ഉടല്‍ തോട്ടങ്ങള്‍
..
അര്‍ഷിദ സര്‍ജാദ്/ കഥ
കുവൈറ്റില്‍ അധ്യാപികയാണ് ലേഖിക.
തീര്‍ത്തും ആലസ്യത്തോടെ ആണ് അന്നും അവള്‍ ഉണര്‍ന്നത്. നേരം വളരെ വൈകിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാവണം വേഗത്തില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതും, നീര്‍കെട്ടിയ ഉടലുകള്‍ വീണ്ടും അവളെ ബെഡ്ഡിലേക്ക് തന്നെ വലിച്ചിട്ടതും ഒരുമിച്ചായിരുന്നു. ശരീരമാകെ പുളഞ്ഞു നീറുന്ന വേദനയുടെ തീവ്രത കണ്ണടച്ച് ചുളുക്കിയ മുഖത്ത് മാത്രമായി ഒതുക്കി ഒരു വിധേന എഴുന്നേറ്റ്, അഴിഞ്ഞു തൂങ്ങിയ തലമുടി അവള്‍ തലയില്‍ കുത്തനെ ചുരുട്ടി വെച്ചു എങ്കിലും, കൈകളിലെ നീലിച്ച പാടുകള്‍ അതിനെ ഏറെ ശ്രമകരമായ ജോലികളില്‍ ഒന്നാക്കി മാറ്റി. ജനല്‍ പഴുതിലൂടെ മുറിയിലേക്കു പതിച്ച നേരിയ വെളിച്ചത്തില്‍ ദൃശ്യമായ ചിതറിക്കിടക്കുന്ന സാധനസാമഗ്രികളിലേക്കു ഒന്ന് കണ്ണോടിക്കവേ, ഇതെല്ലാം പതിവ് കര്‍മങ്ങളില്‍ പെട്ടതെന്നപോലെ കീറിയ സാരിത്തുമ്പ് അരയില്‍ തിരുകി ഓരോന്നോരോന്നായി പെറുക്കി എടുത്തു അതാത് സ്ഥാനങ്ങളില്‍ ഉറപ്പിച്ചു. ഒറ്റമുറിയുടെ ഒരു വശത്തായി മാത്രം ഒതുങ്ങിയ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു കൊണ്ട് മദ്യത്തിന്റെ കുമിഞ്ഞ ഗന്ധത്തിനു അവള്‍ പുറത്തേക്കു വഴി ഒരുക്കി. കഴിഞ്ഞ രണ്ടുമാസമായി ഉള്ള പതിവുകളില്‍ ഒന്നായി ജനലഴികളില്‍ ഭാരം ഊന്നി മുംബൈ നഗരത്തിലെ കാഴ്ചകളിലേക്ക് നിമിഷങ്ങള്‍ അവളെ വഴുതി മാറ്റി.
മൂടല്‍ മഞ്ഞിന്റെ പാളികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറാന്‍ പണിപെടുന്ന സുവര്‍ണ രശ്മികള്‍ക്കു കീഴെ, അകലങ്ങള്‍ കീഴടക്കിക്കൊണ്ടു മത്സരിച്ചു ഓടിക്കൊണ്ടിരിക്കുന്ന വാഹന വ്യൂഹങ്ങള്‍, ജീവിതത്തിനും മരണത്തിനും ഇടയില്‍ എന്നപോലെ വാഹനങ്ങള്‍ക്ക് ഇടയിലൂടെ മുങ്ങാംകുഴി ഇട്ടു പായുന്ന അന്നത്തിന്റെ നോവറിയുന്ന ഒരു കൂട്ടം മനുഷ്യര്‍. സ്‌കാര്‍ഫും ജാക്കറ്റും ധരിച്ചു, പോരാത്തതിന് കൈവെള്ളയെ ത്വക്കില്‍ തിരുകിയും മറ്റും തണുപ്പിനോട് പൊരുതി തോറ്റു റോഡിനു അരിക് ചേര്‍ന്ന് നടക്കുന്ന തണുത്ത മനുഷ്യര്‍ വേറെയും. കടകമ്പോളങ്ങള്‍ എല്ലാം തന്നെ പതിവ് തിരക്കില്‍ മുഴുകിയിരിക്കുന്നു. തെരുവിന്റെ ബഹളങ്ങളില്‍ നിന്ന് അകലെ മാറി വിദൂരതയില്‍ മഞ്ഞില്‍ പൊതിഞ്ഞ ഗെയ്റ്റ്‌വേയുടെ മുകളള്‍പരപ്പിലൂടെ അനായാസം പറന്നു കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന പ്രാവിന്‍പറ്റങ്ങള്‍. അതില്‍ ഒന്ന് ക്ഷണ നേരം കൊണ്ട് അവളിലേക് പറന്നടുത്തു.
‘വളരെ ഉയരങ്ങള്‍ കീഴടക്കുന്ന, സ്വാതന്ത്രത്തിന്റെ പ്രതീരൂപം, ഇത്രമാത്രം ആര്‍ജ്ജവത്തോടെ എന്നിലേക്ക് പറന്നടുക്കാന്‍ ഉണ്ടായ അഗാധമായ ത്വരിതയുടെ കാരണം എന്തായിരിക്കാം?? ‘
അവള്‍ ആശ്ചര്യം പൂണ്ടു.
‘ഭാഷയുടെ അന്തരങ്ങള്‍ക്കു അപ്പുറം എന്തൊക്കെയാവാം അതിനു എന്നോട് മാത്രമായി പറയാനുണ്ടാവുക ‘
പ്രാവിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന കൊക്കില്‍ നോക്കി തന്റെ പ്രിയപ്പെട്ട പ്രണയിതാവിന്റെ കവിതകളിലെ വരികളെ പോലെ അവള്‍ എന്തൊക്കെയോ വായിക്കാന്‍ ശ്രമിച്ചു…
‘പകല്‍ സമയങ്ങളില്‍ ചുട്ടു പഴുക്കുകയും, പിന്നീട് നക്ഷത്രങ്ങള്‍ക്ക് കൂടൊരുക്കുകയും ചെയ്യുന്ന ആകാശത്തിന്റെ വിശാലതയാവാം..’
‘ഋതുക്കള്‍ മാറി മാറി വരുന്ന വിഭവസമൃദ്ധമായ ഭൂമിയിലെ വൈവിധ്യങ്ങളാവാം.. ‘
‘പച്ചപ്പില്‍ നിന്ന് അങ്ങകലെ മാറി കടലിനു നടുവില്‍, ബന്ധിക്കപ്പെട്ടു ശാന്തഭാവം വഹിക്കേണ്ടി വന്ന പാറക്കെട്ടുകളുടെ നിസഹായതയാവാം.. ‘
‘നഗരത്തിരക്കില്‍ അരുവിപോലെ ഒഴുകുന്ന ജനങ്ങളുടെ തോല്‍വിയും ജയങ്ങളുമാവാം.. ‘
‘എത്തിപ്പെടാന്‍ കഴിയാത്ത ദൂരങ്ങളില്‍ ഉള്ള പരിഭവമാവാം… ‘
‘കൊത്തിയെടുക്കാന്‍ ആവാത്ത ശൂന്യമായ നെല്‍പ്പാടങ്ങളുടെ വിലാപമാവാം.. ‘
‘ചിലപ്പോള്‍, നഗരസൃഷ്ടിയില്‍ പൊലിഞ്ഞ ആവാസവ്യവസ്ഥയുടെ കണ്ണീരില്‍ കുതിര്‍ന്ന സ്വപ്നങ്ങള്‍ ആവാം… ‘
‘അല്ലെങ്കില്‍ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ഇഴഞ്ഞു കയറുന്ന അടങ്ങാത്ത പ്രണയമാവാം… ‘
‘ജീവിതത്തിന്റെ കയ്പ്പും, വെറുപ്പും, ആനന്ദവും പങ്കുവെയ്ക്കാന്‍ കേവലം ഒരു കാതിനെ എങ്കിലും തേടാത്തവര്‍ ഉണ്ടോ…? ‘
‘എന്തിനേറെ ഞാനും തേടുന്നില്ലേ എന്നെ കേള്‍ക്കുന്ന ഒരു പൂവിനെ എങ്കിലും… ‘
പ്രിയപ്പെട്ട ദാസ്… എവിടെയാണ് നീ……
ഇനിയും കാത്തിരിക്കുകയെന്നാല്‍ ശരീരത്തെ ഘട്ടം ഘട്ടമായി കീറിമുറിക്കുന്നതിനു തുല്യമാണ്…. ‘
കുറച്ചു ദിവസങ്ങളായി നിശ്ചലവും ഉപയോഗശൂന്യവുമായി കിടന്ന തന്റെ സെല്ലുലാര്‍ ഫോണിലേക്കു നോക്കി അവള്‍ പറഞ്ഞു
ആത്മഗതത്തെ മുറിച്ചു കൊണ്ട് എന്നപോലെ ഫോണില്‍ നിന്ന് കേട്ട *ബീപ് * ശബ്ദത്തിനോടൊപ്പം പുനര്‍ജ്ജന്മം ലഭിച്ച ആത്മാവ് ശവക്കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വ്യഗ്രതയില്‍ അവള്‍ ഫോണിന് നേരെ പാഞ്ഞടുത്തു….
നീണ്ട രണ്ടു മാസങ്ങള്‍ക്കു ശേഷം വീണ്ടും ചലിച്ച ഫോണിലെ സന്ദേശം വളരെ ആകാംഷയോടെ വായിക്കാന്‍ തുടങ്ങിയതും, വിടര്‍ന്ന ചില്ലുപോലുള്ള കണ്‍പോളകളില്‍ നനവ് പടരാന്‍ തുടങ്ങി. കൈകള്‍ വിറയ്ക്കുകയും, നെറ്റിത്തടങ്ങള്‍ വിയര്‍ക്കുകയും ചെയ്തു. അസാധാരണമായി മിടിച്ച ഹൃദയം അവളുടെ മാറിടത്തെ ശക്തിയില്‍ ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്തു.. നിസ്സംഗതയോടെ തണുത്തുറഞ്ഞു നില്‍ക്കവേ, ഫോണ്‍ കയ്യില്‍ നിന്ന് വഴുതിവീണതും അവള്‍ ബെഡ്ഡില്‍ ഇരിപ്പുറപ്പിച്ചതും ഒരുമിച്ചായിരുന്നു…ചുവന്നു തുടുത്ത ആ കവിള്‍ത്തടങ്ങളിലേക്കു ഒരായിരം നോവോര്‍മകളുടെ അരുവി അണപൊട്ടി ഒഴുകി തുടങ്ങി ..
നിധി… ഭര്‍തൃമതിയായ വിധവ. രണ്ടു വര്‍ഷം മുമ്പേ ആണ് വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയത്. ഏറെ പ്രതീക്ഷയോടെ നാട് വിട്ടു കൂടുതേടിയവള്‍ക്ക് മുംബൈ നഗരം ആശ്രയമാവുന്നതിനു പകരം തടവറ ആവുകയായിരുന്നു. അനാഥത്വത്തിന്റെ വിരസത അലട്ടിയ, യൗവ്വനതീക്ഷണത നിറഞ്ഞ പ്രായത്തില്‍ തനിക്കു നേരെ മനോഹരമായ ജീവിത സ്വപ്നം വെച്ചു നീട്ടിയ സുമുഖനായ യുവാവിന്റെ കൈകളെ തിരസ്‌കരിക്കാന്‍ അവള്‍ക്കു ആവുമായിരുന്നില്ല. എന്നാല്‍ ബാഹ്യമായ സൗന്ദര്യത്തിനു വെറും കാക്കപൊന്നിന്റെ തിളക്കം മാത്രമായിരുന്നു എന്നത് ഏറെ വൈകാതെ അവള്‍ തിരിച്ചറിഞ്ഞു.
താലി ചാര്‍ത്തിയവന്റെ കൈപിടിച്ച് വരുമ്പോള്‍ കൂടെ കരുതിയിരുന്ന സ്വപ്നത്തിന്റെ ചില്ലു കൊട്ടാരത്തില്‍ വിള്ളല്‍ വീണത് വീര്യം കൂടിയ മദ്യത്തിന്റെ ഗന്ധം നിറഞ്ഞ ആദ്യ രാത്രിയില്‍ തന്നെ ആയിരുന്നു.
നൈമിഷികമായ സുഖത്തിനു മുന്‍പില്‍ അടിമപ്പെട്ട ഭര്‍ത്താവിന്റെ വികൃതമായ ലൈംഗിക ചേഷ്ടകള്‍ക്കും അക്രമത്തിനും മുന്‍പില്‍ അവളുടെ ഉടലിനും ആത്മാവുണ്ട് എന്നുള്ളത് വെറും പാഴ്വാക്കായി മാറി. സ്വന്തം പേരുപോലും അവള്‍ മറവിയുടെ കാറ്റില്‍ പറത്തിത്തുടങ്ങിയിരുന്നു. ലജ്ജയോടെയും, നിസഹായതയോടെയും ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് മുന്‍പില്‍ ഒരടിമയെ പോലെ വഴങ്ങേണ്ടി വന്ന അവളുടെ മനസിലെ നിര്‍വികാരതയ്ക്കു വിള്ളല്‍ വീഴ്ത്തിയത് അപ്രതീക്ഷിതമായി ലഭിച്ച ഗുരുദാസ് എന്ന യുവാവിന്റെ സൗഹൃദമാണ്.
കടല്‍ പരപ്പിനു മധ്യത്തിലെ ആളൊഴിഞ്ഞ തുരുത്തു പോലെ, നാല് ചുവരുകള്‍ക്കിടയില്‍ മരിക്കാതെ മരിച്ച അവളുടെ ജീവിതത്തിനു വസന്തത്തിന്റെ പുതിയ നാമ്പ് കൊളുത്തിയതും അബദ്ധത്തില്‍ നമ്പര്‍ മാറി ഫോണിലേക്കു വന്ന അവന്റെ സന്ദേശങ്ങള്‍ ആയിരുന്നു. ഔപചാരികതയില്‍ തുടങ്ങി, പിന്നീട്
‘ പറയു നിന്നെ അറിയട്ടെ.. ‘ എന്നുള്ള സ്‌നേഹവായ്പുകളില്‍ നിറഞ്ഞ സൗഹൃദം….
ഭൂമിയിലും ആകാശത്തുമുള്ള സര്‍വതും അവരുടെ സംസാരവിഷയമായി. കവിതകളെ പ്രണയിച്ച ദാസിനു, അവളുടെ രാവും പകലും ഗസലിന്റെ ഈണങ്ങളില്‍ നനയ്ക്കാന്‍ എളുപ്പമായിരുന്നു.
വീണ്ടും വീണ്ടും നിധി, ഗുരുദാസിന്റെ ഓര്‍മകളിലേക്ക് വഴുതി വീണുകൊണ്ടിരുന്നു.
‘കേവലം ഫോണ്‍ സന്ദേശങ്ങള്‍ക്കുമപ്പുറം ആരായിരുന്നു എനിക്ക് ദാസ്.. ‘
‘മരുഭൂവില്‍ തെളിഞ്ഞ മരീചിക പോലെ, ചോരവറ്റിയ എന്റെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ചെറു നീര്‍ചാല്‍ പണിത കവിതകളായിരുന്നില്ലേ ….
‘ഒറ്റപ്പെടലിന്റെ അനന്തതയില്‍ കുഴിച്ചു മൂടിയ സ്വപ്നങ്ങള്‍ക്കു ചെറു ചിറകുകള്‍ പാകിയപ്പോള്‍ അവന്‍ തൊട്ടതു എന്റെ ആത്മാവിനെ തന്നെ അല്ലായിരുന്നോ.. ‘
‘ ഏകാന്തത നിറഞ്ഞിരുന്ന തന്റെ ഉടല്‍തോട്ടങ്ങളില്‍ വസന്തകാല പറവകള്‍ക്കായ് വിരുന്നൊരുക്കാം എന്നു പഠിപ്പിച്ചതും അവന്‍ മാത്രമായിരുന്നില്ലേ.. ‘
‘പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതെ കരിങ്കല്ല് പോലെ ഘനീഭവിച്ച ഉടലും, ആത്മാവും ഉറങ്ങുന്നതും ചിലപ്പോള്‍ ഉണരുന്നതും ഗുരുദാസ് എന്ന ഒറ്റബിന്ദുവിനെ തേടി ആയിരുന്നില്ലേ.. ‘
ഉച്ചിയിലൂടെ ദേഹത്ത് അരിച്ചിറങ്ങുന്ന മദ്യത്തിന്റെ ദുര്‍ഗന്ധത്തിനു മുന്‍പിലും, ഭര്‍ത്താവിന്റെ സ്വഭാവ വൈകൃതങ്ങള്‍ക്കു മുന്‍പിലും ഒരുപക്ഷെ അവള്‍ കണ്ണുകളടച്ചത് കര്‍ണ്ണാന്തരത്തില്‍ ഗുരുദാസിന്റെ ശബ്ദം അലയടിക്കുന്നതു കൊണ്ട് മാത്രമായിരുന്നിരിക്കാം…
ക്യാന്‍സര്‍ എന്ന മാറാവ്യാധി ഗുരുദാസിന്റെ ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും തനിക് വേണ്ടി മാത്രമാണയാള്‍ ജീവിക്കുന്നതെന്ന് പോലും അവള്‍ക്കു തോന്നി. രോഗശയ്യയില്‍ അവനെ ഉപേക്ഷിച്ചു പോയ ഭാര്യയുടെ വേദനകള്‍ മറക്കുന്നതും തന്നിലൂടെ ആണെന്നതും അവള്‍ തിരിച്ചറിഞ്ഞിരുന്നു…
‘ ആരും കേള്‍ക്കാനില്ലാത്ത ജീവിതങ്ങള്‍ ഭൂമിക്ക് ഭാരമാണ് ‘
എന്നായിരുന്നു അവന്‍ ഇടയ്ക്കിടെ തന്നോട് പറയാറുണ്ടായിരുന്നത് എന്ന് അവളോര്‍ത്തു.. വേദനകളിലും, നോവുകളിലും അവര്‍ പരസ്പരം കരുതല്‍ ആവുകയായിരുന്നു. രണ്ടു ഇണപ്രാവുകളെ പോലെ, എനിക്ക് നീയും, നിനക്ക് ഞാനും എന്ന് മാത്രമായി അനുഭൂതിയുടെ കാണാപ്പുറങ്ങളിലേക് അവര്‍ വിഹരിക്കുകയായിരുന്നു…
രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലും, കാത്തിരിക്കണം ഞാന്‍ നിന്നിലേക്കായി മാത്രം വീണ്ടും വരും എന്ന് അവന്‍ പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു നീണ്ട രണ്ടു മാസക്കാലം അവള്‍ ക്ഷമയോടെ കഴിച്ചു കൂട്ടിയത്.
എന്നാല്‍, താന്‍ ഇപ്പോള്‍ വായിച്ചതു ദാസിന്റെ അവസാന സന്ദേശങ്ങള്‍ ആണ് എന്നത് അവളെ തളര്‍ത്തി. അവര്‍ പരസ്പരം തീര്‍ത്ത സ്വപ്നങ്ങളുടെ മഞ്ഞുകൂടാരം ഉരുകിത്തീരാന്‍ മാത്രം ചൂടുണ്ടായിരുന്നു അതിന്. ഒരിക്കല്‍ക്കൂടി അവള്‍ അവന്റെ സന്ദേശത്തിലേക് കണ്ണോടിച്ചു.
പ്രിയപ്പെട്ട നിധി…
കാത്തിരിപ്പിന്റെ രണ്ടുമാസക്കാലം നിനക്ക് ഏറെ കഠിനമായിരുന്നു എന്ന് എനിക്ക് അറിയാം. എന്നോട് ക്ഷമിക്കണം. നിര്‍ഭാഗ്യമെന്നോണം എന്റെ ആയുസിന് ഡോക്ടര്‍മാര്‍ വിധി എഴുതിയിരിക്കുന്നു. രണ്ടു ദിവസത്തില്‍ അപ്പുറം ഞാന്‍ ജീവിക്കില്ലത്രേ. എന്നാല്‍ അവര്‍ക്കു തെറ്റിയില്ലേ? ഞാന്‍ ജീവിച്ചതു നിന്നിലൂടെ മാത്രം ആയിരുന്നല്ലോ. എനിക്ക് അറിയാം, എന്റെ ആയുസ് നിന്റെ ഒരു ആയുഷ്‌കാലം മുഴുവനും ആണെന്ന്. വിധിയുണ്ടെങ്കില്‍ ഇനിയുള്ള ജന്മം ഒരു ശിഖരത്തിലെ ഒരിക്കലും കൊഴിയാത്ത ഇരു പൂവായി എങ്കിലും നമുക്കു വീണ്ടും പുനര്‍ജനിക്കാം.. ഈ ജന്മം കൊണ്ട് വിട പറയുന്നു..
നിന്റെ സ്വന്തം ഗുരുദാസ്.
‘ ഇല്ല എനിക്ക് കഴിയില്ല…. ഇനി ഒരിക്കല്‍ക്കൂടി സംസാരവും, മോഹവും ബന്ധിക്കപ്പെട്ട ഒരടിമയെ പോലെ ജീവച്ഛവമായി കഴിയാന്‍ എനിക്ക് ആവില്ല…. ‘.
അവള്‍ തീര്‍ച്ചപ്പെടുത്തി
മൂര്‍ച്ചയുള്ള ബ്ലേഡിന്റെ അറ്റം കൈത്തണ്ടയിലെ പച്ചഞരമ്പില്‍ വെച്ച് വലിക്കുമ്പോള്‍ അവളില്‍ ഭയത്തിന്റെ യാതൊരു ലാഞ്ചനയും കണ്ടില്ല..
ഗുരുദാസിന്റെ വേര്‍പാടിനെക്കാളും വേദനിപ്പിക്കുന്ന ഒന്നും തന്നെ ഇല്ല എന്ന് അവള്‍ക്കു തോന്നി. അവളുടെ ഹൃദയം അവസാനമായി ഒന്നുകൂടി കിതച്ചു. ഒപ്പം കാതില്‍ ദാസിന്റെ ശബ്ദം മാത്രം മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു…
” ആരും കേള്‍ക്കാന്‍ ഇല്ലാത്ത ജീവിതങ്ങള്‍ ഭൂമിക്ക് ഭാരമാണ്…. ‘ വെറും പാഴ്മരങ്ങള്‍.
അവളുടെ കൈ ഞരമ്പുകളില്‍ നിന്ന് ഉതിര്‍ന്നു വീണ ചോരപൂക്കള്‍ ആത്മ നിര്‍വൃതിയുടെ ഉടല്‍തോട്ടങ്ങളില്‍ വീണ്ടും വിടരുവാന്‍ കാത്തിരുന്നു…….
പ്രാവിന്റെ ചിറകടിയൊച്ച അകന്നകന്ന് അതിന്റെ കുറുകല്‍ ശബ്ദം മാത്രം ഒടുവില്‍ ശേഷിച്ചു……
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – udal thottangal – story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here