പവനും കയ്യിൽ കരുതാം. ഈ പറഞ്ഞ അളവിലുള്ള സ്വർണം ഡ്യൂട്ടിയൊന്നും അടയ്ക്കാതെ സൗജന്യമായി തന്നെ രാജ്യത്ത് എത്തിക്കാം.

സ്വർണ ബിസ്‌കറ്റ്/ സ്വർണ കോയിൻ കൊണ്ടുവരാമോ ?

സ്വർണമെന്നുമൊരു നിക്ഷേപമായതുകൊണ്ട് പലപ്പോഴും പണിക്കൂലിയെല്ലാം നൽകി ആഭരണമാക്കുന്നതിന് പകരം ഗോൾഡ് കോയിനോ, ബിസ്‌കറ്റ് രൂപത്തിലോ നാം സ്വർണം വാങ്ങാറുണ്ട്. എന്നാൽ ഇത്തരം സ്വർണക്കോയിനുകളും, സ്വർണ ബിസ്‌കറ്റുകളും വിദേശത്ത് നിന്ന് വിമാനത്താവളം വഴി ഇന്ത്യയിൽ സൗജന്യമായി എത്തിക്കാൻ സാധിക്കില്ല. കൃത്യമായി ഡ്യൂട്ടി അടച്ചാൽ ഇവ നമുക്ക് വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാം.

സ്വർണ കോയിന്റെയും, ബിസ്‌ക്കറ്റിന്റെയും കാര്യം മാത്രമല്ല, അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം കയ്യിലുണ്ടെങ്കിൽ ഡ്യൂട്ടി അടച്ച് നമുക്ക് സ്വർണം വീട്ടിലേക്ക് കൊണ്ടുപോകാം. എന്നാൽ എങ്ങനെയാണ് ഡ്യൂട്ടി അടയ്‌ക്കേണ്ടത് ?

ഡ്യൂട്ടി അടയ്‌ക്കേണ്ടതെങ്ങനെ ?

ആദ്യ ഘട്ടം സ്വർണം ഡിക്ലെയർ ചെയ്യുക എന്നതാണ്. എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസ് കൗണ്ടറുണ്ടാകും. വിദേശത്തേക്ക് പോയ തിയതി, വിദേശത്ത് നിന്ന് വന്ന തിയതി, കയ്യിലുള്ള സ്വർണത്തിന്റെ തൂക്കം എന്നിവ ഈ കൗണ്ടറിലെത്തി കസ്റ്റംസ് അധികൃതരോട് പറയണം. ഒരു ഗ്രാമിന് നിശ്ചിത ശതമാനം ഡ്യൂട്ടി എന്ന നിലയിലാണ് സ്വർണത്തിനുള്ള ഡ്യൂട്ടി അടയ്‌ക്കേണ്ടത്. ഇത് കണക്കുകൂട്ടിക്കൊണ്ടുള്ള ബാഗേജ് റെസീപ്റ്റ് എഴുതും.

ഈ റെസീപ്റ്റുമായി കസ്റ്റംസ് കൗണ്ടറിനോട് ചേർന്നുള്ള എസിബിഐ ബാങ്കിൽ പോയി പണം അടയ്ക്കാം. വിദേശ കറൻസിയിലാണ് പണം അടയ്‌ക്കേണ്ടത്. ഏത് വിദേശ കറൻസിയിൽ വേണമെങ്കിൽ പണം അടയ്ക്കാം. എന്നാൽ കയ്യിൽ വിദേശ കറൻസി ഇല്ലെങ്കിൽ എന്ത് ചെയ്യും ?

വിദേശ കറൻസി ഇല്ലെങ്കിൽ ?

വിമാനത്താവളത്തിനകത്ത് തന്നെ മണി എക്‌സ്‌ചേഞ്ച് ഏജൻസികളുണ്ടാകും. അവിടെ പോയി ഇന്ത്യൻ രൂപ നൽകി വിദേശ കറൻസിയിലേക്ക് മാറ്റാം. ശേഷം ഈ തുക എസ്ബിഐയിൽ നൽകി ഡ്യൂട്ടി അടച്ച് സ്വർണം സ്വന്തമാക്കാം.

കസ്റ്റംസ് എങ്ങനെയാണ് സ്വർണക്കടത്തുകാരെ കണ്ടെത്തുന്നത് ?

ഇത്രയൊക്കെ ക്രമീകരണങ്ങളുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്ന് ചിലർ അധിക അളവിൽ സ്വർണം കടത്താൻ ശ്രമിക്കും. മിക്‌സി മോട്ടറിനകത്ത് വച്ചും, അടിവസ്ത്രത്തിൽ ഒളിപ്പിച്ചുമെല്ലാം സ്വർണം കടത്തുന്നത് നാം വാർത്തകളിൽ വായിച്ചറിയാറുണ്ട്…എത്ര വിദഗ്ധമായി ഒളിപ്പിച്ചാലും കസ്റ്റംസിന്റെ പിടി വീഴും. അതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ ?

സ്വർണക്കടത്ത് അടക്കമുള്ള വിവരങ്ങൾ നൽകാൻ കസ്റ്റംസിന് ഇൻഫോമേഴ്‌സ് ഉണ്ട്. ഏത് ദിവസം, ഏത് വിമാനത്തിൽ, ആര്, എങ്ങനെ സ്വർണം കടത്തുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് ഇൻഫോമേഴ്‌സ് നൽകുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തുകാരെ പിടികൂടും.

മറ്റൊരു രീതി സ്‌കാനിംഗാണ്. സ്വർണം ലോഹരൂപത്തിൽ തന്നെയാണ് വരുന്നതെങ്കിൽ ബാഗ് സ്‌കാനിംഗിനിടയിൽ കണ്ടെത്താൻ സാധിക്കും. എക്‌സറേ രൂപത്തിലായിരിക്കും ബാഗിലെ വസ്തുക്കൾ കാണുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക രീതിയിൽ സ്വർണം ബാഗിനകത്ത് കാണപ്പെടും. അത് എളുപത്തിൽ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥന് തിരിച്ചറിയാൻ സാധിക്കും.

മറ്റൊന്ന് സംശയം തോന്നുന്ന വ്യക്തിയുടെ യാത്ര ചരിത്രം പരിശോധിക്കുക എന്നതാണ്. ഇടയ്ക്കിടെ വിദേശയാത്ര നടത്തുന്ന വ്യക്തിയാണെങ്കിൽ സ്വർണക്കടത്ത് സംഘത്തിലെ അംഗമാകാനുള്ള സാധ്യത കൂടുതലാണ്.

പിന്നീട് ദേഹ പരിശോധന നടത്തും. ഇതിന് ആ വ്യക്തിയുടെ കൂടി സമ്മതം ആവശ്യമാണ്. ഒരു ഗസറ്റഡ് ഓഫിസറുടെ മുൻപിൽ വച്ചായിരിക്കും ദേഹപരിശോധന. ഈ ഘട്ടത്തിലാണ് ദേഹത്തൊളിപ്പിച്ച സ്വർണം കണ്ടെത്തുന്നത്. ഇതൊന്നും കൂടാതെ ശരീരത്തിനകത്ത് സ്വർണം ഒളിപ്പിക്കുന്നവരുണ്ട്. ഇവരുടെ ബാ?ഗ് പരിശോധിച്ചാലും, ദേഹം പരിശോധിച്ചാലും സ്വർണം ലഭിക്കില്ല. ശരീരത്തിനകത്തായിരിക്കും സ്വർണം.
അവരെ പിടികൂടാനും ഉദ്യോ?ഗസ്ഥരുടെ പക്കൽ വിദ്യകളുണ്ട്. ശരീരത്തിനകത്ത് സ്വർണം സൂക്ഷിച്ചവർ യാത്രാ മധ്യേ ഭക്ഷണമൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യില്ല. ഇവരുടെ കണ്ണ് ചുവന്നിട്ടുണ്ടാകും, വായ, ചുണ്ട് എന്നിവയെല്ലാം വരണ്ടിരിക്കും.

ഇൻഫോമർ നൽകിയ വിവരമനുസരിച്ച് ഇത്തരത്തിൽ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തി വന്നാൽ അവരെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി എക്‌സറേയ്ക്ക് വിധേയമാക്കും. ശരീരത്തിനകത്ത് സ്വർണമുണ്ടെങ്കിൽ എക്‌സറേയിലത് കൃത്യമായി കാണാൻ സാധിക്കും. എക്‌സറേ എടുത്ത ശേഷം സ്വർണം കടത്തിയ വ്യക്തിയെ തന്നെ എക്‌സറേ കാണിക്കുകയും ശരീരത്തിനകത്ത് നിന്ന് സ്വർണം എടുത്ത് തരാൻ ആവശ്യപ്പെടുകയും ചെയ്യും.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?

സ്വർണം തിരിച്ചുകൊണ്ടുവരണം എന്ന് ഉദ്ദേശമുണ്ടെങ്കിൽ കസ്റ്റംസ് കൗണ്ടറിൽ പോയി സ്വർണം ഡിക്ലെയർ ചെയ്യണം. ഇതിനായി സ്വർണത്തിന്റെ തൂക്കം, മൂല്യം എന്നിവ വേണം. ഒപ്പം പ്യൂരിറ്റി പരിശോധിക്കുന്ന വ്യക്തികൾ സ്വർണത്തിന്റെ കാരറ്റും പരിശോധിക്കും. തുടർന്ന് അവിടെ നിന്ന് എക്‌സ്‌പോർട്ട് സർട്ടിഫിക്കേറ്റ് വാങ്ങണം.

ഈ പ്രക്രിയ അൽപ്പം സമയമെടുക്കുമെന്നതുകൊണ്ട് വിദേശത്തേക്ക് പോകുന്നതിന് തലേ ദിവസം തന്നെ വന്ന് ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതായിരിക്കും നല്ലത്. പോകുന്ന ദിവസം ഈ എക്‌സ്‌പോർട്ട് സർട്ടിഫിക്കേറ്റ് കയ്യിൽ വച്ചാൽ മതി. തിരിച്ച് വരുമ്പോഴും ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. ഇവിടെ നിന്ന് കൊണ്ടുപോയതുകൊണ്ട് തിരികെ വരുമ്പോൾ ഡ്യൂട്ടി അടയ്‌ക്കേണ്ടതില്ല.

അതേസമയം, അവിടെ കൊണ്ടുപോയി വിൽക്കാൻ ആണെങ്കിൽ, നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമുള്ള അതേ അളവ് സ്വർണം വിദേശത്തേക്ക് കൊണ്ടുപോകാനും അനുവാദമുണ്ട്. ഒരു ശരാശരി അളവിൽ കൂടുതൽ സ്വർണം നമ്മുടെ കൈവശം ഉള്ളതായി കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ ചോദ്യങ്ങൾ ചോദിക്കും, നിങ്ങൾ ഉത്തരം നൽകേണ്ടിയും വരും. ചില അവസരങ്ങളിൽ എക്‌സ്‌പോർട്ട് ലൈസൻസ് അടക്കം ചോദിക്കാം. അതുകൊണ്ട് ആവശ്യമുള്ളത് മാത്രം കയ്യിൽ കരുതുക.

സ്വർണം പോലെ തന്നെ ഡ്യൂട്ടി അടയ്‌ക്കേണ്ട മറ്റൊരു വസ്തു

സ്വർണം പോലെ തന്നെ ഡ്യൂട്ടി അടയ്‌ക്കേണ്ട ഒരു വസ്തു കൂടിയുണ്ട്. ടെലിവിഷൻ. വിദേശത്ത് നിന്ന് ടെലിവിഷൻ ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ, എത്ര ചെറിയ ടിവി ആണെങ്കിൽ പോലും ഡ്യൂട്ടി അടയ്ക്കണം. ടിവിയുടെ വലുപ്പം, ബ്രാൻഡ് എന്നിവയനുസരിച്ചുള്ള ഹോൾ സെയിൽ വില കണക്കാക്കി, അതിന്റെ നിശ്ചിത ശതമാനമായിരിക്കും ഡ്യൂട്ടി. സ്വർണം പോലെ ടി.വിയുടെ ഡ്യൂട്ടിക്ക് വിദേശ കറൻസി നൽകേണ്ട. ഇന്ത്യൻ കറൻസിയിൽ എസ്ബിഐൽ പോയി ഡ്യൂട്ടി അടച്ചാൽ മതി.

Story Highlights gold , airport , 24 explainer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top