മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറെയും കൈയേറ്റം ചെയ്യാന്‍ ശ്രമം; സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് എതിരെ കേസ്

വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്ക് എതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് സമീപത്ത് വച്ചായിരുന്നു കൈയേറ്റശ്രമം നടന്നത്.
നിയമ വിരുദ്ധ സമാന്തര സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നഗരത്തില്‍ പരിശോധന ശക്തമാക്കിയത്. കഴക്കൂട്ടം ജംഗ്ഷനില്‍ നടന്ന പരിശോധനയിലാണ് സെക്രട്ടേറിയറ്റ് സര്‍വീസെന്നെ പേരില്‍ നിയവിരുദ്ധ സര്‍വീസ് നടത്തിയ ടെമ്പോ ട്രാവലര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്നത്.
വാഹനത്തെ പിന്‍തുടര്‍ന്ന സംഘം സെക്രട്ടേറിയറ്റിന് സമീപത്ത് വച്ച് രേഖകള്‍ ആവശ്യപ്പെടുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുള്‍പ്പടെയുള്ളവര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറെയും സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
സംഭവത്തില്‍ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ എ മേഴ്‌സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ നഗരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ നിയമ വിരുദ്ധ സമാന്തര സര്‍വീസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.
Story Highlights – ksrtc, motor vehicle department, secretariat officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here