Advertisement

നിങ്ങളുടെ വാഹനം 2019 മാർച്ച് 31 ന് ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക

November 2, 2020
Google News 2 minutes Read
high security number plate all you need to know

പുതുതായി പുറത്തിറങ്ങുന്ന നമ്പർ പ്ലേറ്റുകൾ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളായിരിക്കും. ഇതിൽ 10 അക്ക ഹൈ സെക്യൂരിറ്റി ഡിജിറ്റൽ നമ്പറുണ്ട്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്‌റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട് തന്നെ ഈ നമ്പർ പ്ലേറ്റുകൾ മാറ്റാനോ, ടാമ്പർ ചെയ്യാനോ പാടില്ല. എന്നാൽ പഴയ വണ്ടികളുടെ കാര്യമോ ?

പഴയ വണ്ടികൾ പതിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. നിങ്ങളുടെ വാഹനം 2019 മാർച്ച് 31 നു ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റി (HSRP) നെക്കുറിച്ചുള്ള ഈ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക.

  1. 2019 ഏപ്രിൽ ഒന്ന് മുതലുള്ള എല്ലാ വാഹനങ്ങളിലും ഇനി മുതൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌ നിർബന്ധമാണ്.
  2. ഈ വാഹനങ്ങൾക്കുള്ള ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌ വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ നിങ്ങൾക്ക് നൽകിയ വാഹനത്തിൽ ഘടിപ്പിച്ചു തരേണ്ടതാണ്.
  3. അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തിൽ ഘടിപ്പിച്ചു നൽകുന്നത്. ശ്രദ്ധിക്കുക ഡീലറാണ് നിങ്ങൾക്ക് ഘടിപ്പിച്ച് നൽകേണ്ടത്.
  4. ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിറകിലുമായി രണ്ട ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ഉണ്ടാകും. അതേസമയം കാറുകൾ മുതലുള്ള വാഹനങ്ങളിൽ ഈ രണ്ട് ഭാഗത്തിന് പുറമെ വിൻഡ് സ്‌ക്രീനിൽ പതിപ്പിക്കാൻ തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കറും ഉണ്ടാകും.
  5. മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് പ്രത്യേകം സീരിയൽ നമ്പർ കാണും. ഇത് വാഹൻ സൈറ്റിൽ വേർതിരിച്ചു രേഖപ്പെടുത്തിയിരിക്കും.
  6. ഒരു വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌ യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ പാടുള്ളതല്ല.
  7. അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിന് കേടുപാടുകൾ സംഭവിച്ചാൽ, ആ കേടുപറ്റിയ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌ ഡീലർഷിപ്പിൽ തിരികെ നൽകി പുതിയത് വാങ്ങാം. ഇതിന് വില നൽകേണ്ടതാണ്. ഇങ്ങനെ കേടുപറ്റി തിരികെ വന്ന ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളെ കുറിച്ചുള്ള തെളിവ് സഹിതമുള്ള രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും വാഹൻ സൈറ്റിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട ഉത്തരവാദിത്തവും അതത് ഡീലർ/എച്ച്എസ്ആർപി ഇഷ്യൂയിംഗ് ഏജൻസിക്കാണ്.
  8. ടു വീലറിൽ ഏതെങ്കിലും ഒരു ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌ മാത്രമാണ് കേടുപറ്റിയതെങ്കിൽ ആ ഒരെണ്ണം മാത്രമായി തിരികെ നൽകി മാറ്റി വാങ്ങാവുന്നതാണ്. ആ ഒരെണ്ണത്തിന്റെ വില മാത്രം നൽകിയാൽ മതിയാകും.
  9. കാർ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കിൽ ഒരു നമ്പർ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്. എന്നാൽ ഇവിടെ അത്തരം സാഹചര്യത്തിൽ ഒരെണ്ണത്തിന്റെ കൂടെ വിൻഡ് സിക്രീനിൽ പതിപ്പിക്കേണ്ട തേർഡ് നമ്പർ പ്ലേറ്റ് / സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്. തേർഡ് നമ്പർ പ്ലേറ്റ് / സ്റ്റിക്കർ കേടായാൽ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.
  10. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ, ഉടൻ തന്നെ ആ വിവരം പൊലീസിലറിയിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ എഫ്‌ഐആർ പകർപ്പുൾപ്പെടെ നൽകിയാൽ മാത്രമേ പുതിയ ഹൈ സെകൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുകയുള്ളൂ.

ക്രിമിനൽ പ്രവർത്തികൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത്, ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Story Highlights high security number plate all you need to know

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here