Advertisement

മഴക്കാലം

November 3, 2020
Google News 4 minutes Read

..

ജെസ്മിന്‍ ജോസ്/കഥ

ഹൈജിയാ ഹെല്‍ത്ത് സൊലൂഷന്‍സില്‍ ചീഫ് അക്കൗണ്ടന്റാണ് ലേഖിക

ഇഴമുറിയാതെ പെയ്യുന്ന കുളിരിന് രൗദ്രഭാവമാണ്. മൂന്നുദിവസമായി ആര്‍ത്തുലച്ചു പെയ്യുന്ന മഴ കോപം അലറി അറിയിക്കുന്നതുപോലുണ്ട്. തണുത്തുറഞ്ഞു നില്‍ക്കുന്ന ഭൂമിയുടെ കുളിര് തുറന്നിട്ട ജാലകത്തിലൂടെ ഒഴുകിവന്നു ദേഹത്തെ പുണര്‍ന്നു. തണുപ്പിനെ ഒന്ന് പ്രതിരോധിക്കാന്‍ ഗ്ലാസില്‍ പകര്‍ന്ന വിസ്‌ക്കി ഒന്ന് മൊത്തി. എരിവുള്ള കപ്പലണ്ടി രണ്ട് മൂന്നെണ്ണം കൊറിച്ചുകൊണ്ട് വിസ്‌കിയുടെ ചവര്‍പ്പിനെ ഒന്ന് നേര്‍പ്പിച്ചു. മഴയും വിസ്‌കിയും വല്ലത്തൊരു കൂട്ടാണ്. പതിയേ നുരഞ്ഞു പടരുന്ന ലഹരി കുളിരിന് മീതെ നേര്‍ത്ത ഒരു കരിമ്പടമാകും. പണ്ടെങ്ങോ ഒരു മഴയത്ത് വിസ്‌കിയുടെ രാസപ്രവര്‍ത്തനം പരിചയപ്പെടുത്തിയത് അവനാണ്, കല്യാണത്തിനും മുമ്പ്. അവനുണ്ടായിരുന്നെങ്കില്‍ മഴ നനയണമെന്നു ഞാന്‍ ചിണുങ്ങിയേനെ. മഴ ഞങ്ങള്‍ ഒരുമിച്ച് നനയുമായിരുന്നു. മഴയേ ഞാന്‍ പ്രണയിക്കുന്നത് അവനെക്കാള്‍ മറ്റാര്‍ക്കാണ് അറിയുക

ഒരിക്കല്‍ തിമിര്‍ത്തു പെയ്യുന്ന മഴനൂലില്‍ തൂങ്ങി എനിക്കവനെ കാണാന്‍ പോകണം. മഴ അത്രത്തോളം കരുണയെങ്കിലും എന്നോട് കാണിക്കേണ്ടതാണ്. അപ്രതീക്ഷിതമായി പെയ്ത ഒരുമഴയില്‍ അവനങ്ങു പോയി. ഒരു വാക്ക് പറയാതെ, ഒന്ന് കാണാന്‍കൂടി അനുവദിക്കാതെ. അവനെ എന്നില്‍നിന്ന് പിടിച്ചുപറിച്ചതാണ്. മഴക്ക് അവനോടായിരുന്നു പ്രണയം. വഴിയരികില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കിടന്നിരുന്ന അവനെ കണ്ടറിഞ്ഞത് ഞാനാണ്. എന്നില്‍നിന്ന് മഴക്കെങ്ങനെ അവനെ ഒളിപ്പിക്കാന്‍ കഴിയും.?

ഗ്ലാസില്‍ ബാക്കിയുള്ള വിസ്‌ക്കി ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. വേദനയുള്ള ഒരു കിതപ്പ് എന്നെ പിടികൂടി ശ്വാസം മുട്ടിച്ചു.

പെയ്യാന്‍ തുടങ്ങിയപ്പോള്‍ മഴ സൗമ്യമായിരുന്നു. വളര്‍ച്ചയില്‍ ഭാവം മാറുന്നത് ഞാന്‍ കാണുകയായിരുന്നു. ആര്‍ത്തട്ടഹസിച്ചു ആരോടോ പക തീര്‍ക്കാനെന്നപോലെ മഴ ഭൂമിയുടെ മാറ് കുത്തികീറുന്നു. കൊഴുത്ത ചോരകണക്കെ മഴവെള്ളം കുത്തിയൊഴുകുന്നു. മഴക്കലി മൂര്‍ച്ഛിച്ചപ്പോള്‍ വാതില്‍ തള്ളിത്തുറന്നു അച്ഛമ്മ വന്ന് ഉമ്മറത്തേക്ക് ക്ഷണിച്ചു. മഴയില്ലായിരുന്നെങ്കില്‍ അച്ഛമ്മയെ കാണാന്‍കൂടി കിട്ടില്ല. എന്തെങ്കിലും വെട്ടിയും കൊത്തിയും തൊടിയിലാകെ നടക്കും. ഇപ്പോള്‍ മഴയത്തിറങ്ങിയാല്‍ ശരീരം കഷ്ണിച്ചുപോകും പോലും. വെറുതെയിരുന്നാല്‍ അച്ഛമ്മയ്ക്കു എന്തെങ്കിലും മിണ്ടണം. മുറിയില്‍നിന്ന് ഉമ്മറത്തെത്തിയപ്പോഴേക്കും ഒന്നിലധികം വട്ടം അച്ഛമ്മ മഴക്കലിയെ പ്രാകി.

തണുപ്പ് ജാസ്തിയായിരുന്നതുകൊണ്ട് ഒരു കമ്പിളി സെറ്ററും അതിന് മീതെ കറുത്തൊരു കരിമ്പടവും അവര്‍ പുതച്ചിരുന്നു. കോലായില്‍ ഒരു കോണില്‍ കുന്തക്കാലില്‍ കുത്തിയിരുന്ന് ചൂണ്ടു വിരലിന്റെയും നാടുവിരലിന്റെയും ഇടയിലൂടെ ചുണ്ട് കൂര്‍പ്പിച്ചു താംബൂല രസം മഴയത്തേക്കു തുപ്പി. ഒന്ന് കാറി മുഖം കൊണ്ട് ഗോഷ്ടി കാട്ടി വായില്‍ ബാക്കിയായത് വീണ്ടും ചവച്ചു.

‘അച്ഛമ്മേ… നിക്കും വേണമൊന്ന്, നാലും കൂട്ടിയന്നെ ‘

അച്ഛമ്മ എന്നെയൊന്നു തുറിച്ചുനോക്കി. പുകയിലയുടെ ചൂര് മനപുരട്ടലുളവാക്കുന്നതാണ്. അച്ഛമ്മ വെറ്റില ചവക്കുമ്പോള്‍ ഏഴയലത്തു പോകാറില്ല. അച്ഛമ്മ മടിക്കുത്തില്‍ നിന്നും മുഴുത്ത ഒരു വെറ്റിലയെടുത്തു അറ്റം ചീന്തി ചുണ്ണാമ്പ് പിരട്ടി കൊണ്ട് പറഞ്ഞു

‘പുകയില വേണ്ടെന്റെ ഉണ്ണിമോളേ , കള്ളും പുകയിലയും ചൊരുക്കും ‘.

‘ഇല്ല്യ പോകലേം വേണട്ടോ ‘.

അച്ഛമ്മയുടെ മടിക്കുത്തില്‍ എപ്പഴും രണ്ടുമൂന്നു മുറുക്കാനുള്ള വകയും, കവലയിലെ സിദ്ധന്‍ കുറിച്ചു കൊടുത്ത കുഴമ്പും കാണും. വെറ്റില മടക്കി ചീന്തുകളായി വെട്ടിയ അടക്കയും, ചെറിയ കഷ്ണം പുകലയും തരുമ്പോള്‍ മഴയിലേക്ക് ഉറ്റുനോക്കുന്ന കണ്ണിലെ ഭയം ഞാന്‍ കണ്ടു.

‘പണ്ട് ഇതുകണക്കിന് പെയ്‌തൊരു മഴയിലായിരുന്നു ഉരുളുപൊട്ടിയത്. അന്ന് നാലഞ്ചു ദിവസം നിര്‍ത്താതെ പെയ്തപ്പോള്‍ മണ്ണ് താങ്ങിയില്ല. ആലോചിക്കാനേ വയ്യ, ബാക്കിയായത് മുജ്ജന്മസുകൃതം. ‘

അച്ഛമ്മ ഒരു പ്രവചനം നടത്തുന്ന പോലെയാണ് എനിക്ക് തോന്നിയത്. പ്രകൃതിഭാവം അവര്‍ എത്രവട്ടം പ്രവചിച്ചിട്ടുമുണ്ട്. സമയം തിട്ടപ്പെടുത്താനും, കാലാവസ്ഥ പറയാനും ആധുനീക സാങ്കേതിക വിദ്യയുടെ ആവശ്യമില്ല. മണ്ണിലേക്ക് ഒന്ന് നോക്കിയാമതി അച്ഛമ്മക്ക്. പ്രകൃതി ഒരുപാട് രഹസ്യങ്ങള്‍ മനുഷ്യനുമായി പങ്കുവെക്കുന്നുണ്ടത്രേ. മഴയുടെ കാര്യമാവുമ്പോള്‍ അവരുടെ പ്രവചനം കിറുകൃത്യമാണ്. മാനം കാറിത്തുണ്ടൊരു ഇടവമാസം, മിറ്റത്തു ഉണങ്ങാനിട്ട കൊപ്ര മാറ്റാന്‍ അനുവദിക്കാതെ കാര്‍മേഘങ്ങളെയും നോക്കി പിറുപിറുക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഏതോ ദിക്കില്‍നിന്നുവന്ന കുളിര്‍കാറ്റ് കാര്‍മേഘങ്ങളെയും വഹിച്ചുകൊണ്ട് മറ്റേതോ ദിക്കിലേക്ക് പോയി. പ്രവചനം തെറ്റുമെന്നു ഉറപ്പിച്ചിരുന്ന എനിക്ക് അന്ന് നിരാശപ്പെടേണ്ടിവന്നു. കണ്ടിട്ടോ എന്തോ അവര്‍ ഉറക്കെചിരിച്ചു. ഒരു മന്ത്രവാദിനിയെപ്പോലെ

മഴയില്‍നിന്നും കണ്ണ് പറിക്കാതെ അച്ഛമ്മ പഴങ്കഥയിലേക്കു കടക്കാനുള്ള ഭാവമാണ് . കഥകള്‍ കേള്‍ക്കുവാനുള്ള ജിജ്ഞാസകൊണ്ട് ഞാന്‍ അച്ഛമ്മയുടെ മുന്നില്‍ ചമ്രം പടഞ്ഞിരുന്നു.

‘കര്‍കിടകത്തില്‍ത്തന്നെയാണ് . അച്ചാച്ചന്‍ പതിവ് സര്‍കീട്ടിനു പോയതുകൊണ്ട് പിള്ളേരും ഞാനും മാത്രമായിരുന്നു ആ രാത്രി ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി പുരയില്‍……. ”


ദേശത്തിന്റെ കുടിയേറ്റചരിത്രം പറഞ്ഞാല്‍ അച്ഛമ്മയും അതില്‍ ഒരു കഥാപത്രമാകുമെന്നുറപ്പാണ്. വൈക്കത്തിനടുത്തുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും അര നൂറ്റാണ്ടുമുമ്പു വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ഈ മലയോര ഗ്രാമത്തിലെത്തിയതോടെയാണ് അധ്വാനത്തിന്റെ കഥ തുടങ്ങുന്നത്. കുടിയേറ്റം എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന പറിച്ചുനടലിന് ഒരൊറ്റകാരണമേ ഉണ്ടായിരുന്നുള്ളു , വിശപ്പ്. മലമ്പാമ്പിനോടും മലമ്പനിയോടും പോരടിച്ചു ദേശം കെട്ടിപ്പടുത്തപ്പോള്‍ കൊഴിഞ്ഞു വീണ സഹോദരങ്ങള്‍ അനവധിയായിരുന്നു. ചിലര്‍ രോഗവും പട്ടിണിയും നിമിത്തം അധ്വാനമെല്ലാം പാതിവഴിയില്‍ വലിച്ചെറിഞ്ഞു ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ചിലരാകട്ടെ വരുംതലമുറക്ക് ഈ മണ്ണില്‍ വളമായി.

‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്’
ദാരിദ്ര്യത്തിന്റെ, ത്യാഗത്തിന്റെ, സഹകരണത്തിന്റെ, സ്‌നേഹത്തിന്റെ, പിണക്കത്തിന്റെ, ഇണക്കത്തിന്റെ അങ്ങനെ ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ചെറുതല്ലാത്ത ഒരു വാക്ക് തന്നെയാണ് മലയോര മക്കള്‍ക്ക് ‘കുടിയേറ്റം ‘.

പാടുപെട്ട് വെട്ടിപിടിച്ചതെല്ലാം വയറിന്റെ കത്തല്‍ കെടുത്തുവാന്‍ നഷ്ടടപെടുത്തിയപ്പോള്‍ ജീവിതം മലഞ്ചെരുവിലെ ഒറ്റമുറി വീട്ടിലായി. വിശപ്പടക്കല്‍ തന്നെയാണല്ലോ ജീവിതം. അതുകൊണ്ട് അതിലൊട്ടും പരിഭവവുമില്ല. ഉള്ളയിടത്തു നട്ടും നനച്ചും അധ്വാനിക്കാം. കൊച്ചുപിള്ളചേട്ടന്റെ വയലിലും തൊടിയിലുമായി സ്ഥിരമായി പണിയുള്ളതു കൊണ്ട് ഒരുനേരത്തെ പശിക്കൊരു നിവര്‍ത്തിയാണ്. കുട്ടികളുടെ അച്ഛന്റെ തിരുവിതാംകൂര്‍ പ്രണയം തലക്കുപിടിച്ചിരിക്കുന്ന കാലമാണെങ്കില്‍ ഒരു നേരത്തില്‍ കൂടുതല്‍ വിശപ്പിനുള്ള വക കിട്ടാറില്ല എന്നതാണ് സത്യം. മൂപ്പര്‍ ഒരു പോക്ക് പോയാല്‍ നാലഞ്ചു മാസം കഴിഞ്ഞ് നോക്കിയാല്‍ മതി. ആണ്ടിലൊരിക്കല്‍ ഒരു പോക്കുറപ്പാണ്. അത് എപ്പളാണെന്നോ എങ്ങനെയാണെന്നോ പ്രവചനം അസാധ്യം,. പിന്നെ കഷ്ടപ്പാടും ദുരിതവുമാണ്.

‘ പഞ്ഞ കര്‍ക്കിടകം ‘, കാരണവന്മാര്‍ പറയുന്നത് അന്നൊക്കെ ശരിയായിരുന്നു. മഴയും വെയിലും കൊള്ളാതെ ഓടിന് കിഴെ കുത്തിയിരുന്ന് ജോലിയെടുക്കുന്ന എത്രപേരുണ്ടാകും നാട്ടില്‍? ഇല്ലായെന്ന് തന്നെ പറയാം. മഴ തിമിര്‍ക്കുകയാണെങ്കില്‍ പുറത്തിറങ്ങാന്‍ പറ്റില്ല. പണിയുണ്ടാകില്ല. കൂലി ഇല്ല. പട്ടിണി, കൊടും പട്ടിണി. എത്രകുരുന്നുകള്‍ വിശന്നു മരിച്ചുപോയിരിക്കുന്നു. ഒരു കര്‍ക്കിടകമാസം പാതി പിന്നിട്ടിരുന്നു ,മൂപ്പരുടെ സര്‍ക്കീട്ട് കാലം, മഴ കനത്തു.

നാലഞ്ചു ദിവസം നിര്‍ത്താതെ പെയ്തപ്പോള്‍ മലഞ്ചെരുവിലെ ഒറ്റമുറി വീട്ടില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. രാത്രി ഓലപ്പുരയുടെ മൂലയില്‍ ചോര്‍ന്നൊലിക്കാത്തിടത്തു മക്കളെയും വാരിപ്പുണര്‍ന്നു മഴക്കലിയുടെ ഭീകരരൂപം കണ്ട് അവരിരുന്നു. കുളിരുമായി വീശിയടിച്ച കാറ്റില്‍ മണ്ണെണ്ണ വിളക്ക് കെട്ടു ഇരുട്ടില്‍ മുങ്ങിപ്പോയി. പതിയേ കാറ്റു ശക്തമായപ്പോള്‍ മരത്തടികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഒടിയുകയും ചെയ്തു. മണ്ണട്ടകള്‍ ഭയപ്പെട്ടതുപോലെ അലറി വിളിച്ചു. വളര്‍ത്തു നായ്ക്കളും കന്നാലികളും പരാക്രമം കാട്ടി. നായ്ക്കള്‍ ഓരിയിടുകയും കന്നാലികള്‍ മുക്രയിട്ട് പ്രത്യേക ശബ്ദത്തില്‍ അമറുകയും ചെയ്തു. പ്രകൃതി എന്തിനോവേണ്ടി കോപ്പുകൂട്ടുന്നതിന്റെ സൂചനയാണത്. ഭയം തികട്ടി വന്നു. ഇരുട്ടില്‍ ഒറ്റയ്ക്കാകുന്ന പെണ്ണിന്റെ ഭയം വഴിമാറി ജീവനില്‍ തട്ടി നില്‍പ്പായി . സ്വന്തം ജീവനില്‍, മക്കളുടെ, കന്നുകാലികളുടെ, കൃഷിയിടങ്ങളുടെ, ഓലപ്പുരയുടെ..
പ്രാണഭയമില്ലാത്ത ഏതു ജീവിയുണ്ട്??

രാത്രിയുടെ ഏതോ യാമത്തില്‍ ഇരുട്ടില്‍നിന്നും നിദ്രദേവി പ്രത്യക്ഷമായ, നെറുകയില്‍ കൈവെച്ചനുഗ്രഹിച്ചു. ഉറങ്ങിപ്പോയി.

കാലത്ത് വാതിലില്‍ ആരോ ആഞ്ഞു മുട്ടുന്നത് കേട്ടാണ് ഉറക്കം ഞെട്ടിയത്. പുറത്ത് ഒരു പുരുഷാരം ഇരമ്പുന്നു. മഴ കലിയല്‍പ്പം അടക്കി മയപ്പെട്ടിരുന്നു. തിടുക്കത്തില്‍ വാതില്‍ തുറന്നത് കുത്തിയൊലിക്കുന്ന വെള്ളപാച്ചിലിലേക്കാണ്. മിറ്റം തോടായിരിക്കുന്നു, തൊടിയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ അടിഞ്ഞു കൂടിയിരിക്കുന്നു. കുറത്തി മലയില്‍ നിന്നും മലവെള്ളം കുത്തിയൊലിച്ചു പാഞ്ഞപ്പോള്‍ കൈത്തോട് പൂര്‍ണവളര്‍ച്ചയെത്തി. കയ്യിട്ടാല്‍ അറ്റുപോകുന്ന വേഗത്തില്‍ തോട് പായുന്നു.

വെള്ളത്തിനു ചോരയുടെ നിറം

‘പുറത്തിറങ്ങാതെ ഇവിടെ തന്നെ കുത്തിയിരുന്നത് ഭാഗ്യമായി, ഇറങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നെങ്കിലോ ?? ‘

ആരാണ് പറഞ്ഞതെന്ന് നിശ്ചയം പോരാ. ഇറങ്ങി ഓടിയിരുന്നെങ്കില്‍ മണ്ണില്‍ പൂണ്ട് അവസാനിച്ചിരുന്നേനെ. വഴിയിലും തൊടിയിലും മണ്ണും കൂറ്റന്‍ പാറകളും അടിഞ്ഞു കൂടി കിടക്കുന്നു. കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത ഏതൊയിടം പോലെ തോന്നി.

ചുവന്ന ഒരിടം!.

ഉറക്കത്തിനിടെ ഇതൊന്നും അറിഞ്ഞില്ലയെന്നതാണ് അത്ഭുതം. സാദാരണ ചെറുമര്‍മരം പോലും ഉറക്കത്തിനു വിഘ്‌നമാകാറുള്ളതാണ്. പക്ഷേ ഭൂമി വിണ്ടുകീറി ഒഴുകിയിട്ടും ഒന്നുമറിഞ്ഞില്ല.

പെരുമാളിന്റെ അനുഗ്രഹം.

പരിസരം മറന്ന് പെണ്ണുറങ്ങാന്‍ പാടില്ലെന്നാണല്ലോ. ഉറങ്ങിപോയ ചിലര്‍ക്കൊക്കെ നഷ്ടങ്ങളുടെ കണക്കാകും പറയാനുണ്ടാകുക. ഇവിടെ ? പെണ്ണിന്റ അലസമായ ഒരുറക്കം ഒരുപറ്റം ജീവനുകള്‍ തന്നെ ബാക്കിയാക്കി. അറിഞ്ഞിരുന്നെങ്കില്‍ പ്രാണരക്ഷാര്‍ത്ഥം ഓടുമെന്നു ഉറപ്പല്ലേ. പ്രാണഭയം ഇല്ലാത്ത ജീവികളുണ്ടോ?

‘കുറത്തിമലയുടെ അടിവാരത്ത് ഒരു കുട്ടിയെ കാണാതായിട്ടുണ്ടത്രേ ‘

തോടിനക്കരെനിന്നു ആരോ വിളിച്ചുപറഞ്ഞപ്പോള്‍ ജനക്കൂട്ടം അങ്ങോട്ടേക്കോടി. നാലാമത്തെ ദിവസം
ഒരു മുടിനാരിനെ പിന്തുടര്‍ന്നപ്പോള്‍ കൂമ്പിപ്പോയ പനിനീര്‍ മൊട്ടിനെ കണ്ടെടുത്തു. അപ്പോള്‍ കുറത്തിമലയുടെ മുകളിലൂടെ ആകാശം ഇരുണ്ടു വീണ്ടും കരയാന്‍തുടങ്ങി.


‘മഴക്ക് ഏതാണ്ട് ഈ ഭാവംതന്നെയായിരുന്നു അന്നും ‘

മഴയിലേക്ക് നോക്കിയിരിക്കുന്നു അച്ഛമ്മയുടെ ഭാവമെന്താണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല. മിറ്റത്തെ മാവൊന്നു വിറച്ചു, ശക്തമായി ഇടി കുടുങ്ങി. കണ്ണുകള്‍ ഇറുക്കിയടച്ചു അച്ഛമ്മയോട് ചേര്‍ന്നു നിന്നു. പുറത്തെ ബഹളം കേട്ട് കണ്ണ് തുറന്നപ്പോള്‍ ആളുകള്‍ തലങ്ങും വിലങ്ങും അലറിക്കൊണ്ട് പായുന്നു. അപ്പോളും നിര്‍വികാരമായിതന്നെ മഴയിലേക്ക് ഉറ്റു നോക്കിയിരിക്കുകയായിരുന്നു അച്ഛമ്മ.

‘അച്ഛമ്മേ.. ‘

അച്ഛമ്മയെ ഇളക്കി വിളിച്ചപ്പോള്‍ അവര്‍ ഒന്ന് പുഞ്ചിരിച്ചു. സൗമ്യവും ദീപ്തവുമായ ഭാവമായിരുന്നു അവര്‍ക്കപ്പോള്‍.

‘ ഏങ്ങട്ടും ഓടിയിട്ട് കാര്യമില്ലല്ലോ ഉണ്ണിയേ, ഈ മണ്ണിലാകുമ്പോള്‍ പുണ്യമെങ്കിലും കിട്ടും. കൊത്തിയും കിളച്ചും കുറെ നാള്‍ കാത്ത മണ്ണല്ലേ .. ‘

അവര്‍ ശാന്തമായി പറഞ്ഞുകൊണ്ട് പുറത്തേക്കു കൈ ചൂണ്ടി. അവിടെ ഞാന്‍ അവനെ കണ്ടു . എന്നത്തേയുംപോലെ അവന്‍ ചിരിക്കുകയായിരുന്നു.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights mazhakkalam – story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here