Advertisement

പതിറ്റാണ്ടിൽ രാജ്യം കാതോർത്ത സുപ്രധാന വിധികൾ

December 31, 2020
Google News 5 minutes Read

സമീപകാല ചരിത്രത്തിലെ വാർത്താ പ്രാധാന്യം പരിശോധിക്കുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് സുപ്രിംകോടതിയും ചില സുപ്രധാന വിധികളും. ഒരു പതിറ്റാണ്ട് അവസാനിക്കുമ്പോൾ ഇന്ത്യൻ സാമൂഹിക ചരിത്രത്തിലെ ചില നിർണായക വഴിത്തിരിവിലേക്ക് നയിച്ച അഥവാ രാജ്യം കാതോർത്ത ചില സുപ്രിംകോടതി വിധികളെകൂടി പരിശോധിക്കാം…

ഇന്റർനെറ്റ് ഉപയോഗം മൗലിക അവകാശം- 2020 ജനുവരി

2020 ജനുവരി 10നായിരുന്നു രാജ്യം ഉറ്റുനോക്കിയ സുപ്രധാന വിധികളിൽ ഒന്നായ ഇന്റർനെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം, ജോലി, വ്യാപാരം എന്നിവ മൗലികാവകാശമാണെന്ന് നിർദേശിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. അനുരാധ ഭാസിൻ Vs. യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് സുപ്രധാന വിധി. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

സംവരണം മൗലികാവകാശമല്ല- 2020 ഫെബ്രുവരി

2020 ഫെബ്രുവരി 7നായിരുന്നു സർക്കാർ ജോലികളിൽ സംവരണം അവകാശപ്പെടാൻ മൗലികാവകാശമില്ലെന്ന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. സ്ഥാനക്കയറ്റത്തിന് സംവരണം ഒരു സംസ്ഥാനം അനുവദിച്ചില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കോടതിയുടെ മുൻ തീരുമാനങ്ങളെ ബഞ്ച് പരാമർശിച്ചു.

ഇന്ത്യൻ സേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ- 2020 ഫെബ്രുവരി

2020 ഫെബ്രുവരി 17നാണ് സുപ്രിംകോടതി ഇന്ത്യൻ സേനയിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നൽകികൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. ഇതനിസരിച്ച് ഇന്ത്യൻ നാവിക സേനയിലും സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ക്രിപ്‌റ്റോ കറൻസി വിലക്ക് നീക്കി -2020 മാർച്ച്

2020 മാർച്ച് 4നാണ് ബാങ്കുകൾക്കും മറ്റു ധനകാര്യസ്ഥാപനങ്ങൾക്കും ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാമെന്ന് സുപ്രിംകോടതി. റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ ആറിലെ സർക്കുലർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ചന്റേതാണ് വിധി.

പെൺമക്കൾക്കും പിതാവിന്റെ സ്വത്തിൽ തുല്യ അവകാശം- 2020 ആഗസ്റ്റ്

2020 ആഗസ്റ്റ് 11നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ തുല്യ അവകാശമുണ്ടെന്ന 2005ലെ നിയമ ഭേദഗതി സുപ്രിംകോടതി ശരിവെച്ചു. ജീവിതാവസാനം വരെ പെൺമക്കൾ തുല്യ അവകാശമുള്ള മക്കളാണെന്നണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

മരട് ഫ്ളാറ്റ് പൊളിക്കൽ- 2019 മാർച്ച് 8

2019 മാർച്ച് 8നാണ് കൊച്ചി മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാലു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. ഉത്തരവിനെ തുടർന്ന് ഒട്ടേറെ റിട്ട് ഹർജികളും പുനഃപരിശോധനാ ഹർജികളുമെത്തിയെങ്കിലും ഉത്തരവിൽനിന്ന് കോടതി പിന്മാറിയില്ല.

ബാബറി മസ്ജിദ് വിധി- 2019 നവംബർ 9

2019 നവംബർ 9ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രിംകോടതി ബഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 2.7 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാണം. പള്ളി നിർമിക്കാൻ പകരം അഞ്ച് ഏക്കർ നൽകാനും ഉത്തരവിന് പുറമേ വഖഫ് ബോർഡിന് അഞ്ചേക്കർ നൽകാനും നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ പ്രാതിനിധ്യം നൽകാനും സുപ്രിംകോടതി 142-ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ചു എന്നതാണ് വിധിയുടെ പ്രത്യേകത.

നിഷ്‌ക്രിയ ദയാവധത്തിന് അനുമതി -2018 മാർച്ച് 9

2018 മാർച്ച് 9 നാണ് നിഷ്‌ക്രിയ ദയാവധത്തിന് സുപ്രിംകോടതി അനുമതി നൽകുന്നത്. 13 വർഷത്തിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ദയാവധത്തിന്റെ കാര്യത്തിൽ സുപ്രിംകോടതി 2018-ൽ അന്തിമവിധി പറഞ്ഞത്. അരുണ ഷാൻബാഗ് കേസിൽ 2011-ൽ തന്നെ നിഷ്‌ക്രിയ ദയാവധം (പാസിവ് യൂത്തനേസ്യ) അംഗീകരിച്ചെങ്കിലും വ്യക്തമായ മാർഗരേഖയിറക്കിയത് 2018-ലാണ്.

ശബരിമല യുവതിപ്രവേശം, പുനഃപരിശോധന വിധി- 2018 സെപ്റ്റംബർ 28

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുമതിനൽകിക്കൊണ്ട് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് 2018 സെപ്റ്റംബർ 28
ന് ഭൂരിപക്ഷവിധി പുറപ്പെടുവിച്ചു. പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ എത്തുന്നത് വിലക്കുന്നത് ലിംഗവിവേചനമാണെന്നും അത് ഹിന്ദുമതത്തിന്റെ അനിവാര്യമായ ആചാരമല്ലെന്നും അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കി.

സംവരണത്തിനു കണക്കുവേണ്ട- 2018

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റം നൽകണമെങ്കിൽ അവരുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ ആവശ്യമില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചു. പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ ശേഖരിച്ചുമാത്രമേ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റം നൽകാവൂ എന്ന 2006-ലെ നാഗരാജ് കേസ് വിധിയിൽ വ്യക്തതവരുത്തിയുള്ളതാണ് വിധി.

സ്വവർഗരതി ക്രിമിനൽക്കുറ്റമല്ല -2018

പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്  വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിലെ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണ്. അതേസമയം, ഉഭയസമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധവും മൃഗങ്ങളുമായുള്ള വേഴ്ചയും കുറ്റകരമായി തുടരുമെന്നും വിധി പ്രസ്താവനയിൽ വ്യക്തമാക്കി.

വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമല്ല -2018

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽക്കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനായിക്കണ്ട് അഞ്ചുവർഷംവരെ തടവിനു ശിക്ഷിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 198(2)ാം വകുപ്പും റദ്ദാക്കി. എന്നാൽ, വിവാഹേതര ലൈംഗികബന്ധം സിവിൽ കുറ്റമായി തുടരും. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിനുള്ള കാരണമാക്കാവുന്നതും ഒരാളുടെ ആത്മഹത്യയിലേക്കു നയിച്ചാൽ 306-ാം വകുപ്പ് പ്രകാരം പ്രേരണാക്കുറ്റവും ചുമത്താവുന്നതുമാണ്.

കണ്ണൂർ, കരുണ ഓർഡിനൻസ് റദ്ദാക്കി -2018

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്താൻ സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രിംകോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

ക്രിമിനൽക്കേസുള്ളവർക്കും മത്സരിക്കാം -2018

ക്രിമിനൽക്കേസിൽ വിചാരണ നേരിടുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കാനാവില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ച് വിധിച്ചു.

എസ്.സി., എസ്.ടി. വിവാദ വിധി 2018-19

പട്ടികജാതി, പട്ടികവർഗ നിയമത്തിന്റെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ട് 2018 മാർച്ച് 20-ന് ഇറക്കിയ വിധി വിവാദമായി. എസ്.സി., എസ്.ടി. (പീഡനം തടയൽ) നിയമപ്രകാരമുള്ള പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥരെ ഉടനടി അറസ്റ്റുചെയ്യരുതെന്നായിരുന്നു നിർദേശം. ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി, ബന്ധപ്പെട്ട അധികൃതരിൽനിന്ന് അനുമതിനേടിയശേഷമേ അറസ്റ്റുചെയ്യാവെന്നും ഇത്തരം കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരിക്കലും മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന അവസ്ഥയുണ്ടാകില്ലെന്നും വിധിച്ചു.

മുത്തലാഖ് നിയമവിരുദ്ധം -2017

മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന മുസ്ലിങ്ങൾക്കിടയിലെ രീതിക്ക് (മുത്തലാഖ്) നിയമസാധുതയില്ലെന്ന് അഞ്ചംഗ സുപ്രിംകോടതി ബെഞ്ച് വിധിച്ചു. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ 2006-ൽ നൽകിയ ഹർജിയിലാണ് 12 വർഷത്തിനുശേഷം വിധിവന്നത്.

സ്വകാര്യത മൗലികാവകാശം -2017

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രിംകോടതിയുടെ ഒൻപതംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠമായി വിധിച്ചു. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശത്തിലെ നിർണായക ഘടകമാണ് സ്വകാര്യത. അതേസമയം, വിവര (ഡേറ്റ) സംരക്ഷണത്തിന് ശക്തമായ നിയമം കൊണ്ടുവരണം. അതേസമയം, മൗലികാവകാശമാണെങ്കിലും സ്വകാര്യത നിയന്ത്രണങ്ങൾക്കു വിധേയമാണെന്ന് ജസ്റ്റിസ് എസ്.കെ. കൗളും വിധിയിൽ വ്യക്തമാക്കി.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി -2016

കേരളത്തിലെ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചത് ഏറെ ചർച്ചചെയ്യപ്പെട്ടു. കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്നാണ് സുപ്രിംകോടതി കണ്ടെത്തിയത്.

തിയേറ്ററുകളിൽ ദേശീയഗാനം 2016-18


2016 നവംബർ 30-നാണ് സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിക്കൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര ഇടക്കാല ഉത്തരവിറക്കിയത്. പിന്നീട് 2018-ൽ ജസ്റ്റിസ് ദീപക് മിശ്ര തന്നെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽനിന്ന് പിന്നാക്കംപോയിക്കൊണ്ട് തിയേറ്ററുകളിൽ ദേശീയഗാനം വെക്കുന്നത് നിർബന്ധമല്ലെന്ന് വ്യക്തമാക്കി.

ജഡ്ജി നിയമനത്തിന് കൊളീജിയം മതി -2015

ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയെടുത്ത ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻ.ജെ.എ.സി.) നിയമം അഞ്ചംഗ ഭരണഘടനാബെഞ്ച് റദ്ദാക്കി. എൻ.ജെ.എ.സി. നിയമം റദ്ദാക്കിയ കോടതി, കൊളീജിയം സംവിധാനം പുനഃസ്ഥാപിച്ചു.

ഇന്റർനെറ്റിലെ അഭിപ്രായസ്വാതന്ത്ര്യം – 2015

ഇന്റർനെറ്റിൽ കുറ്റകരമായ വിഷയങ്ങൾ പോസ്റ്റുചെയ്താൽ അറസ്റ്റുചെയ്യാൻ അനുമതിനൽകുന്ന ഐ.ടി. നിയമത്തിലെ വിവാദമായ 66-എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നുകണ്ട് സുപ്രിംകോടതി റദ്ദാക്കി.

നിർഭയ -2014-19    

Court rejects plea for stay, Nirbhaya convicts to be hanged on Friday |  Nirbhaya rape and murder case| Nirbhaya case

രാജ്യം നടുങ്ങിയ ഡൽഹി കൂട്ടബലാത്സംഗ(നിർഭയ)ക്കേസിലെ പ്രതികൾക്കു നൽകിയ വധശിക്ഷ സുപ്രിംകോടതി ശരിവെച്ചത് 2014-ലാണ്. നാലു പ്രതികളുടെയും പുനഃപരിശോധനാ ഹർജികൾ 2018-ലും 2019-ലുമായി സുപ്രിംകോടതി തള്ളുകയും ചെയ്തു. പ്രതികളെ 2020 മാർച്ച് 20ന് തിഹാർ ജയിലിൽ തൂക്കിലേറ്റി.

ട്രാൻസ്‌ജെൻഡറുകൾക്ക് അംഗീകാരം -2014

ട്രാൻസ്‌ജെൻഡറുകളെ മൂന്നാംലിംഗമായി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണനും എ.കെ. സിക്രിയുമടങ്ങുന്ന ബെഞ്ചിന്റെ വിധി. ട്രാൻസ്‌ജെൻഡറുകളെ ന്യൂനപക്ഷമായി കാണാനും വിദ്യാഭ്യാസം, ജോലി എന്നിവയിൽ സംവരണം നൽകാനും കോടതി ആവശ്യപ്പെട്ടു. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ഹർജിയിലായിരുന്നു വിധി.

നോട്ട വിധി -2013

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ ഹർജിയിൽ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും നോട്ട (നൺ ഓഫ് ദി എബവ്) ഏർപ്പെടുത്താൻ നിർദേശിച്ചത്. സ്ഥാനാർഥികളിൽ ആരോടും താത്പര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ടുചെയ്യാൻ സമ്മതിദായകർക്ക് ഇതോടെ അവകാശമുണ്ട്.

നുണപരിശോധനാഫലം തെളിവല്ല -2010

Narco Analysis Test News in Bengali, Videos & Photos about Narco Analysis  Test - Anandabazar.com

പ്രതികൾ പറയുന്നത് സത്യമാണോയെന്ന് പരിശോധിക്കാൻ നടത്തുന്ന നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റ്, എഫ്.എം.ആർ.ഐ. (ഫങ്ഷണൽ മാഗ്നറ്റിക് റെസണൻസ് ഇമേജിങ്) തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങൾ തെളിവായെടുക്കുന്നതിനെതിരേയാണ് സുപ്രിംകോടതി വിധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here