ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (22-11-2020)

പൊലീസ് നിയമ ഭേദഗതി; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
വിവാദമായതോടെ പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
ജോസ് കെ മാണിക്ക് ‘രണ്ടില’; പി ജെ ജോസഫ് നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫ് നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. കോടതി വിധി എതിരായതോടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരുടെ ഗണത്തിലേക്ക് മാറുമോയെന്നതാണ് ജോസഫ് പക്ഷത്തിന്റെ ആശങ്ക.
സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനാ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി പറഞ്ഞു. കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇ.ഡിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബിജെപിയുമായി ചേര്‍ന്ന് കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം അവസാനിപ്പിക്കണം.
കിഫ്ബി; മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം ആരംഭിച്ചു
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടികൊണ്ട് ഇഡി ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; അന്വേഷണം എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിൽ
സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇനി ആയുർവേദ ഡോക്ടർമാർക്കും സർജറി നടത്താം
രാജ്യത്ത് ഇനിമുതൽ ആയുർവേദ ഡോക്ടർമാർക്കും സർജറി നടത്താം. ചെവി, തൊണ്ട, മൂക്ക്, കണ്ണ്, എല്ലുകൾ, പല്ലുകൾ എന്നിങ്ങനെയുള്ള സർജറികൾ നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം
ഇന്ത്യയിലെ തദ്ദേശിയ വാക്‌സിനായ ‘കോവാക്‌സിൻ’ ട്രയൽ വിവാദത്തിൽ. വാക്‌സിൻ സ്വീകരിച്ച യുവാവിനു ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തിവയ്ക്കാതിരുന്നതാണു വിവാദങ്ങൾക്ക് വഴിവച്ചത്.
Story Highlights – today headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here