കർഷക സമരം; ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ

ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ. പ്രത്യേക സമിതി ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. അതേസമയം, കർഷകർ ഇന്ന് ഹരിയാനയിലെ കൂടുതൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് സൗജന്യ യാത്രയ്ക്ക് തുറന്നു കൊടുക്കും. പ്രക്ഷോഭ വേദികളിൽ കർഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുളള പ്രശ്‌നപരിഹാര ചർച്ചകൾ പുനരാരംഭിക്കുന്നതിൽ ഏഴംഗ സമിതിയുടെ തീരുമാനം നിർണായകമാകും. കർഷക നേതാക്കളായ ദർശൻ പാൽ, യോഗേന്ദ്ര യാദവ്, ശിവ് കുമാർ കക്ക തുടങ്ങിയരുടെ സമിതിയിലുള്ളത്. കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ കത്തിലും പ്രശ്‌നപരിഹാരത്തിനുള്ള വ്യക്തമായ നിർദേശങ്ങൾ ഇല്ലെന്നാണ് പൊതുവികാരം. എന്നാലും, ചർച്ചയ്ക്കുള്ള വഴി അടക്കേണ്ടതില്ലെന്ന അഭിപ്രായം കാർഷിക സംഘടനകൾക്കുണ്ട്.
അതേസമയം, കൊടും തണുപ്പിലും ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്നു. സമരം ഇന്ന് മുപ്പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്ന് 500 ട്രാക്ടറുകളിലായി കർഷക റാലി ഡൽഹിക്ക് പുറപ്പെട്ടു. കർഷകർ പഞ്ചാബിലെ മുഴുവൻ ടോൾ ബൂത്തുകളും പിടിച്ചെടുത്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഹരിയാനയിലെ ടോൾ ബൂത്തുകൾക്ക് പൊലീസ് വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തി.
Story Highlights – Farmers’ strike; Farmers’ decision at the invitation of the Central Government for discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here