തീമോള്‍

..

സുരേഷ് നാരായണന്‍/കഥ

ധനലക്ഷ്മി ബാങ്ക് ജീവനക്കാരനാണ് ലേഖകന്‍

പുതുതായി സ്‌കൂളില്‍ വന്ന മലയാളം മാഷായിരുന്നു അയാള്‍.

ആദ്യ ക്ലാസില്‍ കുട്ടികളെ പരിചയപ്പെടുകയായിരുന്നു.

വിടര്‍ന്ന കണ്ണുകള്‍ ഓരോന്നായി പേരു പറഞ്ഞുകൊണ്ടിരുന്നു :

…നയന , സൗമ്യ , അക്ഷര , അനുപമ അങ്ങനെയങ്ങനെ ..

അവരെയും കടന്ന് മാഷിന്റെ കണ്ണുകള്‍ പിന്‍ബെഞ്ചിന്റെയറ്റത്തേക്കു സഞ്ചരിച്ചു.

അവിടൊരുവള്‍… ‘ തീര്‍ത്ഥമോള്‍ ‘ ;
അവള്‍ പരിചയപ്പെടുത്തി;
ഒട്ടൊരു സങ്കോചത്തോടെ.

അപ്പോഴേക്കും മാഷിനെ ഞെട്ടിച്ചുകൊണ്ട് കോറസ് മുഴങ്ങി .

‘തീര്‍ത്ഥയല്ല, തീമോളാണ് മാഷേ!’

കൂട്ടച്ചിരിയൊടുങ്ങവേ, അവള്‍ തല കുനിച്ചു.

മാഷ് പക്ഷേ ചിരിച്ചില്ല.

അയാള്‍ക്കെന്തോ ,
തലേന്നു വൈകിട്ടു പുറപ്പെടുമ്പോള്‍ ജനലഴികളില്‍ ഒട്ടുനേരം തങ്ങിനിന്ന രണ്ടുകുഞ്ഞിക്കണ്ണുകളെയോര്‍മ്മ വന്നു.

മണിക്കൂറുകള്‍ യാത്ര ചെയ്ത് സ്‌കൂളിലെത്തുന്നതുവരെ ആ കണ്ണുകള്‍ അയാളെ അനുഗമിച്ചിരുന്നു.

പെട്ടെന്നു നിറഞ്ഞുപോയ കണ്ണുകള്‍ കുട്ടികള്‍ കാണാതെ തുടയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ട് അയാള്‍ ജനലിലേക്ക് വെറുതെ നോക്കിക്കൊണ്ടിരുന്നു ;

ഏതാനും നിമിഷങ്ങള്‍…

അപ്പോള്‍ ബെല്ലടിച്ചു. ലാസ്റ്റ് പീരീഡ് ആയിരുന്നു. അയാളെ തള്ളിമാറ്റിക്കൊണ്ടു കുട്ടികള്‍ തിക്കിത്തിരക്കാന്‍ തുടങ്ങി.

നിമിഷങ്ങള്‍.. ക്ലാസ് റൂം കാലിയായി.

പെട്ടെന്നെന്തോ ഓര്‍ത്തുകൊണ്ട് മാഷ് ക്ലാസിനു പുറത്തേക്കോടി. ഇടനാഴിയില്‍ നിന്നുകൊണ്ട് ‘തീര്‍ത്ഥേ’എന്നു വിളിച്ചു .

വിളി കേട്ടതും, ഏറ്റവും പുറകിലായി നടന്നു പോയിരുന്ന പിന്നിയിട്ട മുടി തിരിഞ്ഞുനിന്നു.

ഒറ്റ ശ്വാസത്തിന് അവളുടെ അടുത്തെത്തിക്കൊണ്ട് മാഷ് ചോദിച്ചു.

‘നിന്നെയെന്താ എല്ലാരും തീമോള്‍ എന്ന് വിളിക്കണേ?’

പൂര്‍ണമായും സിലബസിനകത്തുള്ള ആ ചോദ്യം കേട്ടതും, അവളുടെയുത്തരം ഒരു ഉപന്യാസം പൊലൊഴുകിയെത്തി .

‘ന്റെ ഉള്ളില്‍ തീയാന്നാ അമ്മ എപ്പോഴും പറയണേ …ഞാന്‍ ജനിച്ചപ്പ മുതല്‍ തീയാത്രേ … സ്‌കൂളില്‍ പോയിത്തുടങ്ങിയപ്പോ തീ , വലുതായി ഹൈസ്‌കൂളിലെത്തിയപ്പോ തീ… ഞാന്‍ വീട്ടീന്നെറങ്ങുമ്പം തീ.. തിരിച്ചുവരുന്നതു വരെ തീ…അടുപ്പിന്റുള്ളില് തീ.. ചേച്ചിമാരുടെ ഉള്ളിലു തീ …അച്ഛന്റെ വായില്‍നിന്നു വരുന്ന തീ ..പത്രം തുറന്നാല്‍ , ടി വി തുറന്നാല്‍ ..
എപ്പോഴും എന്റെ പുറകേ ആളി വരും തീ..’

ഒറ്റശ്വാസത്തിലാണവള്‍ അത്രയും പറഞ്ഞത്. മനഃപാഠമാക്കിയ ഒരുത്തരം പകര്‍ത്തി വയ്ക്കുന്നതു പോലെ. എന്നിട്ടു തിരിഞ്ഞു സാവധാനം നടന്നകന്നു.

പാറിവീണ സൂര്യവെളിച്ചം സമ്മാനിച്ച
വലിയ നിഴല്‍ ബദ്ധപ്പെട്ട്
അവളെ പിന്തുടര്‍ന്നു പോകുന്നത്
മാഷ് നോക്കി നിന്നു.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights theemol story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top