Advertisement

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമകൾക്ക് ഇന്ന് 23 വയസ്

December 27, 2020
Google News 2 minutes Read

നോവലുകളും കഥകളും വരകളുമെല്ലാം ചേർത്ത് 20-ാം നൂറ്റാണ്ടിലെ മലയാളിയ്ക്ക് പുത്തൻ ആഖ്യാന രീതി സമ്മാനിച്ച എഴുത്തുകാരനായിരുന്നു കെ.വി രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ മലയാറ്റൂർ രാമകൃഷ്ണന്റെ കൃതികൾക്ക് മലയാളികളുടെ മനസിൽ അതിവേഗം ഇടം നേടാനായി. അവ മലയാളികൾക്ക് പുതിയൊരു ലോകം സമ്മാനിച്ചു.

തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ. മിത്തുകളും അന്ധ വിശ്വാസങ്ങളും തുടങ്ങി കടുംഛായം പകർന്ന മനുഷ്യ ജീവിതങ്ങളെ മലയാറ്റൂർ അദ്ദേഹത്തിന്റെ ശൈലിയിൽ വരച്ചിട്ടു. അയഥാർത്ഥ്യമായതിനെ അവിസ്മരണീയമാക്കുന്നതിൽ മലയാറ്റൂർ രാമകൃഷ്ണൻ എന്ന എഴുത്തുകാരൻ പ്രത്യേക വിരുതുകാട്ടി. യക്ഷി പോലുള്ള നോവലുകൾ അതിന്റെ ക്രമാത്മക സൗന്ദര്യം കൊണ്ട് തിളങ്ങി നിൽക്കുന്നവയാണ്. ആഴമല്ല പകരം പ്രമേയത്തിന്റെയും കഥാപാത്രങ്ങളുടെയും പരപ്പാണ് മലയാറ്റൂർ നോവലുകളിലെ സൗന്ദര്യം. ഹാസ്യമെഴുതുന്നതിൽ മലയാറ്റൂരിനുണ്ടായിരുന്ന മിടുക്ക് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ബ്രിഗേഡിയർ കഥകൾ. ഷെർലക് ഹോംസ് കഥകളും ബ്രോം സ്‌റ്റോക്കറുടെ ഡ്രാക്കുളയും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് മലയാറ്റൂരാണ്. ജീവിസ്മരണകളടങ്ങുന്ന സർവീസ് സ്‌റ്റോറി, ഓർമകളുടെ ആൽബം എന്നീകൃതികളും ഏറെ ശ്രദ്ദേയമാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാർ പുരസ്‌കാരവും നൽകി മലയാറ്റൂർ രാമകൃഷ്ണൻ ആദരിക്കപ്പെട്ടു. എഴുത്തിൽ മാത്രമല്ല മലയാറ്റൂർ തിളങ്ങിയത്. പത്ര പ്രവർത്തകൻ, കാർട്ടൂണിസ്റ്റ്, അഭിഭാഷകൻ, ഐഎഎസ് ഉദ്യോഗസ്ഥൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. തിരു- കൊച്ചി നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തു. മുൻഗാമികളോ പിൻഗാമികളോ ഇല്ലാത്ത ശൈലിയാണ് മലയാറ്റൂർ രാമകൃഷ്ണന്റേത്. ആ രചനകളുടെ കാലാതീത പ്രസക്തി ഇന്നും അനുവാചകനെ വിസ്മയിപ്പിക്കുന്നു. അവ തങ്ങൾക്ക് ചുറ്റുമുണ്ടാക്കിയ മാസ്മകരിക ലോകത്ത് നിന്ന് ഇന്നും മുക്തരായിട്ടില്ല മലയാളി വായനക്കാർ.

Story Highlights – Today marks the 23rd anniversary of the memory of Malayattoor Ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here