നെയ്യാറ്റിൻകര ആത്മഹത്യ; അനാഥ ബാല്യങ്ങൾക്ക് കൈത്താങ്ങുമായി മലപ്പുറം സ്വദേശി

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് കൈത്താങ്ങുമായി മലപ്പുറം സ്വദേശി. കെവിഎം മാനു എന്ന വ്യക്തിയാണ് കുട്ടികൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ വട്ടംകുളം ഗ്രാമപഞ്ചായത്തിൽ വാർഡ് 7 കുറ്റിപ്പാലയിൽ എല്ലാ വിധ സൗകര്യവുമുളള ഭൂമിയാണ് മാനു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. അഞ്ച് സെന്റ് ഭൂമിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കുട്ടികളുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ കണ്ട നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളെ സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. ഒപ്പം ട്വന്റിഫോറും കുട്ടികൾക്ക് വീട് വച്ചു നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
Story Highlights – neyattinkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here