Advertisement

അമ്മക്കടല്‍

October 17, 2020
Google News 1 minute Read

..

കവിത/നജീം മാന്നാര്‍

ഷാര്‍ജയില്‍ ഗ്രാഫിക് ഡിസൈനറാണ് ലേഖകന്‍

എനിക്ക് ഒരിക്കല്‍ കൂടി കടല്‍ കാണണം.
അലറി വരുന്ന തിരമാലകള്‍ കണ്ടിരിക്കണം.
ഞണ്ടുകള്‍ ഇഴയുന്നതും കാറ്റ് തലോടുന്നതും കാണണം.
അകലെ പൊട്ട് പോലെ സൂര്യന്‍ കടലാഴങ്ങളില്‍ മുങ്ങുന്നത് കാണണം.

ആ പഞ്ചാര മണലില്‍ മലര്‍ന്നു കിടക്കണം.
നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയ ആകാശം കാണണം.
വല്ലാതെ വേദനിക്കുന്നു കുടലിനെ കാര്‍ന്നു തിന്നുന്ന അര്‍ബുദം.
നിശയും നിലാവും വെയിലും വേനല്‍ കാറ്റും എല്ലാം ഇനി ഓര്മകളാവുകയാണ്.
ദയാ വധം കാത്തുള്ള ഈ കിടപ്പ് സഹിക്കാന്‍ വയ്യ.
പ്രണയത്തിന്റെ കുളിരും വിരഹത്തിന്റെ കണ്ണീരും ആ മണ്ണിലുണ്ട്.

കണ്ണീരിന്റെ ഉപ്പ് കടലില്‍ വീണു അലിഞ്ഞുപോയി.
മഹാ സമുദ്രമേ എത്രയോ പേരുടെ കണ്ണീരുപ്പ് വീണു നിന്റെ നെഞ്ച് നനഞ്ഞിട്ടുണ്ടാവും.
എല്ലാം ഏറ്റു വാങ്ങി കാറ്റിന്റെ കയ്യാല്‍ തലോടാന്‍ നിനക്കല്ലാതെ ആര്‍ക്കാണ് കഴിയുക.
അതെ നീയും ഒരമ്മയാണല്ലോ കടലമ്മ.
ചുളിവ് വീണ കവിള്‍ തടം ഇടക്കിടക്ക് നനച്ചൊരമ്മ എനിക്കും കൂട്ടിനുണ്ട്.
നിശബ്ദമായി ആ ‘അമ്മ ഒരുപാട് രാത്രികള്‍ കരഞ്ഞു തീര്‍ത്തിരിക്കുന്നു.
നേര്‍ച്ചകള്‍ കൊണ്ട് ശവകൂടീരങ്ങളിലെ പുണ്യാത്മാക്കളുടെ സൈ്വര്യം കെടുത്തിയിരിക്കുന്നു.
മകന്റെ അപഥ സഞ്ചാരത്തിന് അവരുടെ മുമ്പില്‍ കണ്ണീരു കൊണ്ട് തുലാഭാരം നടത്തിയിരിക്കുന്നു.

ഇനി വയ്യ ഇവിടെയീ ആശുപത്രി മുറിയില്‍ നിശ്വാസം നിലച്ചു യാത്രയാവണം.
അപ്പോഴും ‘അമ്മ ആര്‍ത്തലക്കും.
ഇട നെഞ്ച് പൊട്ടി നിലവിളിക്കും.
വിറയാര്‍ന്ന കൈകള്‍ കൊണ്ട് തലോടി ഉറക്കാന്‍ ഇനി അമ്മക്കീ മകന്‍ വേണ്ട.
ആപത് കാലത്തു ഉപകരിക്കാത്ത മകനെന്ന ദുഷ്പേര് ബാക്കിയാക്കി
കടന്നുപോകുമ്പോഴും ആ ‘അമ്മ ശപിക്കില്ല ഉറപ്പ്.

ചുറ്റും വെടിവട്ടം പറഞ്ഞിരുന്ന കൂട്ടുകാരില്ല.
പ്രാണനെപ്പോലെ എന്ന് പറഞ്ഞ പ്രണയിനിയും മറ്റൊരാളുടെ കാന്തയായി.
വിളമ്പി വെച്ച അത്താഴ പാത്രത്തില്‍ കണ്ണീരുപ്പ് നിറച്ചു കാത്തിരുന്ന ‘അമ്മ മാത്രം ബാക്കിയായി.
ഒന്നും കാണാന്‍ കാത്തുനില്‍ക്കാതെ അച്ഛന്‍ മുമ്പേ കടന്നുപോയി.

ആദ്യം അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങിവന്ന
എന്റെ കുഞ്ഞു പാദങ്ങളില്‍ തിരയിളക്കത്തിന്റെ നനവ് പടര്‍ത്തിയ
കടലേ നിന്നെ ഒരിക്കല്‍ കൂടി കാണണം.
പിന്നെ സുഹൃത് വലയത്തിന്റെ ഗരിമയില്‍
വെല്ലുവിളിച്ചു തിരകളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും
പുഞ്ചിരി തിരകളാല്‍ താലോടിയ കടലേ
നിന്റെ പുഞ്ചിരിതിരകളില്‍ ഒന്ന് കൂടി അലയണം.

പ്രണയം പങ്കു വെച്ച കടലോര മണലില്‍
കള്ളക്കണ്ണിന്റെ നോട്ടം പോലെ അലയടിച്ചു
പതിയെ പിന്‍വാങ്ങിയ പ്രണയ തിരകളില്‍ ഒന്ന് കൂടി…..വയ്യ..

അമ്മെ എന്റെ ശിരസ്സില്‍ കരതലം അമര്‍ത്തി ഒന്ന് തലോടൂ.
എല്ലാത്തിനെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചു
പക്ഷെ ഈ അര്‍ബുദം എന്നെ തോല്പിച്ചിരിക്കുന്നു.

മുടിയിഴകളിലൂടെ അമ്മയുടെ നനുത്ത വിരലുകള്‍ തലോടുന്നു.
കണ്ണുകളില്‍ തിരകള്‍ ഇളകുന്നു.
കടല്‍ എനിക്ക് കാണാം.
തിരകള്‍ക്ക് മീതെ ആരോ വിളിക്കുന്ന നാദം.
തിരകളെ വകഞ്ഞു മാറ്റി മുമ്പേ ഗമിക്കുന്ന ശബ്ദ വീചികളുടെ ഉറവിടം തേടി യാത്ര പോകുന്നു.

പഞ്ഞിക്കെട്ട് പോലെ കടലിനു മുകളിലൂടെ പോകുമ്പോള്‍
ആകാശത്തിന്റെ അതിരുകളില്‍
സൂര്യന്റെ അസ്തമയ ശോഭ പരക്കുകയാണ്.
അമ്മയുടെ കരങ്ങള്‍ അപ്പോഴും ശിരസ്സിനു മുകളിലൂടെ പതിയെ തലോടുകയാണ്.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights ammakkadal poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here