Advertisement

കർഷകരെ ഒരൊറ്റക്കുടക്കീഴിൽ അണിനിരത്തിയ പി.ജി വേലായുധൻ നായർ; വേർപാടിന്റെ അഞ്ച് വർഷങ്ങൾ

November 2, 2020
2 minutes Read
pg velayudhan nair death anniversary
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യസമര സേനാനി , കമ്മ്യൂണിസ്റ്റ് , കർഷകരുടെ നേതാവ് … വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും പി ജി വേലായുധൻ നായർ എന്ന വ്യക്തിയെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉറപ്പിച്ചു നിർത്തുന്ന സവിശേഷ ഘടകം ഇതൊന്നുമല്ല. കേരളത്തിലെ തെങ്ങു കർഷകരെ ഒരുമിച്ചു ചേർത്ത് ഒരു സംഘടനയുണ്ടാക്കി അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും നേതാക്കളെ ഒരു വേദിയിൽ അണിനിരത്തിയ നേതാവാണ് പി ജി വേലായുധൻ നായർ. രാഷ്ട്രീയപ്രവർത്തനം കർഷകരുടെ ഉയർച്ചയ്ക്കായി വഴിതിരിച്ചു വിട്ട നേതാവ്. ഇന്ന് നവംബർ 2, അദ്ദേഹം യാത്രയായിട്ട് അഞ്ച് വർഷം തികയുന്നു.

‘കേര കർഷക സംഘം’ 1974 ൽ രൂപീകരിക്കുമ്പോൾ അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ പി.ജി നീണ്ട നാല് പതിറ്റാണ്ടുകൾ ആ സ്ഥാനത്ത് തുടർന്നു. അനാരോഗ്യം പലതവണ അലട്ടിയിട്ടും സ്ഥാനത്ത് നിന്നും മാറിനിൽക്കാൻ സംഘടന അദ്ദേഹത്തെ അനുവദിച്ചില്ല. തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും കേര കർഷക സംഘത്തിന്റെ വേദികൾ നിഷ്പക്ഷമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എ.കെ ആന്റണി, പി.കെ.വി , മുല്ലപ്പള്ളി രാമചന്ദ്രൻ, സി.കെ ചന്ദ്രപ്പൻ, വി.കെ രാജൻ, എം.എം ഹസ്സൻ, തലേക്കുന്നിൽ ബഷീർ, പി.ജെ കുര്യൻ, പി.സി ചാക്കോ , കെ.ശങ്കര നാരായണൻ, വക്കം പുരുഷോത്തമൻ, കൊടിക്കുന്നിൽ സുരേഷ് , പാലോട് രവി , പിരപ്പൻകോട് മുരളി, അഡ്വ. ജെ ആർ പത്മകുമാർ തുടങ്ങിയ വിവിധകക്ഷി നേതാക്കളെയാകെ കേരകർഷക സംഘത്തിന്റെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുപ്പിച്ചു.

കേരളത്തിലെമ്പാടുമുള്ള ഗ്രാമപ്രദേശങ്ങളിലെ കർഷകർക്കും പാർട്ടി പ്രവർത്തകർക്കും സുപരിചിതനായിരുന്നു പി.ജി.വേലായുധൻ നായർ. സ്വന്തം ഗ്രാമമായ തിരുവനന്തപുരം ജില്ലയിലെ വെമ്പായം വില്ലേജിൽ ബഹുജന സംഘടനകൾ സംഘടിപ്പിച്ചുകൊണ്ട് 1947ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1954ലെ നെടുമങ്ങാട് ചന്തസമരത്തിന്റെ സംഘാടകനായിരുന്നു പി.ജി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.ജി.വേലായുധൻ നായർ. ആ സമരത്തിൽ താലൂക്കിലെ കർഷകരെ ആകെ അണിനിരത്തി.

pg velayudhan nair death anniversary

കരപ്രമാണിമാരും ഗുണ്ടകളും ചേർന്നു നടത്തിയ കൊടിയ ജനദ്രോഹത്തിനെതിരെ ഉയർത്തെഴുന്നേറ്റ മലയോര ഗ്രാമങ്ങളുടെ കഥ പുരോഗമന പ്രസ്ഥാനത്തിന്റെ പോരാട്ട വീഥിയിലെ ജ്വലിക്കുന്ന ഇതിഹാസമാണ്. തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാ പടകൾക്കു മുൻപിൽ തല ഉയർത്തി നിന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത രംഗം അന്നത്തെ സമരപോരാട്ടങ്ങളിൽ പങ്കെടുത്തവർ വിസ്മരിച്ചിരിക്കില്ല. പ്രക്ഷോഭത്തിന് കരുത്ത് കൂട്ടാൻ നെടുമങ്ങാട് താലൂക്കിലുടനീളം സഞ്ചരിച്ചു ജനങ്ങളെ സംഘടിപ്പിച്ചതും പ്രക്ഷോഭ കൊടുങ്കാറ്റിൽ ഭയന്ന് ചന്ത കോൺട്രാക്ടർ തടിയൻ മുഹമ്മദ് നൂഹു മതിൽചാടി ഓടി രക്ഷപ്പെട്ടതും ഇന്നും ആവേശമുയർത്തുന്ന ഓർമ്മകളാണ്.

ഒട്ടേറെ പ്രക്ഷോഭ സമരങ്ങളുടെ മുൻനിരയിൽ പി.ജി ഉണ്ടായിരുന്നു. മൂന്നു കൊല്ലക്കാലം കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ തടവുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ , സി പി ഐ എം രൂപീകരിക്കാൻ മുന്നിൽ നിന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി ജി. അന്ന് സി പി ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ എ കെ ജി , ഈ എം എസ്, ഓ ജെ ജോസഫ്, കെ ആർ ഗൗരിയമ്മ എന്നിവരുടെ ഒപ്പം പി ജി വേലായുധൻ നായരും ഉണ്ടായിരുന്നു. പാർലിമെന്ററി രാഷ്ട്രീയം ആഗ്രഹിക്കാതെ സംഘപ്രവർത്തനങ്ങളിൽ സജീവമായി. സി പി എം ന്റെ കർഷക സംഘടന കേരള കർഷകസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പി.ജി.

പി.ജിയുടെ സമര ജീവിതം….

മരണം വരെ കമ്മ്യൂണിസ്റ്റായി തന്നെ ലളിതജീവിതം നയിച്ച വ്യക്തിത്വം. വ്യക്തി ജീവിതത്തിൽ സൗമ്യമായി ഇടപെട്ടിരുന്ന പി.ജി യുടെ സമര ജീവിതം പക്ഷെ ആവേശഭരിതമായിരുന്നു. തിരുവനന്തപുരം നഗരസഭാ മന്ദിരത്തിന് തറക്കല്ലിടാൻ എത്തിയ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്താൻ സിപിഐഎം തീരുമാനിച്ചു. ഇന്ദിരാ ഗാന്ധി എത്തിയതും കരിങ്കൊടിയുമായി ചാടിയത് പി ജി ആയിരുന്നു. കനത്ത സുരക്ഷാ വലയത്തിലും പ്രതിഷേധം നടന്നു.

pg velayudhan nair death anniversary

പ്രകോപിതരായ പൊലീസ് പി.ജിയ്ക്ക് നേരെ തിരിഞ്ഞു. ലാത്തി കൊണ്ടുള്ള മാരക പ്രഹരം കൊണ്ടും മതിയാകാതെ ഡി.എസ്.പി. തോക്ക് വാങ്ങി അതിന്റെ പാത്തികൊണ്ട് പി.ജിയുടെ തലയിൽ മാരകമായി അടിച്ചു. തലയോട്ടി പൊട്ടിപ്പിളർന്നു. രക്തം തളം കെട്ടിയ നിരത്തിൽ നിന്നും പിജിയെ എടുത്ത സഖാക്കൾ അദ്ദേഹം മരിച്ചു എന്ന് തന്നെ കരുതി. ‘മൃതദേഹവുമായി’ പാളയം മുതൽ സെക്രട്ടറിയേറ്റിലേക്ക് ജാഥാ നടത്തി. എന്നാൽ ‘മൃതദേഹത്തിന്റെ’ കാൽ വിരലിന്റെ ചെറിയ അനക്കം തിരിച്ചറിഞ്ഞത് സ്റ്റാച്യൂ ജംഗ്ഷനിലെ കുട നന്നാക്കുന്ന ഒരാളാണ് . അതെ ജാഥ നേരെ ജനറൽ ആശുപത്രിയിലേക്ക് പോയി. ഇന്ദിരാഗാന്ധിയെ എതിർത്തയാളാണ് എത്തുന്നത്. ഭരണപക്ഷം ആശുപത്രി കവാടത്തിൽ നിലയുറപ്പിച്ചു. സർക്കാരിന്റെ അനിഷ്ടം ഉണ്ടാകുമെന്ന ഭയം ആശുപതി അധികൃതർക്കും ഉണ്ടായിരുന്നു. പക്ഷെ ഒരു ഡോക്ടർ കറുപ്പാണ് അദ്ദേഹത്തെ പരിശോധിക്കാൻ തയ്യാറായത്. പ്രധിഷേധം വകവയ്ക്കാതെ പിജിയെ ജീവിതത്തിലേക്ക് മടക്കിയത് ആ ഡോക്ടറും അവിടത്തെ ജീവനക്കാരുമാണ്.

സിപിഐയിലേക്ക്…

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1969ൽ സിപിഐഎം വിട്ടു. പാർട്ടിയുടെ നയങ്ങളെ ശക്തിയായി വിമർശിച്ചുകൊണ്ട് പാർട്ടി വിട്ട അദ്ദേഹം ഒരു വർഷക്കാലം തിരുവനന്തപുരം ജില്ലയിലെ കൃഷിക്കാരെ സംഘടിപ്പിച്ചു.

pg velayudhan nair death anniversary

പിന്നീട് അവരെ ചേർത്ത് ഒരു സ്വതന്ത്ര കർഷക പ്രസ്ഥാനം രൂപീകരിച്ചു. എൻ ഇ ബലറാം, എൻ നാരായണൻ നായർ, എസ് കുമാരൻ എന്നിവർ സിപിഐയിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് 1970ൽ പി ജി വേലായുധൻ നായരും കൂടെയുള്ള നൂറുകണക്കിന് കർഷകരും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തുടർന്ന് പിജി കിസാൻ സഭയുടെ സംസ്ഥാന നേതൃത്വത്തിലേക്കെത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചു.

കേരളത്തിലെ കേരകർഷകർ സംഭരിച്ച് ഏർപ്പെടുത്തിയ ‘കേരമിത്ര അവാർഡ്’ ലഭിച്ചു. എന്നാൽ ഒരുലക്ഷം രൂപയുടെ അവാർഡ് തുക അദ്ദേഹം ആ യോഗത്തിൽ വച്ചുതന്നെ കേരകർഷക സംഘത്തിനു ഒരു മന്ദിരം നിർമ്മിക്കുന്നതിനായി ഭാരവാഹികളെ ഏൽപിച്ചു. തന്റെ 80ാമത്തെ വയസിൽ കഴിഞ്ഞകാല സമരചരിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പി ജി രചിച്ച ‘എന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 നവംബർ 2 ന് അദ്ദേഹം അന്തരിച്ചു.

Story Highlights pg velayudhan nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement