ബാർ കോഴക്കേസ്: മുന്‍ മന്ത്രിമാര്‍ക്കെതിരെ വിശദ അന്വേഷണത്തിന് അനുമതി നല്‍കണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് ​ഗവർണർ

arif muhammed khan seeks more evidence for action against former ministers

ബാർ കോഴയിൽ മുന്‍ മന്ത്രിമാര്‍ക്കെതിരെ വിശദ അന്വേഷണത്തിന് അനുമതി നല്‍കണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ഗവർണർ. കെ ബാബുവിനും,വിഎസ് ശിവകുമാറിനുമെതിരായ അന്വേഷണത്തിനാണ് സർക്കാർ ഗവർണറുടെ അനുമതി തേടിയത്. വിജിലന്‍സ് ഡയറക്ടറുടെ ചുമതലുള്ള ഐജി എച്ച് വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണ കാര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഗവർണറുടെ നടപടി.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും ,മന്ത്രിമാരായിരുന്നു കെ ബാബുവിന് 50 ലക്ഷവും ,വിഎസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നായിരിന്നു ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. കോഴ നൽകുന്ന കാലത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡൻ്റും നിയമസഭാംഗവുമായിരുന്നു. കെ ബാബുവും വി എസ് ശിവകുമാറും മന്ത്രിമാരും. രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നല്‍കിയിരുന്നു. മുന്‍മന്ത്രിമാരായതിനാൽ കെ ബാബുവിനും,വിഎസ് ശിവകുമാറിനുമെതിരായ അന്വേഷണത്തിന് അനുമതി തേടി സർക്കാർ ഗവര്‍ണറെ സമീപിച്ചു. വിജിലന്‍സ് ഡയറക്ടറുടെ ചുമതലുള്ള ഐജി എച്ച് വെങ്കിടേഷ് ഗവര്‍ണറെ കണ്ട് കാര്യങ്ങളും വിശദീകരിച്ചു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ രേഖകള്‍ നൽകാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രേഖകളുണ്ടെങ്കിൽ അതു കൂടി പരിശോധിച്ചാകും മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നൽകണമോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കുക.

Story Highlights arif muhammed khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top