Advertisement

ബട്‌ലറുടെ ഒറ്റയാൾ പോരാട്ടം പാഴായി; മുംബൈക്ക് തുടർച്ചയായ മൂന്നാം ജയം

October 6, 2020
Google News 2 minutes Read
mi won rr ipl

രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം. 57 റൺസിനാണ് നിലവിലെ ചാമ്പ്യന്മാർ രാജസ്ഥാനെ തകർത്തത്. മുംബൈയുടെ തുടർച്ചയായ മൂന്നാം ജയവും രാജസ്ഥാൻ്റെ തുടർച്ചയായ മൂന്നാം പരാജയവും ആണിത്. 70 റൺസെടുത്ത ജോസ് ബട്‌ലർ മാത്രമാണ് രാജസ്ഥാനു വേണ്ടി തിളങ്ങിയത്. മുംബൈക്കായി പന്തെറിഞ്ഞവരിൽ കൃണാൽ പാണ്ഡ്യ ഒഴികെ മറ്റെല്ലാ ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടം നേടി. ജസ്പ്രീത് ബുംറ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 20: മുംബൈ ബാറ്റ് ചെയ്യും; രാജസ്ഥാനിൽ കാർത്തിക് ത്യാഗിക്ക് അരങ്ങേറ്റം

194 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ, ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിലും മുംബൈ ഇന്ത്യൻസിന് വെല്ലുവിളി ഉയർത്തിയതേയില്ല. ആദ്യ ഓവറിൽ തന്നെ അവർക്ക് വിക്കറ്റ് നഷ്ടമായി. ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ ക്വിൻ്റൺ ഡികോക്കിനു പിടികൊടുത്ത് മടങ്ങുമ്പോൾ യശസ്വി ജയ്സ്വാൾ അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നില്ല. സ്കോർ ബോർഡ് ചലിക്കുന്നതിനു മുൻപ് തന്നെ ആദ്യ വിക്കറ്റ് നഷ്ടം. രണ്ടാം ഓവറിൽ സ്മിത്തും (6) പുറത്തായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തായതിനു സമാനമായ രീതിയിലാണ് രാജസ്ഥാൻ ക്യാപ്റ്റൻ കീഴടങ്ങിയത്. ബുംറക്കെതിരെ ഒരു കൂറ്റൻ ഷോട്ടിനു ശ്രമിച്ച സ്മിത്തിനെ ക്വിൻ്റൺ ഡികോക്ക് പിടികൂടി. സഞ്ജുവും (0) മോശം ഷോട്ട് കളിച്ച് പുറത്താവുന്ന രീതി തുടർന്നു. ബോൾട്ടിനു രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. മലയാളി താരത്തെ രോഹിത് ശർമ്മ പിടികൂടുകയായിരുന്നു.

Read Also : സൂര്യകുമാറിനു ഫിഫ്റ്റി; രാജസ്ഥാന് 194 റൺസ് വിജയലക്ഷ്യം

കൃത്യമായ ഇടവേളകളിൽ രാജസ്ഥാന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. മഹിപാൽ ലോംറോർ (11) രാഹുൽ ചഹാറിൻ്റെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലിറങ്ങിയ അനുകുൾ റോയിയുടെ ഒരു ഗംഭീര ക്യാച്ചിൽ മടങ്ങി. ഒരു വശത്ത് വിക്കറ്റ് വീഴ്ച തുടരുമ്പോഴും ഒറ്റക്ക് പൊരുതിയ ജോസ് ബട്‌ലർ ഇതിനിടെ 34 പന്തുകളിൽ അർധസെഞ്ചുറി തികച്ചു. അഞ്ചാം വിക്കറ്റിൽ ടോം കറനെ സാക്ഷിയാക്കി ജോസ് ബട്‌ലർ കത്തിക്കയറി. തുടർച്ചയായി കൂറ്റൻ ഷോട്ടുകൾ കളിച്ച ബട്‌ലർ ജെയിംസ് പാറ്റിൻസണു മുന്നിൽ കീഴടങ്ങുകയായിരുന്നു. പൊള്ളാർഡ് ആണ് ബട്‌ലറെ പിടികൂടിയത്. 44 പന്തുകളിൽ 4 ബൗണ്ടറിയും 5 സിക്സറും 70 റൺസെടുത്ത താരം അഞ്ചാം വിക്കറ്റിൽ ടോം കറനൊപ്പം 56 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. ബട്‌ലർ പുറത്തായതിനു പിന്നാലെ വീണ്ടും വിക്കറ്റുകൾ കടപുഴകാൻ തുടങ്ങി. ടോം കറൻ (15) പൊള്ളാർഡിൻ്റെ പന്തിൽ ഹർദ്ദിക്കിൻ്റെ കൈകളിൽ അവസാനിച്ചു. രാഹുൽ തെവാട്ടിയ (5), ശ്രേയാസ് ഗോപാൽ (1), ജോഫ്ര ആർച്ചർ (24) എന്നിവർ ബുംറക്ക് മുന്നിൽ കീഴടങ്ങി. തെവാട്ടിയ പ്ലെയ്ഡ് ഓൺ ആയപ്പോൾ ഗോപാലിനെ ഡികോക്കും ആർച്ചറെ പൊള്ളാർഡും പിടികൂടി. അവസാന വിക്കറ്റായ അങ്കിത് രാജ്പൂത് (2) ജെയിംസ് പാറ്റിൻസണിൻ്റെ പന്തിൽ രോഹിതിൻ്റെ കൈകളിൽ അവസാനിച്ചു.

Story Highlights Mumbai Indians won against Rajasthan Royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here