Advertisement

കൺകെട്ട്

November 9, 2020
Google News 3 minutes Read

..

കിരൺ ഏലിയാസ്/ കഥ

തിരുവനന്തപുരത്ത് ഐടി കമ്പനിയിൽ ട്രെയിനിയാണ് ലേഖകൻ

ഏതോ സ്വപ്‌നത്തിൽ നിന്ന് ഞെട്ടിയാണ് സേതുമാധവൻ ഉണർന്നത്.

‘എന്തൊരു ചൂട് ഉറങ്ങാൻ പറ്റുന്നില്ല ലക്ഷ്മി’ എന്ന് പറഞ്ഞുകൊണ്ട് അയാൾ കട്ടിലിൽ നിന്ന് എണീറ്റു.

മാർച്ച് മാസത്തിൽ ഇത്രയാധികം ചൂട് അയാൾ ഇതുവരെ അനുഭവിച്ചിട്ടില്ല. ഉറക്കത്തിന്റെ അലസത അയാളുടെ മുഖത്ത് പ്രകടമായിരുന്നു. മേശപുറത്തുവച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാനായി അയാൾ മേശക്ക് അരികിലേയ്ക്ക് പോയി. രഘുവിനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴാണ് ഫോണിൽ ചാർജിലെന്ന് കണ്ടത്. അയാൾ സ്വയം പഴിച്ചുകൊണ്ടു മൊബൈൽ ചാർജ് ചെയ്യാൻവച്ചു.

ചാർജ് ചെയ്തു തുടങ്ങിയപ്പോൾ ഫോൺ ഓണായി ഒരു മെസേജ് വന്നിരിക്കുന്നു. അയാൾ അത് വായിച്ചു.

തന്റെ അക്കൗണ്ടിലേക്ക് 2000 രൂപ കയറിയിരിക്കുന്നു, ഗവൺമെന്റിന്റെ എന്തോ പദ്ധതിയാണെന്ന് അയാൾ ഭാര്യയോട് പറഞ്ഞു.

‘അല്ല എന്ത് പദ്ധതിക്കാണ് ഈ കാശ് വന്നത്’ ലക്ഷ്മി അയാളോട് ചോദിച്ചു, അയാൾ ‘അറിയില്ല’ എന്ന് ഉത്തരം നൽകി.

രാവിലെ പത്രം വായിക്കാനായി എടുത്തപ്പോഴാണ് ചെറുകിട കർഷകർക്കുള്ള സഹായധനമാണ് അതെന്ന് അയാൾക്ക് മനസിലായത്. ചൂട് കട്ടൻ കുടിച്ചുകൊണ്ട് അയാൾ ഭാര്യയോട് പറഞ്ഞു

‘വർഷത്തിൽ മുന്ന് പ്രാവശ്യം ഇതുപോലെ കാശ് അക്കൗണ്ടിൽ വരും’

ചെറുതാണെങ്കിലും അയാൾക്ക് ഇപ്പോൾ ലഭിച്ച തുക വിലപ്പെട്ടതാണ്. മഴ കാരണം കൃഷി നശിച്ച വർഷം, ഇപ്പോഴത്തെ കാലാവസ്ഥവച്ച് അടുത്ത വർഷം കൃഷിയിറക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ് അയാളിപ്പോൾ.

ഭരിക്കുന്നവർ തന്നെ പോലുള്ളവരെ ഓർക്കുന്നുണ്ടല്ലോ എന്ന് സേതുമാധവൻ മനസിൽ പറഞ്ഞു. ബാങ്കിൽ നിന്ന് എടുത്ത ലോൺ എത്രയും പെട്ടെന്നു തിരിച്ചു അടക്കണം. മകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കോളജിലെ അവളുടെ ഫീസിന് തന്നെ വേണം നല്ലൊരു തുക. ചെറിയൊരു തലോടൽ ആണ് അയാൾക്ക് ഈ പണം. അയാൾ പത്രം വായിച്ചു നിർത്തിയ സ്ഥലത്ത് നിന്ന് വായന വീണ്ടും തുടർന്നു.

ആദ്യ പേജിന്റെ താഴെ ഭാഗത്തുള്ള വാർത്ത വീണ്ടും അയാളെ സന്തോഷിപ്പിച്ചു. ആ വാർത്ത ഇതായിരുന്നു
‘കാർഷിക കടങ്ങൾക്ക് ഗവൺമെന്റ് കാലാവധി നീട്ടി കൊടുക്കുവാൻ തീരുമാനിച്ചു’. വലിയൊരു ഭാരം ഇറക്കിവച്ചതു പോലെ അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചെറുപുഞ്ചിരി പടർന്നു.

‘കുറച്ചു നേരത്തെ ഇങ്ങനെ തീരുമാനിച്ചിരുന്നെക്കിൽ ജെയിംസ് ആത്മഹത്യ ചെയ്യിലായിരുന്നു. രക്തസാക്ഷികൾ ഉണ്ടെങ്കിൽ അല്ലേ നമ്മുടെ നാട്ടിൽ തീരുമാനങ്ങൾ ഉണ്ടാകൂ’.

പത്ര വായനക്ക് ശേഷം അയാൾ പത്രം മടക്കിവച്ചു കസേരയിൽ വിശ്രമിക്കാൻ തുടങ്ങിയപ്പോഴേക്കും ലക്ഷ്മി അടുത്തുവന്നു പറഞ്ഞു

‘എന്തായാലും കുറച്ചു കാശ് അക്കൗണ്ടിലേക്കd വന്നതല്ലേ, സാധനങ്ങളൊക്കെ കഴിഞ്ഞിരിക്കുകയാണ് നിങ്ങൾ ടൗണിലേക്ക് പോയി മേടിച്ചിട്ടു വാ’

കുറച്ചു നാളായി വീട്ടിനുള്ളിൽ തന്നെയുള്ള ഈ ഇരിപ്പിന് ഒരു മാറ്റം തനിക്കും ആവശ്യമാണെന്ന് അയാൾക്കു തോന്നി. മേടിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി ബസ് സ്റ്റോപ്പിലേക്ക് അയാൾ നടന്നുനിങ്ങി.

ടൗണിലേക്കുള്ള ബസ് വന്നപ്പോൾ അയാൾ അതിൽ കയറി. ഇരിക്കാൻ ഒരു ഇടം തേടി അയാളുടെ കണ്ണുകൾ സീറ്റുകളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഒഴിവായി കിടക്കുന്ന ഒരു സീറ്റിൽ അയാൾ സ്ഥാനം കണ്ടെത്തി.

ബസ് യാത്രക്കിടയിൽ ടാറിന്റെ മണം സേതുമാധവന്റെ മൂക്കിലേയ്ക്ക് ഇരച്ചു കയറിവന്നു. പൊട്ടി പൊളിഞ്ഞു കിടന്ന റോഡാണ്. ഇപ്പോഴെങ്കിലും ടാർ ചെയ്യാൻ തോന്നിയത് നന്നായി, അയാൾ മനസിൽ പറഞ്ഞു. ബസ് യാത്ര തുടരുന്നതിനിടയിൽ നാട്ടിലെ പ്രശസ്ത ജ്യോത്സ്യന്റെ വീടിന് മുന്നിൽ ഒരു ആൾകൂട്ടം വെള്ള ഷർട്ടും മുണ്ടും ധരിച്ച കുറെ ആളുകൾ, ഇനി ജ്യോത്സ്യന് വല്ലതും പറ്റിയോ?

സീറ്റിൽ നിന്ന് എണീറ്റു പതിയെ അയാൾ പുറത്തേക്കു നോക്കി.

ഇല്ല, ജ്യോത്സ്യന് ഒന്നും സംഭവിച്ചിട്ടില്ല. വെള്ള ഷർട്ട് ഇട്ട ഒരാൾക്ക് കൈകൊടുത്തുകൊണ്ട് ജ്യോത്സ്യൻ പുറത്തേക്ക് ഇറങ്ങി വന്നു.

‘അല്ല ആ വെള്ള ഷർട്ട് ഇട്ട ആൾ നമ്മുടെ എം.എൽ.എ അല്ലെ?’ അടുത്തിരുന്ന ആൾ സേതുമാധവനോട് ചോദിച്ചു. തന്റെ മണ്ഡലം ഇത് അല്ലെന്നും തനിക്കറിയില്ല എന്നും പറഞ്ഞ് അയാളത് ഒഴിവാക്കി.

ടൗണിൽ എത്തി മേടിക്കേണ്ട സാധനങൾ എല്ലാം മേടിച്ചു നടന്നുനിങ്ങുമ്പോഴാണ് പള്ളിമുറ്റത്ത് ഒരു ആൾക്കൂട്ടം.

‘ഇന്ന് ഞായറാഴ്ച അല്ലല്ലോ, പിന്നെന്താ ഒരു തിരക്ക്’

അയാൾ തല എത്തിച്ചു നോക്കി. വീണ്ടും വെള്ള ഷർട്ടും മുണ്ടും ധരിച്ച ആൾക്കാർ. രാവിലെ ജ്യോത്സ്യന് കൈകൊടുത്ത അയാൾ തന്നെ പളളീലച്ചന് കൈകൊടുത്തു അവിടെ നിൽക്കുന്നുണ്ട്.

അയാൾ അവിടെ നിന്ന് പെട്ടെന്നു ഇറങ്ങി ഒരു ബസ് പിടിച്ചു സാധനങ്ങളുമായി വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടിൽ വന്നു കയറിയപ്പോൾ മേടിച്ച സാധനങ്ങൾ ലക്ഷ്മിയെ ഏൽപിച്ചു. അയാൾ കസേരയിൽ സ്ഥാനമുറപ്പിച്ച് മകളെ വിളിച്ചു ടി.വി ഓണാക്കി, വാർത്തക്കുള്ള സമയം ആയിരുന്നു അപ്പോൾ.

റിമോട്ട് എടുത്തു വാർത്താ ചാനൽവച്ചപ്പോൾ ഇലക്ഷനുള്ള ദിവസങ്ങൾ ഇലക്ഷൻ കമ്മീഷണർ പ്രഖ്യാപിക്കുന്നു.

താൻ രാവിലെ മുതൽ കണ്ടതെല്ലാം ഒരു കൺകെട്ടായി അയാൾക്കു തോന്നി. അക്കൗണ്ടിലേക്ക് വന്ന 2000 രൂപ കൺകെട്ടിന്റെ തുടക്കത്തിലേ വിദ്യയായിരുന്നു എന്ന് അയാൾ മനസിലാക്കി.

അയാൾ ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്നു. പെട്ടെന്നു തന്നെ അടച്ചകണ്ണുകൾ തുറന്നു, പിന്നീട് അയാൾ അതിനെ പറ്റി ഓർത്തില്ല, ഓർക്കുകയില്ല.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Reader blog, Kankettu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here