കൊടുമുണ്ട ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തിലെ തൊഴിലാളികളുടെ ദുരിതം; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം

ദുരിതക്കയത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് കരയറ്റണമെന്ന് അപേക്ഷിക്കുകയാണ് പാലക്കാട് പട്ടാമ്പി കൊടുമുണ്ട ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തിലെ തൊഴിലാളികളായ സ്ത്രീകള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കെട്ടിടത്തിലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ നൂല്‍ നൂറ്റാല്‍ മാസം തികയുമ്പോള്‍ ലഭിക്കുന്നത് വെറും 3000 രൂപയാണ്. വിധവകള്‍ ഉള്‍പ്പെടെ സ്ത്രീ തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാന്‍ പെടാപ്പാട് പെടുകയാണ്.
കോഴിക്കോട് സര്‍വോദയ സംഘം 1965ലാണ് കൊടുമുണ്ടയില്‍ ഖാദി വസ്ത്ര നിര്‍മാണത്തിനായി നൂല്‍നൂല്‍പ്പ് കേന്ദ്രം തുടങ്ങുന്നത്. 100ല്‍ അധികം പരിശീലകരും തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെയുള്ളത് 13 പേരാണ്. അതും അവിവാഹിതരും വിധവകളുമായ സ്ത്രീകളാണ് ഉള്ളത്. ജോലിക്കുള്ള മാന്യമായ വേതനം ലഭിക്കാത്തതിനാന്‍ പലരും തൊഴില്‍ മതിയാക്കി. ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തിലുള്ള പഴയ ഓടിട്ട കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ക്കായി നല്ലൊരു ശുചിമുറി സൗകര്യം പോലും ഇവിടെ ഇല്ല.
ഒരു കഴി നൂല്‍ നൂറ്റാല്‍ 27 രൂപയുടെ അടുത്താണ് ഇവര്‍ക്ക് കിട്ടുക. ഒരു മാസം ചക്രം തിരിച്ച് നൂല്‍ നൂറ്റാല്‍ കയ്യില്‍ കിട്ടുന്നത് 3000 രൂപയില്‍ താഴെ വരുമാനമാണ്. അതിനാല്‍ ഈ മേഖല ഏറെ പ്രതിസന്ധിയാണ്. കൈത്തറി വസ്ത്രങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല വിലയുണ്ടെങ്കിലും അതുണ്ടാക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനമാണെന്ന് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ അപേക്ഷ.
Story Highlights -khadi, workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here