അമ്മ

..

ഡെഫ്രിന്‍ ജോസ്/ കഥ
സെയില്‍സ് എക്‌സിക്യൂട്ടീവാണ് ലേഖകന്‍
വളരെ വൈകിയാണയാള്‍ ഓഫീസില്‍ നിന്നും തിരിച്ചത്. ആകെയൊരു മോശം ദിവസമായിരുന്നു അത്. രാവിലെതന്നെ കാറിനു സ്റ്റാര്‍ട്ടാകാനൊരു മടി. ബസിനാണ് ഓഫീസില്‍ പോയത്. ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല, ബോസിന്റെ ശാസനകള്‍. ഓഫീസില്‍ നിന്നുമിറങ്ങുമ്പോള്‍ ഒരു മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ടായിരുന്നു. മഴയ്ക്കു മുന്നേ വീട്ടില്‍ എത്താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിറങ്ങി. ഈ വേനലില്‍ ഇങ്ങനെയൊരു മഴ അയാള്‍ പ്രതീക്ഷിച്ചു കാണില്ല.
വരുന്ന വഴിക്ക് ബസില്‍ വച്ചൊന്നു മയങ്ങിയപ്പോള്‍ ഒരിക്കല്‍ക്കൂടി മനസിനെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു സ്വപ്നം അയാളെത്തേടിയെത്തി; അമ്മ
വാതിലിനു പുറകില്‍ ഒളിച്ചിരിക്കുന്ന തന്നെ അമ്മ വിളിക്കുകയാണ്, വീട് മുഴുവന്‍ അന്വേഷിക്കുകയാണ്.
‘മോനെ എനിക്കറിയാം നീ എവിടെയാണെന്ന്, മര്യാദക്ക് പുറത്തു വന്നോളൂട്ടോ..’
താന്‍ വാതിലിനു പുറകിലിരുന്നു അടക്കിച്ചിരിക്കുന്നു. ഇല്ല അമ്മയ്‌ക്കെന്നെ കണ്ടുപിടിക്കാനാകില്ല. മനസിലോര്‍ക്കുന്നു.
‘സാര്‍, ഇറങ്ങുന്നില്ലേ..?? സ്റ്റോപ് എത്തി…’
കണ്ടക്ടര്‍ വിളിച്ചപ്പോഴാണയാള്‍ ഉണരുന്നത്. ബസില്‍ നിന്നിറങ്ങിയപ്പോഴും ആകാശം മൂടിക്കെട്ടി നില്‍ക്കുകയായിരുന്നു.
‘ഭാഗ്യം, മഴ പെയ്തില്ല..!’ അയാള്‍ ആശ്വസിച്ചു
റോഡിന്റെ ഓരം ചേര്‍ന്ന് അയാള്‍ വീട്ടിലേക്ക് നടന്നു. എന്താണിപ്പോ ഇങ്ങനെയൊരു സ്വപ്നം കാണാന്‍. വര്‍ഷങ്ങളായി അമ്മയെ പിരിഞ്ഞിട്ട്. ഭാര്യയുടെ നിര്‍ബന്ധപ്രകാരമാണ് അമ്മയെ നാട്ടിലുള്ള വൃദ്ധസദനത്തിലാക്കിയത്. നഗരത്തില്‍ വീടെടുത്തു താമസം തുടങ്ങിയപ്പോള്‍ അമ്മ നമുക്കൊരു ഭാരമാകും എന്നായിരുന്നു അവളുടെ പക്ഷം. അവളെ പിണക്കാതിരിക്കാന്‍ അമ്മയെ അവിടെ ചേര്‍ക്കേണ്ടി വന്നു. എല്ലാ മാസവും ഒരു നിശ്ചിത തുക അവിടേക്ക് അയക്കാറുമുണ്ട്. പിന്നെ എന്താണിങ്ങനെ…
സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെഞ്ചായം വാരിവിതറിക്കൊണ്ടിരുന്നു. ഓര്‍മ്മകള്‍ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തേക്ക് ഒരു പ്രളയമാഴുകി. നാട്ടില്‍ പറയത്തക്ക ബന്ധുക്കളാരുംതന്നെ ഉണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നതിലാല്‍ ബന്ധുക്കളാരുംതന്നെ ഞങ്ങളോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല. താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. പിന്നീടങ്ങോട്ട് തന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും അമ്മയുടെ അദ്ധ്വാനമായിരുന്നു. ആ അമ്മയ്ക്ക് ഒരു കുറവും ഉണ്ടാകില്ല എന്ന മിഥ്യാധാരണയിലാണ് മാസം തോറും നല്ലൊരു തുക അയാള്‍ വൃദ്ധസദനത്തിലേക്ക് അയച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഒരമ്മയ്ക്ക് വാര്‍ധക്യത്തില്‍ ഏറ്റവും സന്തോഷം നല്‍കുക തന്നെ മക്കളുടെ സാമീപ്യമാണെന്ന് അഭ്യസ്തവിദ്യന്‍ എന്നു സ്വയം കരുതിയിരുന്ന അയാളറിഞ്ഞിരുന്നില്ല.
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ശകാരിക്കാന്‍ തുടങ്ങി,
‘എവിടെയായിരുന്നു ഇത്രനേരം..? ഞാനെത്ര തവണ ഫോണില്‍ വിളിച്ചു..? മനുഷ്യന്റെ പാതി ജീവന്‍ പോയി..’
‘ഫോണ്‍ സൈലന്റില്‍ ആയിരുന്നെടി. നീ വിളിച്ചതറിഞ്ഞില്ല..’
വിയര്‍ത്തൊട്ടിയ ഷര്‍ട്ട് ഊരിക്കളഞ്ഞു അയാള്‍ കിടക്കയിലേക്ക് ചാഞ്ഞു.
‘എടി നാളെ നമുക്കൊന്നു നാട്ടില്‍ വരെ പോയാലോ..? അമ്മയെ ഒന്നു കണ്ടിട്ടു വരാം..’
കട്ടിലില്‍ മലര്‍ന്നുകിടന്നുകൊണ്ടയാള്‍ പറഞ്ഞു.
‘എന്തിനാ ഇപ്പൊ അമ്മയെ കാണുന്നെ..? ഒരു ദിവസത്തെ ജോലി കളയാനായിട്ട്. അവധി ദിവസം എന്നെങ്കിലും പോകാം. എന്തായാലും ഞാന്‍ വരുന്നില്ല. എനിക് ലീവെടുക്കാന്‍ വയ്യ.’
‘നീ വരുന്നില്ലെങ്കില്‍ വേണ്ട; ഞാന്‍ എന്തായാലും പോകും. നീയെനിക്ക് ഭക്ഷണം എടുത്തു വെക്ക്. ഞാനൊന്നു കുളിച്ചിട്ടു വരാം. നല്ല ക്ഷീണം. ഒന്നുറങ്ങണം…’
അയാള്‍ ദൃതിയില്‍ ബാത്‌റൂമിലേക്കു നടന്നു. കുളി കഴിഞ്ഞ്, ഭക്ഷണം കഴിച്ചു എന്നുവരുത്തി അയാള്‍ കിടക്കയിലേക്ക് ചാഞ്ഞു. അപ്പോഴേക്കും പുറത്തു മഴ ശക്തിപ്പെടാന്‍ ആരംഭിച്ചിരുന്നു. രാത്രികാലങ്ങളിലെ തോരാമഴയ്‌ക്കൊരു പ്രത്യേകതയുണ്ട്; അത് സന്തോഷത്തില്‍ ഇരിക്കുന്ന ഒരുവനെ കൂടുതല്‍ സന്തോഷവാനാക്കും, ദുഃഖിച്ചിരിക്കുന്ന ഒരുവനെ കൂടുതല്‍ ദുഃഖിതനാക്കും, ഉന്മാദിയായ ഒരുവനെ കൂടുതല്‍ ഉന്മത്തനാകും, പ്രണയത്തിലായിരുന്ന ഒരുവനെ കൂടുതല്‍ പ്രണയപരവശനാക്കും. ഓരോ മഴത്തുള്ളിയും കുറ്റബോധത്തിന്റെ ഒരായിരം കൂരമ്പുകളായി അയാളുടെ ഹൃദയത്തെ മുറിവേല്പിച്ചു.
‘നാളെ രാവിലെതന്നെ പുറപ്പെടണം, അമ്മയെ കാണണം. പറ്റിയാല്‍ ഒന്നുരണ്ടാഴ്ച ഇവിടെക്കൊണ്ടുവന്നു താമസിപ്പിക്കണം…’
സ്വയം മനസില്‍ തീരുമാനങ്ങളെടുത്തുകൊണ്ട് അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.
വെളുപ്പിനെ അഞ്ചുമണിക്ക് ലാന്‍ഡ്‌ഫോണ്‍ ശബ്ദിക്കുന്നത് കേട്ടാണ് അയാള്‍ ഉറക്കമുണര്‍ന്നത്. ഫോണിന്റെ അങ്ങേത്തലക്കല്‍ ഒരു പുരുഷശബ്ദമായിരുന്നു.
‘സാര്‍ ഞാന്‍ നാട്ടിലെ ഓള്‍ഡ് ഏജ് ഹോമില്‍ നിന്നാണ്, സാറിന്റെ അമ്മ ഇന്നലെ രാത്രി മരിച്ചു. മരണത്തിന് മുന്‍പേ സാറിനെ കാണണമെന്നുണ്ടായിരുന്നു. ഇന്നാലെ മുതല്‍ മൊബൈലില്‍ ട്രൈ ചെയ്യുകയായിരുന്നു, കിട്ടിയില്ല…’
നിമിഷങ്ങളോളം അയാള്‍ ഒരു ശിലപോലെ നിന്നു.
‘ആരാ…? ആരാ വിളിച്ചേ..? എന്താ ഇങ്ങനെ നില്‍ക്കുന്നെ..??’
കിടക്കയില്‍ നിന്നെഴുന്നേറ്റ് ഭാര്യ ചോദിച്ചു.
‘നാട്ടില്‍ നിന്നാണ്. അമ്മ മരിച്ചു..’
ശേഷം അയാളൊരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയാന്‍ തുടങ്ങി. വീട് മുഴുവന്‍ ആ ഏങ്ങലടികളില്‍ മൗനിയായി നിന്നു.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – amma story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here