നഷ്ട സ്വപ്‌നങ്ങള്‍

..

സജിത ടി./ കഥ

സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് ലേഖിക

ഹരീ …. ഹരീ …..

‘ടാ നിന്റെ ഫ്‌ളൈറ്റ് നിന്നെ കാത്ത് അവിടെ നില്‍ക്കൊന്നുല്യട്ടാ; ഇപ്പോ എണീറ്റാലേ ശരിയാകൂ. എന്താ പോകണ്ടേ നിനക്ക് ‘ .

റൂം മേറ്റ് ശ്യാമിന്റെ വിളി കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു.

‘ ഒന്നു മയങ്ങി പോയെടാ’

പെട്ടെന്നു തന്നെ വാഷ് റൂമില്‍ പോയി കാര്യങ്ങള്‍ എല്ലാം തീര്‍ത്ത് അവന്‍ റെഡിയായി. അപ്പോഴേക്കും അവനു എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള വണ്ടി താഴെ റെഡിയായിരുന്നു.

‘ഞാനും വരാം കൂടെ ‘.

ശ്യാം പറഞ്ഞു.

അത് അങ്ങനെയാണ്. എട്ടു വര്‍ഷമായി ഒരുമിച്ച് ; ഒരേ റൂമില്‍ . സഹോദരങ്ങളെ പോലെ.

‘അപ്പോ നീ ഇനി അവളെയും കൂട്ടിയല്ലേ വരുന്നേ. ധൈര്യായിട്ട് പോയി വാ. നീ വരുമ്പോഴേക്കും ഇവിടുത്തെ കാര്യങ്ങള്‍ ഞാന്‍ ശരിയാക്കാം. പിന്നെ ഒരു വിഷമം നിന്റെ കല്യാണം കൂടാന്‍ പറ്റില്ലല്ലോ എന്നതാ; സാരല്യ നിങ്ങള്‍ ഇവിടെ വന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം. എന്റെ അമ്മയും അച്ഛനും വരും നിന്റെ കല്യാണത്തിന് ‘ . എയര്‍പോര്‍ട്ടിലെത്തി പോരാന്‍ നേരം ശ്യാം പറഞ്ഞു

‘ ശരിയെടാ; ഞാന്‍ എത്തിയിട് വിളിക്കാം’

അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. കയറുന്നതിനു മുന്‍പായി വീട്ടിലേക്ക് ഒന്നു വിളിച്ചു. അമ്മ കാത്തു നില്‍പ്പുണ്ടാകും വിളി. നേരത്തേ വിളിച്ചപ്പോള്‍ ഫ്‌ളൈറ്റിന്റെ സമയം ചോദിച്ചിരുന്നു.

‘ഹലോ ; ഹരിയാണോ ‘.

അവന്റെ ഉദ്ദേശം തെറ്റിയില്ല. മറുതലയ്ക്കല്‍ അമ്മയാണ്.

‘അമ്മ ഉറങ്ങിയില്ലേ?’

‘നീ വിളിക്കുന്ന് അറിയാവുന്നോണ്ട് ഉറക്കം വന്നില്ല;നീ പുറപ്പെടായോ?’

‘ആ …. ഞാന്‍ കയറാന്‍ പോവാണ്. ‘

‘ഇവിടുന്ന് സമയമാവുമ്പോഴേക്കും ഏട്ടനും അമ്മാവനും കൂടി എയര്‍പോര്‍ട്ടിലെത്തും.’

‘എന്നാല്‍ അമ്മ കിടന്നോളൂ. വന്നിട്ട് കാണാം ‘

അമ്മ ഉറങ്ങാന്‍ സാധ്യതയില്ലെന്നു അവനറിയാമായിരുന്നു. ഗോപികയ്ക്ക് മെസേജ് അയച്ചിട്ടൂ. ഉറക്കമായിരിക്കും. വീഡിയോ കോള്‍ ഒക്കെ കഴിഞ്ഞ് ഉറങ്ങാന്‍ വൈകിയിട്ടുണ്ട്. ഇനി ഈ രണ്ടു മണി നേരത്ത് വെറുതെ വിളിക്കണ്ട. വിളിക്കാത്തേനു പിണങ്ങും. സാരല്യ. നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ദിവസവുമുള്ള വിളിയും വീഡിയോയുമൊക്കെ ആയി ഇപ്പോ അവളോട് വല്ലാതെ അടുത്തു പോയെന്ന് ഹരി ഓര്‍ത്തു. അപ്പോഴേക്കും ഫ്‌ളൈറ്റ് അനൗണ്‍സ് ചെയ്തു…….

ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യാറായി. ഫ്‌ളൈറ്റ് ഇറങ്ങി ക്ലിയറന്‍സും കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ ഏട്ടനും അമ്മാവനും കാത്തു നില്‍പ്പുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ആ സ്ഥാനം അമ്മാവനാണ്. എന്തിനും വിളിപ്പുറത്തുണ്ടാകും. എല്ലാവരും കൂടി സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ കയറ്റി നേരെ വീട്ടിലേക്ക് വിട്ടു. അമ്മയും ഏടത്തിയും എന്റെ കുഞ്ഞാറ്റയുമൊക്കെ എന്നെ കാത്ത് പൂമുഖത്തുണ്ടായിരുന്നു. വണ്ടി വന്നപ്പോഴേക്കും കുഞ്ഞാറ്റ ഓടി വന്നു .

‘കൊച്ചച്ചാ …. ഈ അച്ഛന്‍ എന്നെ കൂട്ടാതെ പോയി. ‘ വീര്‍പ്പിച്ച മുഖവുമായി അവള്‍ പറഞ്ഞു.

‘പിന്നേ വിളിച്ചാ എഴുന്നേല്‍ക്കണം ; അല്ലാതെ മടി പിടിച്ചു കിടന്നാല്‍ അങ്ങിനെ ഇരിക്കും’ ഏടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

‘ഇവരൊക്കെ നുണ പറയാ കൊച്ചച്ചാ; എന്നെ വിളിച്ചൊന്നും ഇല്ല; ഇവര്‍ക്ക് ചോക്കലേറ്റ് ഒന്നും കൊടുക്കണ്ട ട്ടോ ‘ കുസൃതിയോടെ അവള്‍ കൊഞ്ചി.

‘ശരിയെടാ കുറുമ്പീ ;നമുക്ക് കൊടുക്കണ്ട ട്ടോ ‘ ഹരി അവളെയും വാരി എടുത്ത് അകത്തോട്ട് കയറി.

ഉച്ചയൂണിനു ശേഷം ഗോപികയേയും വിളിച്ച് അവളുടെ പിണക്കമൊക്കെ തീര്‍ത്ത് ഒന്നു മയങ്ങി. എണീറ്റപ്പോഴേക്കും കാപ്പി തയ്യാറായിരുന്നു. അത് കുടിച്ച് പുറത്തേക്കിറങ്ങി. കൂട്ടുകാരോട് കത്തി വച്ച് സമയം പോയതറിഞ്ഞില്ല. വീട്ടില്‍ എത്തിയപ്പോള്‍ രാത്രിയായി.

‘ഹരീ ;നീ എവിടെ പോയതാടാ. കല്യാണത്തിന്റെ ദിവസം ഇങ്ങടുത്തു. നിന്റെ ചേട്ടന്‍ പാവം തനിയെ കിടന്ന് ഓടുകയാ. അമ്മാവന്‍ ഉള്ളതാ ഒരു ആശ്വാസം .ഇനീപ്പോ നീ വന്നില്ലേ? ഒരു സഹായത്തിന് .കൂട്ടുകാരുടെ കൂടെയുള്ള കറക്കം ഒന്നു നിറുത്തിക്കോളു കുറച്ച് ദിവസത്തേക്ക് ‘ അമ്മ പരാതിയുടെ കെട്ടഴിച്ചിട്ടു.

ഏട്ടന്‍ എന്നെ നോക്കി കണ്ണടച്ചു. സാരമില്ല എന്ന ഭാവത്തില്‍ .എല്ലാവരും കൂടി ഊണു കഴിക്കാതിരിക്കുമ്പോഴാണ് അമ്മ നാളെ പിറന്നാളാണ് എന്ന് ഓര്‍മിപ്പിച്ചത്.

‘നാളെ കാലത്ത് അമ്പലത്തില്‍ ഒന്നു പൊയ്‌ക്കോളൂട്ടോ കുട്ട്യേ….’ കിടക്കാന്‍ പോകുന്ന നേരം ഹരിയോടായി അമ്മ പറഞ്ഞു.

ഗോപികയ്ക്ക് മേസേജ് അയച്ചിട്ട് കുറച്ച് നേരായി. നാട്ടിലെ പഴയ നമ്പര്‍ റിചാര്‍ജ് ചെയ്തതും വൈകീട്ടാ. അതു കൊണ്ട് വിളിച്ചതുമില്ല: മുഖം വീര്‍പ്പിച്ച് ഇരിക്കണുണ്ടാകും.എത്ര പിണങ്ങിയാലും ഒരു ചിരിയില്‍ ഒതുങ്ങും എല്ലാം . പാവം …..

അവളെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനോര്‍ത്തു. ഫോണ്‍ റിംഗ് ചെയ്തതും കാത്തിരിക്കുന്ന പോലെ അവള്‍ എടുത്തു.

‘ഹരിയേട്ടന്‍ നാട്ടില്‍ വരണ്ടായിരുന്നു. അവിടെയാണേല്‍ എന്നോട് എപ്പോഴും സംസാരിക്കും. ഇതിപ്പോ എത്ര നേരായി. ‘ പരിഭവം കലര്‍ന്ന ശബ്ദത്തില്‍ അവള്‍ കൊഞ്ചി.

‘കല്യാണത്തിരക്കല്ലേ ടാ; ഏട്ടന്‍ തന്നെ അല്ലേ ഓട്ടം ‘. കൂട്ടുകാരുമായി വെറുതെ ,സംസാരിച്ച് കൊണ്ടിരുന്നിട്ടും അവളോട് മിണ്ടിയില്ലെന്നറിഞ്ഞാല്‍ അവളുടെ പിണക്കം കൂടുമെന്നറിയാമായിരുന്ന ഹരി ഒരു കുഞ്ഞു കള്ളം പറഞ്ഞു.

‘സാരല്യ ;ഞാന്‍ ക്ഷമിച്ചിരിക്കുന്നു’. ഒരു കുഞ്ഞു ചിരിയോടെ അവള്‍ പറഞ്ഞു .

‘നാളെ പിറന്നാളല്ലേ ഹരിയേട്ടാ, എന്താ പരിപാടി? അവള്‍ ചോദിച്ചു.

‘പരിപാടി ഒന്നുമില്ല. ഒന്നു അമ്പലത്തില്‍ പോകണം. നീ വരുന്നോ?’

‘ഞാന്‍ വന്നാ ശരിയാകോ ?’ സംശയത്തോടെ അവള്‍ ചോദിച്ചു.

‘എന്താ ശരിയാകാത്തെ, നിശ്ചയം കഴിഞ്ഞാല്‍ കല്യാണം കഴിഞ്ഞ പോലെയാന്നാ പറയാ. നീ വരോന്നു പറ’. അവന്‍ കുറച്ചൊന്നു ഗൗരവത്തോടെ പറഞ്ഞു.

‘കൃഷ്ണന്റെ അമ്പലത്തിലാണേല്‍ ഞാന്‍ വരാം. എനിക്കിവടന്നു വരാന്‍ അതാ എളുപ്പം ‘

‘കൃഷ്ണന്‍ എങ്കില്‍ കൃഷ്ണന്‍ ;നീ വന്നാല്‍ മതി ‘. ഒരു കള്ളച്ചിരിയോടെ ഹരി പറഞ്ഞു.

നാളെ കാണാമെന്ന മധുരസ്വപ്നവും കണ്ട് രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് അമ്പലത്തിലേക്ക് പോകാന്‍ ഇറങ്ങവേ ;ഫോണില്‍ ഒരു കോള്‍ വന്നു. അറിയാത്ത നമ്പര്‍ ആയതു കൊണ്ട് എടുത്തില്ല. വീട്ടില്‍ നിന്നു ഏകദേശം പത്ത് കിലോമീറ്റര്‍ ഉണ്ട് അവള്‍ പറഞ്ഞ അമ്പലത്തിലേക്ക്. നിശ്ചയത്തിനു ശേഷം രണ്ട് തവണ അവളെ കണ്ടത് അവിടെ വച്ചാണ്. ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പിന്നെയും അതേ നമ്പറില്‍ നിന്നും കോള്‍ വന്നു. കാര്‍ സൈഡ് ആക്കി കോള്‍ അറ്റെന്‍ഡ് ചെയ്തു.

‘ഹരിയല്ലേ?’

‘അതേ ‘

ശബ്ദത്തില്‍ നിന്നും ഹരി ആളെ തിരിച്ചറിഞ്ഞു. അപര്‍ണ്ണ . ഒരു കാലത്ത് എന്റെ അപ്പു ഇപ്പോ മറ്റൊരാളുടെ ഭാര്യ .

‘അപര്‍ണ്ണ ‘ അത്ഭുതത്തോടെ അവന്‍ ചോദിച്ചു.

‘അതെ ;അപര്‍ണ്ണ .എന്റെ ശബ്ദം ഓര്‍ത്തല്ലോ. സന്തോഷം ‘ അവള്‍ പറഞ്ഞു.

‘അത്ര പെട്ടെന്നു മറക്കാന്‍ പറ്റുന്ന ശബ്ദം ആയിരുന്നില്ലല്ലോ അപ്പൂ ….. സോറി അപര്‍ണ്ണാ’. ഹരി പറഞ്ഞു.

ഞാന്‍ ഹരിക്ക് പിറന്നാളാശംസകള്‍ നേരാന്‍ വിളിച്ചതാ. നാട്ടില്‍ എത്തിയെന്ന് അറിഞ്ഞു. ഹരിയെ പറ്റി ഞാന്‍ അന്വേഷിക്കാറുണ്ട് ‘ .

‘തനിക്ക് എന്റെ പിറന്നാളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടോടൊ’ അത്ഭുതത്തോടെ ഹരി ചോദിച്ചു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഹരിയാണെന്ന് എനിക്ക് അറിയാം. ഹരിയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല. ഒന്നു കാണാന്‍ പറ്റുമോ?’ അവളുടെ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു.

‘നാളെ മതിയോ അപര്‍ണാ…. ഇന്നു കുറച്ച് തിരക്കുണ്ടായിരുന്നു.’

‘നാളെ വൈകീട്ട് ഞാന്‍ സ്റ്റേറ്റ്‌സിലേക്ക് തിരിച്ച് പോകും ഹരീ; പറ്റുമെങ്കില്‍ ഇന്ന് കാണാം.’ അപര്‍ണ പറഞ്ഞു

ഒഴിവാക്കാന്‍ ഹരിക്കായില്ല. അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള പുഴയുടെ തീരത്ത് അവള്‍ വരാമെന്നു പറഞ്ഞു. തങ്ങളുടെ പണ്ടത്തെ സന്ദര്‍ശനങ്ങള്‍ അവിടെ വച്ചായിരുന്നു എന്ന് ഹരി ഓര്‍ത്തു.

രണ്ട് വര്‍ഷത്തെ അസ്ഥിക്ക് പിടിച്ച പ്രേമം. ഇഷ്ടം തുറന്ന് പറഞ്ഞത് താനായിരുന്നു. എപ്പോഴോ ആ ഇഷ്ടത്തെ അതേ അളവില്‍ അവളും നെഞ്ചിലേറ്റി. ജീവിച്ചാലും മരിച്ചാലും ഒരുമിച്ച് എന്നു ഉറപ്പിച്ച രണ്ട് വര്‍ഷങ്ങള്‍. ഒന്നു കണ്ടില്ലെങ്കില്‍ മിണ്ടിയില്ലെങ്കില്‍ ശ്വാസം നിലച്ചുപോകുമെന്ന് ചിന്തിച്ചിരുന്ന നിമിഷങ്ങള്‍. ഒടുവില്‍ വീട്ടുകാരുടെ തീരുമാനത്തിനു മുന്നില്‍ തോറ്റ് നമുക്ക് പിരിയാം ഹരീ എന്നവള്‍ പറഞ്ഞപ്പോള്‍ തകര്‍ന്നു പോയിരുന്നു.

ഇതല്ലാതെ വേറെ വഴിയില്ലെന്നു കരഞ്ഞു കൊണ്ടവള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കൊപ്പം കണ്ണുനീര്‍ പൊഴിക്കാനല്ലാതെ ആ ഇരുപത്തി രണ്ടു വയസുകാരന് വേറൊന്നും ചെയ്യാനായില്ല. ഹൃദയം പിളര്‍ക്കുന്ന വേദനയോടെയാണ് അന്നു താനവളെ യാത്രയാക്കിയതെന്ന് അവനോര്‍ത്തു. അച്ഛന്റെ പെട്ടെന്നുള്ള മരണം അനാഥമാക്കിയ കുടുംബത്തെ ഒറ്റയ്ക്ക് താങ്ങി നിറുത്താന്‍ ചേട്ടനാകുമായിരുന്നില്ല. ഈ പുഴവക്കും അപര്‍ണയെയും മറക്കണമെന്നതും ഒരു കാരണമായിരുന്നെങ്കിലും കുടുംബമായിരുന്നു അപ്പോള്‍ എല്ലാറ്റിലും വലുതായി തോന്നിയത്. കുടുംബത്തിനു വേണ്ടി അവിടത്തെ ഏകാന്തവാസത്തെ സ്വയം സ്വീകരിക്കുകയായിരുന്നു എന്നും പറയാം. ഒരു തരത്തില്‍ അവളെ പിരിയേണ്ടി വന്നില്ലായിരുന്നെങ്കില്‍ താന്‍ ആ പ്രവാസ ജീവിതം സ്വീകരിക്കില്ലായിരുന്നു എന്നതും ഒരു സത്യമാണ്. ആ നഷ്ട്ടം അന്നു ജീവിതം പോലും നഷ്ട്ടപ്പെട്ടു എന്ന അവസ്ഥയില്‍ എത്തിച്ചുവെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ അമ്മയുടെ സംതൃപ്തി നിറഞ്ഞ ചിരി മാത്രം മതിയായിരുന്നു അവളെ മറക്കാന്‍. ഓരോന്ന് ഓര്‍ത്ത് അപര്‍ണയുടെ അടുത്ത് എത്തിയത് അറിഞ്ഞില്ല ഹരി.

‘താന്‍ കുറെ നേരായോ വന്നിട്ട്?’

‘ഇല്ല ഹരീ …. ഞാന്‍ വന്നേയുള്ളു, ഇനി ആയെങ്കില്‍ തന്നെ ബോറഡിപ്പിക്കുന്ന സ്ഥലം അല്ലാലോ. ഒരുപാട് ഓര്‍മകള്‍ ഉറങ്ങിക്കിടപ്പില്ലേ ഇവിടെ ‘വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി അവള്‍ പറഞ്ഞു.

അവളുടെ മുഖത്തെ ആ നിഷ്‌കളങ്കത എവിടെയോ മാഞ്ഞ് പോയെന്നു ഹരി ഓര്‍ത്തു.

‘തനിക്ക് സുഖമല്ലേടോ’ ഹരി ചോദിച്ചു.

‘എന്റെ സുഖമെല്ലാം ഒരു എട്ട് വര്‍ഷം മുന്‍പ് ഞാനീ പുഴയില്‍ വലിച്ചെറിഞ്ഞു ഹരീ’ നിര്‍വികാരമായി അവള്‍ പറഞ്ഞു.

‘ഫാമിലി….. ‘ സംശയത്തോടെ അവന്‍ ചോദിച്ചു.

‘ ഭര്‍ത്താവ് സ്റ്റേറ്റ്‌സിലാണ്. ഞാനും. നാട്ടില്‍ അമ്മയ്ക്ക് സുഖമില്ലാതെ വന്നതാണ്. നാളെ തിരിച്ചു പോണം. സംസാരിക്കാന്‍ പോലും നേരമില്ലാത്ത ആ തിരക്കുകളുടെ ലോകത്തേക്ക്. പരസ്പരം ഉള്‍ക്കൊള്ളാനാകാത്ത സമാന്തര രേഖകളായി ഇപ്പോഴും തുടരുന്നു. മക്കള്‍ ഇല്ല. അതും …….’ പാതിയില്‍ അവള്‍ നിറുത്തി.

മറുപടിക്കായ് ഹരി വാക്കുകള്‍ തിരഞ്ഞു.

‘ഹരിയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല ഹരീ. നമ്മള്‍ ഒരുമിച്ച് കണ്ട ജീവിതം. പിരിയാമെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍…..’

‘അതൊക്കെ കഴിഞ്ഞ കാര്യങ്ങള്‍ അല്ലേ അപര്‍ണാ ‘ അവളെ തുടരാന്‍ അനുവദിക്കാതെ ഹരി പറഞ്ഞു

‘അപര്‍ണ …. അപ്പു എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല ഹരി’ ഉള്ളില്‍ നിന്നും അറിയാതെ ഉയര്‍ന്ന ഒരു വിങ്ങലോടെ അപര്‍ണ പറഞ്ഞു.

‘അപ്പു എന്റെ ഉള്ളില്‍ ഇപ്പോള്‍ ഇല്ല. എന്റെ മുന്നില്‍ നില്‍ക്കുന്നത് മറ്റൊരാളുടെ താലി ചാര്‍ത്തിയ അപര്‍ണ മാത്രമാണ്. ഇപ്പോ നിനക്കൊരു ജീവിതമുണ്ട്. എന്നെയും മറ്റൊരു പെണ്‍കുട്ടി കാത്തിരിപ്പുണ്ട്. പണ്ടത്തെ ഹരിയും അപ്പുവും ഇനിയില്ല അപര്‍ണാ. എന്റെ നിശ്ചയം കഴിഞ്ഞു. കല്യാണവും അടുത്തു. കല്യാണത്തിനു വേണ്ടിയാ ഞാന്‍ നാട്ടില്‍ വന്നത് ‘. ഉറച്ച മനസ്സോടെ ഹരി പറഞ്ഞു.

‘ശരിയാണു ഹരി. നമുക്ക് ഒന്നും തിരിച്ചു കിട്ടില്ല. കുറച്ച് സുഖമുള്ള ഓര്‍മകളുടെ സുഗന്ധവും പേറി കിട്ടിയ ജീവിതത്തില്‍ സംതൃപ്തരായി മുന്നോട്ട് പോകാം .അല്ലേ ‘

‘ഞാന്‍ പോകട്ടെ ഹരീ.’തെല്ലു നേരത്തെ നിശബ്ദതയെ ബേധിച്ചു കൊണ്ട് അപര്‍ണ പറഞ്ഞു.

‘നാളെ അല്ലേ പോകുന്നെ. അല്ലെങ്കില്‍ എന്റെ കല്യാണത്തില്‍ പങ്കെടുത്ത് പോകായിരുന്നു ‘ ഹരിയുടെ വാക്കുകളില്‍ ഔപചാരികത ഉണ്ടായിരുന്നു.

‘ഇല്ല ഹരീ, നാളെ തന്നെ പോകണം. എന്താ ആ കുട്ടീടെ പേര്?’

‘ഗോപിക ‘ ഹരി പറഞ്ഞു

‘നല്ല പേര്. ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ. ഞാന്‍ ഇനി നില്‍ക്കുന്നില്ല ഹരീ .തിരക്കുണ്ട്.പോകട്ടെ ‘

ഹരി തലയാട്ടി

‘ഹരിയുടെ ഗോപിക. ആ കുട്ടി ഭാഗ്യവതിയാ ഹരീ. അടുത്ത ജന്മമെങ്കിലും ആ ഭാഗ്യം എനിക്ക് കിട്ടാന്‍ ഞാന്‍ കാത്തിരിക്കും.’ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കും മുന്‍പായി അപര്‍ണ പറഞ്ഞു.

ചിരിച്ചതല്ലാതെ ഹരി മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ ഹരി നോക്കി നിന്നു. തന്നെയും കാത്ത് മറ്റൊരാള്‍ അമ്പലമുറ്റത്ത് നില്‍ക്കുന്നുണ്ടാകുമെന്ന് ഹരി പെട്ടെന്നാണ് ഓര്‍ത്തത്. പെട്ടെന്നു കാറില്‍ കയറി വണ്ടിയെടുത്തു. ആ നിമിഷം വരെ സംസാരിച്ചതും ഓര്‍ത്തതുമായ കാര്യങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ചാണ് അവന്‍ ആ കാറില്‍ കയറിയത്. അമ്പലത്തിലേക്കുള്ള യാത്രയിലുടനീളം അവന്റെ മനസ്സില്‍ ഗോപിക മാത്രമായിരുന്നു.
ഇനിയങ്ങോട്ടും ………

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights nashta swapnangal story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top