പരീക്ഷ

..

ജൗഹർ വട്ടംകുളം/ കവിത

മുംബൈയിൽ എഞ്ചിനീയറാണ് ലേഖകൻ

ടീച്ചറേ…,
ആരൊക്കെയോ വന്നെന്റെ
ചരിത്ര പുസ്തകത്തിലെ
കുറെ ഏടുകൾ
പറിച്ചെടുത്തുകൊണ്ടു പോയി.
പകരം തുന്നിച്ചേർത്ത ഏടുകൾക്ക്
ചോരയുടെ മണം,
അക്ഷരത്തെറ്റുകൾ,
വ്യാകരണപ്പിഴവുകൾ.
ഉള്ളിൽ മാനംകാണാതെവെച്ച
നുണയുടെ മയിൽപീലി
പെറ്റുപെരുകിയിരിക്കുന്നു.

എന്റെ സാമ്പത്തികശാസ്ത്ര പുസ്തകം
കീറി അടുപ്പിൽ വച്ചാണ് ടീച്ചറേ
ഇന്നമ്മ കഞ്ഞി വെച്ചത്.
പട്ടിണി കിടന്നു മരിച്ചില്ലെങ്കിൽ
അഞ്ചു വർഷം കഴിയുമ്പോൾ
പുതിയതൊന്ന് വാങ്ങിത്തരാമെന്ന്
ഉറപ്പുതന്നിട്ടുണ്ട്.

ഭൂമിശാസ്ത്രത്തിന്റെ
പരീക്ഷാപേപ്പറിൽ
ഇന്ത്യയുടെ ഭൂപടം വരക്കാനുള്ള
ചോദ്യമുണ്ടായിരുന്നോ?
സ്വന്തം മേനിയിൽ
ശക്തിയിൽ ചാട്ടവാറുകൊണ്ടടിക്കുന്ന
ഒരു പെൺകുട്ടിയെ കണ്ടിട്ടുണ്ടോ ടീച്ചർ?
കൂടെ
കയ്യിൽ നാണയം
കിലുക്കിവരുന്ന
അവളുടെ
അനിയനെ കണ്ടിട്ടുണ്ടോ?
നിഘണ്ടുവിൽ
പുഞ്ചിരിയില്ലാത്തൊരു ലോകത്തേക്ക്
പിറന്നു വീണവർ.
അടിയേറ്റ് തഴമ്പിച്ച
അവളുടെ പുറകിലേക്ക്
സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?
അവിടെ
ഒരു രാജ്യത്തിന്റെ
ഭൂപടം ദൃശ്യമാകുന്നത് കാണാം.
അത് വരച്ചതിനാണ്
ടീച്ചറെനിക്ക്
മുഴുവൻ മാർക്കും തന്നത്.

വീട്ടിൽ പത്രം
വരുത്താൻ തുടങ്ങിയ
അന്നാണ് ടീച്ചറേ
എന്റെ സാമൂഹ്യശാസ്ത്ര പുസ്തകം
കാണാതായത്.
അത് തിരഞ്ഞു നടന്നപ്പോൾ
ചൂടാറിപ്പോയൊരു സുലൈമാനി
ഇന്നും പരസ്യങ്ങൾക്കിടയിൽ
ചൂടുള്ള വാർത്തകൾ തിരയുന്നുണ്ട്.

പറഞ്ഞതിനും പ്രവർത്തിച്ചതിനും
ഇടയിലുള്ള ദൂരമളക്കാൻ
കഴിയാതെ വന്നതിൽ പിന്നെയാണ്
ഞാൻ തത്വശാസ്ത്രത്തിന്റെ പുസ്തകം
അടച്ചു വെച്ചത്.
അങ്ങിനെയാണ് ടീച്ചറേ
രണ്ടുവരി
കവിത എഴുതാൻ പറഞ്ഞ ചോദ്യത്തിന്
നാലുവരി ജീവിതമെഴുതിയ
വിദ്യാർത്ഥി തോറ്റുപോയത്.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Pareeksha, poem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top