ചുക്കിച്ചുളിഞ്ഞ പത്തുരൂപ
..
വിഷ്ണു ശ്രീധരന്‍/കഥ
ബിടെക് ബിരുദധാരിയാണ് ലേഖകന്‍
ഇനി എന്ത് ചെയ്യണം എന്നറിയാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു അവന്‍. നട്ടുച്ചനേരത്ത് ഒരരയാല്‍ മുത്തശ്ശിയുടെ ചുവട്ടിലിരുന്ന് ദാസന്‍ തന്റെ കഴിഞ്ഞുപോയ ജീവിതം ഓര്‍ക്കുകയായിരുന്നു. ചുറ്റുമെങ്ങും ആരുമില്ല. അവന്റെ മുന്നിലൂടെ അന്ത്യമില്ലാത്ത റെയില്‍പ്പാളം നീണ്ടു കിടക്കുന്നു. ‘എന്റെ ജീവിതവും ഇതുപോലെ അന്ത്യമില്ലാതെയായിത്തീരുമോ? ആര്‍ക്കറിയാം… എല്ലാം
ദൈവനിശ്ചയം. ദൈവം സത്യമോ മിഥ്യയോ? ദൈവം ഉണ്ടെങ്കില്‍ എന്നോട് അല്പം കരുണ കാണിക്കാത്തതെന്തേ?’
പെട്ടന്നാണ് ദാസന്‍ ഒരു നാടോടി സ്ത്രീയെ ശ്രദ്ധിച്ചത്. ചെറിയകുട്ടിയും അവളോടൊപ്പം ഉണ്ടായിരുന്നു. അവര്‍ പാളത്തിനരികിലൂടെ അല്‍പ്പം വേഗത്തില്‍ നടന്നു വരുന്നു. കണ്ടാല്‍ അമ്മയെയും മകനെയും പോലെ തോന്നിക്കുന്ന അവരുടെ വസ്ത്രങ്ങളില്‍ ചെളിയും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നു. വെള്ളം കാണാത്ത തലമുടികള്‍ കാറ്റില്‍ പാറിക്കളിക്കുന്നു. പാളത്തിനരികിലായി ആരോ വലിച്ചെറിഞ്ഞ എച്ചിലിലയായിരുന്നു അവരുടെ ലക്ഷ്യം. ദിവസങ്ങള്‍ക്കുശേഷം ഭക്ഷണം ലഭിക്കുന്നതിന്റെ ആക്രാന്തത്തോടെ ആ അമ്മയും മകനും
എച്ചിലില അരിച്ചുപെറുക്കി ഭക്ഷിച്ചു. ഹൃദയഭേദകമായ ആ കാഴ്ച ദാസന്റെ മനസിലും വേദനയുണ്ടാക്കി. ‘ഹോ! ദൈവം എന്തൊരു കൂരനാ.. ആരോ വലിച്ചെറിഞ്ഞ എച്ചില്‍ കഴിക്കേണ്ടിവരുന്നവരുടെ അവസ്ഥ…’
ദാസന്‍ ഉടനെ അവന്റെ കീശയില്‍ കയ്യിട്ടു. ചുക്കിച്ചുളിഞ്ഞു കീറാനായ ഒരു പത്തുരൂപനോട്ട്. അവനത് ആ നാടോടി സ്ത്രീയുടെ കയ്യില്‍ നല്‍കി. അത് കയ്യില്‍കിട്ടിയപ്പോഴുള്ള അവരുടെ സന്തോഷം ദാസന്റെ സന്തോഷമായി അവനു തോന്നി. കൈകൂപ്പിക്കൊണ്ട് ആ അമ്മയും മകനും ദാസനോട് എന്തൊക്കെയോ പറഞ്ഞു. അവനൊന്നും മനസിലായില്ല. എങ്കിലും തന്നോടുള്ള നന്ദി പ്രകടിപ്പിക്കുകയാണെന്ന് അവനുതോന്നി. കൈകൂപ്പികൊണ്ട് അവര്‍ നടന്നുപോകുന്നത് കണ്ടപ്പോള്‍ ദാസന് വലിയൊരു ആശ്വാസംതോന്നി.
പെട്ടെന്ന് ഒരു ഗുഡ്‌സ് ട്രെയിന്‍ ഭയാനകരമായ ശബ്ദത്തോടെ എങ്ങുനിന്നെന്നില്ലാതെ വന്നു. കാലനെപ്പോലെ വന്ന വണ്ടി ആ അമ്മയെയും കുഞ്ഞിനെയും തൊട്ടു തൊട്ടില്ലെന്ന വിധത്തിലായി. പിന്നീട് കാണുന്നത് രണ്ടു
മനുഷ്യര്‍ നിലവിളിച്ചുകൊണ്ട് പറന്നകലുന്നതാണ്. ആ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി അടുത്തുള്ള കൊക്കയിലേക്ക് തെറിച്ചു. എവിടെ നിന്നോ വന്നവര്‍ എവിടെക്കോ പോയി. ദാസന്‍ ആ കാഴ്ചകണ്ട് സ്തംഭിച്ചുനിന്നുപോയി. അവന് ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ആ കാഴ്ചയുടെ ഭീതിയോടെ ദാസന്‍
ആരോടെന്നില്ലാതെ പറഞ്ഞു.
‘എന്ത് കഷ്ടം..മരിക്കാന്‍ തീരുമാനിച്ചു വന്നതായിരുന്നോ അവര്‍? എച്ചിലിലയില്‍ അവശേഷിച്ച ഭക്ഷണം അവരുടെ അവസാനത്തെ അന്നമായിരുന്നോ? പാവം… ആരും ചോദിക്കാനും പറയാനുമില്ലാത്ത രണ്ടുജന്മങ്ങള്‍. ഒരു വിധത്തില്‍ ചിന്തിച്ചാല്‍ ഞാനും അവരെപോലെ തന്നെയാണല്ലോ ..’
‘നശിക്കട്ടെ… എല്ലാം നശിക്കട്ടെ…’ അച്ഛന്റെ വാക്കുകള്‍ വീണ്ടും വീണ്ടും
അവന്റെ മനസിലേക്ക് ഓടിയെത്തി.
സമ്പന്നകുടുംബത്തില്‍ ജനിച്ച ഒരാളായിരുന്നു ദാസന്‍. അവന്റെ അച്ഛനും അമ്മയും വളരെക്കാലം പ്രാര്‍ത്ഥിച്ചിട്ടും നേര്‍ച്ചകള്‍ നേര്‍ന്നിട്ടും ലഭിച്ച പൊന്നോമനപുത്രന്‍. പക്ഷേ പ്രസവിച്ച് രണ്ട്ദിവസം കഴിയുമ്പോള്‍തന്നെ അവന്റെ അമ്മ മരിച്ചു. മറ്റുള്ളവര്‍ അമ്മയുടെ മരണത്തിനുകാരണം ഐശ്വര്യമില്ലാത്ത ദാസന്റെ ജനനമാണെന്നു പറഞ്ഞു. എന്നാല്‍ അച്ഛന്‍ അവനെ സ്‌നേഹത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ. കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. ആദ്യമൊക്കെ അവനോട് രണ്ടാനമ്മക്ക് നല്ല
സ്‌നേഹമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിയുംതോറും ആ സ്‌നേഹത്തിന്റെ ആഴം കുറഞ്ഞു കുറഞ്ഞു വന്നു. എപ്പോഴും അടിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന രണ്ടാനമ്മയെ ദാസനും വെറുക്കാന്‍ തുടങ്ങി. വ്യവസായിയും ധനികനുമായിരുന്ന അച്ഛന്റെ ബിസിനസ് പതുക്കെ നശിക്കാന്‍ തുടങ്ങി. അതിനു കാരണം ദാസനാണെന്ന് രണ്ടാനമ്മ പറഞ്ഞു. രണ്ടാനമ്മ എപ്പോഴും അവരുടെ മകനെ മാത്രം താലോലിച്ചുവളര്‍ത്തി. അവന് നല്ല ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. ദാസന് അച്ഛന്‍ പണ്ടെപ്പോഴോ വാങ്ങിക്കൊടുത്ത മൂന്നു
ഷര്‍ട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തിന്നാന്‍ എന്തെങ്കിലും കിട്ടിയാല്‍ കിട്ടിയെന്ന് പറയാം. രണ്ടാനമ്മയെ പേടിയായത് കൊണ്ട് അച്ഛന്‍ ഒരിക്കലും ഇതിനെതിരെ പ്രതികരിക്കാറില്ല. ദാസന്‍ ഒരു പരിഭവവും അച്ഛനോട്
പറയാറുമില്ല. അച്ഛന്റെ ബിസിനസുകള്‍ നശിച്ചു. മുതലാളിയായിരുന്ന ദാസന്റെ അച്ഛന്‍ തൊഴിലാളിയായതും, മാളികയില്‍ താമസിച്ചിരുന്നവര്‍ വാടകവീട്ടിലായതും വളരെ പെട്ടന്നായിരുന്നു.
അന്ന് വൈകുന്നേരം ദാസന്‍ വീട്ടിലെത്തിയപ്പോഴേക്കും സ്‌നേഹനിധിയായ രണ്ടാനമ്മയെയാണ് കണ്ടത്. രണ്ടു മക്കള്‍ക്കുവേണ്ടി അവര്‍ പാലെടുത്തുവെച്ചിരിക്കുന്നു. അറ്റകൈക്ക് ഉപ്പുതേക്കാത്ത അവര്‍ പാലും മറ്റും
എടുത്തുവെച്ചപ്പോഴേ ദാസന് എന്തോ പന്തികേടുതോന്നി. ‘മോനെ, ദാ ഈ പാല് കുടിച്ചോളൂ..’ വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാനമ്മ മോനെ എന്നുവിളിച്ച് ഒരു കാര്യം പറയുകയാണ്.വരുന്നത് വരട്ടെയെന്നുകരുതി ദാസന്‍ പാലുകുടിക്കുവാന്‍ തുനിഞ്ഞു. പെട്ടെന്ന് രണ്ടാനമ്മയുടെ മകന്‍ ഓടിവന്ന് നീയങ്ങനെ പാലുകുടിക്കേണ്ടയെന്നുംപറഞ്ഞു ദാസന്റെ കയ്യില്‍നിന്നും ഗ്ലാസ് പിടിച്ചുവാങ്ങി പാലുകുടിച്ചു. ദാസന് അപ്പോള്‍ തോന്നിയ ദേഷ്യവും സങ്കടവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.
പാലുകുടിച്ചു കഴിഞ്ഞതും അവന്‍ പിറകോട്ടു മറിഞ്ഞു വീണു. അവന്റെ വായില്‍നിന്നും നുരയും പതയും വരാന്‍തുടങ്ങി. അപ്പോഴാണ് ദാസന് രണ്ടാനമ്മയുടെ സ്‌നേഹത്തിനുകാരണം മനസിലായത്. ആ പാലില്‍ വിഷം ചേര്‍ത്തിരുന്നു. രണ്ടാനമ്മ ഈ കാഴ്ചകണ്ട് ഓടി വന്നു. അവര്‍ക്ക് എന്ത്‌ചെയ്യണം എന്ന് പിടികിട്ടിയില്ല. രണ്ടാനമ്മയെയും മകനെയും ഓര്‍ത്തു ദാസന് സങ്കടം തോന്നിയില്ല. ആ നീചയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണിതെന്ന് അവന്‍ മനസില്‍ കരുതി. അച്ഛന്‍ വന്നു ആ കാഴ്ച കണ്ടതും ഞെട്ടിത്തരിച്ചുപോയി. രണ്ടാനമ്മ ആ മരണത്തിനു പിന്നില്‍ ദാസനാണെന്ന് അച്ഛനോട് പറഞ്ഞു വിശ്വസിപ്പിച്ചു. അച്ഛന്റെ കണ്ണില്‍നിന്നും തീയാളിക്കത്തി.
‘എടാ ദുഷ്ടാ, നീ എല്ലാവരെയും കൊന്നു അല്ലേടാ.. ജനിച്ചപ്പോള്‍ അമ്മയെ കൊന്നു. ധനികനായിരുന്ന അച്ഛനെ പിച്ചക്കാരനാക്കി. ഇപ്പോഴിതാ, സ്വന്തം അനുജനെ വിഷം കൊടുത്തു കൊന്നിരിക്കുന്നു. നീ ഒരു കാലത്തും ഗുണം പിടിക്കില്ലേടാ, നീ നരകിച്ചു പോകും. ഇത് ഒരച്ഛന്റെ ശാപമാ… ഈ വീട്ടില്‍നിന്നും
നീ ഇപ്പോള്‍ ഇറങ്ങണം. നശിക്കട്ടെ… എല്ലാം നശിക്കട്ടെ…’
അച്ഛനോട് സത്യം തുറന്നുപറയാന്‍ അവനു സാധിച്ചില്ല. നിവര്‍ത്തിയില്ലാതെ ദാസന്‍ വീടുവിട്ടിറങ്ങി. പെട്ടന്നാണ് അവന്റെ കൈയില്‍ ആരോ സ്പര്‍ശിച്ചതുപോലെ തോന്നിയത്. രാമചന്ദ്രന്‍ മാഷ്, അവന്റെ പ്രിയ ഗുരുനാഥന്‍.
‘ദാസാ, നീ എന്താ ഇവിടെയിരിക്കുന്നത്? ‘
ഗുരുനാഥന്റെ ചോദ്യത്തിന് എന്തുത്തരം നല്‍കും എന്നറിയാതെ അവന്‍ കുഴങ്ങി. ‘ഒന്നുമില്ല മാഷേ… വെറുതെ’. ‘ശരി, ഞാനൊന്ന് പട്ടണംവരെ പോയിട്ടുവരാം.’ മാഷ് പറഞ്ഞു. അകലേക്ക് നടന്നുനീങ്ങുന്ന പ്രിയ
ഗുരുനാഥനെ അവന്‍ കുറെ സമയം നോക്കിയിരുന്നു.
‘എനിക്ക് ആരുമില്ല.. ആരുമില്ലാത്ത ഞാന്‍ ഇനി എന്തിനുജീവിക്കണം? ആര്‍ക്കുവേണ്ടി ജീവിക്കണം? മരണമാണ് എന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം.’
ദാസന്‍ എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ ആല്‍ത്തറയില്‍നിന്നും എഴുന്നേറ്റ് റെയില്‍പാളത്തിലൂടെ നടന്നു. അവന്റെ മനസാകെ ശൂന്യമായിരുന്നു. നടക്കുന്നതിനിടയില്‍ അവന്‍ നാടോടികള്‍ക്ക് കൊടുത്ത ചുക്കിച്ചുളിഞ്ഞ പത്തുരൂപാനോട്ട് പാളത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടു. പാളത്തില്‍ രണ്ടുമൂന്നുതുള്ളി രക്തം വെയിലേറ്റ് പ്രകാശിക്കുന്നതുപോലെ അവനുതോന്നി. തന്റെ ഏകസമ്പാദ്യമായിരുന്ന ആ പത്തുരൂപ എടുക്കാതെ ദാസന്‍ പാളത്തിലൂടെ നടന്നു. പെട്ടെന്നാണ് അവന്‍ തീവണ്ടിയുടെ ശബ്ദം കേട്ടത്. ശബ്ദം
അടുക്കുംതോറും അവന്‍ തന്റെ കാലുകളുടെ വേഗത നിയന്ത്രിച്ചു. അവന്‍പോലും അറിയാതെ നടത്തം പാളത്തിലൂടെയായി മാറി. ഒരു നിമിഷംകൊണ്ട് ദാസന്‍ അവന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ
ഓരോ കാര്യവും ഓര്‍ത്തു. തനിക്ക് ഓര്‍മയില്ലാത്ത അമ്മയുടെ മുഖം അവന്‍ മനസില്‍കണ്ടു. അമ്മേയെന്ന് ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. ഭീകരമായ ശബ്ദത്തോടുകൂടിവന്ന വണ്ടി അവനെയൊന്നു സ്പര്‍ശിച്ചു. ആ സ്പര്‍ശനത്തില്‍ ദാസന്‍ ചുക്കിച്ചുളിഞ്ഞ പത്തുരൂപപോലെയായി.
ആര്‍ക്കും ഭാരമാകാതെ ദാസന്‍ എങ്ങോട്ടെക്കോ ഓടിമറഞ്ഞു.
ദിവസങ്ങള്‍ കഴിയുംതോറും തന്റെ മകന്റെ മരണത്തിനുത്തരവാദി താനാണല്ലോയെന്ന കുറ്റബോധം രണ്ടാനമ്മയെ അലട്ടി. താനെന്തൊരു ദുഷ്ടയാണെന്നോര്‍ത്ത് അവര്‍ സഹതപിച്ചു. ഒടു വില്‍ നടന്ന കാര്യങ്ങളെല്ലാം എഴുതിവെച്ച് അവര്‍ ആത്മഹത്യ ചെയ്തു.
ആത്മഹത്യാകുറിപ്പ് കണ്ട അച്ഛന്‍ ഞെട്ടി. തന്റെ ദുഷ്ടയായ ഭാര്യ കാരണം കുറ്റം ചെയ്യാത്ത സ്വന്തം മകനെ തള്ളിപറയേണ്ടിവന്നല്ലോയെന്നോര്‍ത്ത് അദ്ദേഹം ദുഃഖിതനായി.
മനസിന്റെ താളംതെറ്റിയ ആ അച്ഛന്‍ ഇന്നും തന്റെ മകനെ അന്വേഷിച്ച് നടക്കുകയാണ്… എന്നെങ്കിലും അവനെ കണ്ടെത്തുമെന്ന വിശ്വാസത്തില്‍…
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – chukki chulinja 10 rupa -story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here