ഷാനവാസ്​ നരണിപ്പുഴയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

cm on shanavas naranipuzha death

സിനിമാ സംവിധായകൻ ഷാനവാസ്​ നരണിപ്പുഴയുടെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഭാവി വാഗ്ദാനമായിരുന്ന ചലച്ചിത്രകാരനെയാണ് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാത്രി എട്ടരയോടെയായിരുന്നു ഷാനവാസ്​ നരണിപ്പുഴ അന്തരിച്ചത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയാണ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടി.

Story Highlights – cm on shanavas naranipuzha death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top