ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; ഏഴ് കേസുകളില്‍ കൂടി എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയഏഴ് കേസുകളില്‍ കൂടി പ്രത്യേക അന്വേഷണ സംഘം എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി.നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ പതിമൂന്ന് കേസുകളില്‍ കമറുദ്ദീനെ ജയിലില്‍ ചോദ്യം ചെയ്യുകയാണ്.

ഫാഷന്‍ ഗോള്‍ഡ്ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലാണ് എം.സി. കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഴ് കേസുകളില്‍ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നല്‍കും.

പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത 76 കേസുകളില്‍ 70 എണ്ണത്തിലും ഇതോടെ കമറുദ്ദീന്‍ അറസ്റ്റിലായി. അതേസമയം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ മറ്റൊരു സംഘം എംഎല്‍എയെ ജയിലില്‍ ചോദ്യം ചെയ്യുകയാണ്.ക്രൈംബ്രാഞ്ച്ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.ഈ കേസുകളില്‍ ഇക്കഴിഞ്ഞ 16ന് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജയിലില്‍ വച്ച് ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. കാസര്‍ഗോഡ് ജില്ലാ ജയിലില്‍ കൊവിഡ് ഭീഷണിയുള്ളതിനാല്‍ രണ്ട് ദിവസം മുന്‍പാണ് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Story Highlights investment fraud case kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top