ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫീസ് വെട്ടിക്കുറച്ച് ഡല്‍ഹി സർക്കാർ

കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർടിപിസിആർ പരിശോധനയ്ക്കുള്ള നിരക്ക് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ. സ്വകാര്യ ലാബുകൾ 2,400 രൂപ ഈടാക്കിയിരുന്നിടത്തുനിന്ന് 800 രൂപയാക്കിയാണ് വെട്ടിക്കുറച്ചത്. ഡൽഹി കൊവിഡിന്റെ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.
ഡല്‍ഹിയില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊവിഡ് പരിശോധന സൗജന്യമായി നടത്താന്‍ കഴിയും. എന്നാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ ഇതോടെ സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്താകമാനം ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാര്‍ഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Story Highlights – Delhi govt, RTPCR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here