ടെസ്റ്റ് മത്സരങ്ങളിൽ നടരാജന് മികവു കാണിക്കാനാവുമെന്ന് തോന്നുന്നില്ല: ഡേവിഡ് വാർണർ

David Warner T Natarajan

ടെസ്റ്റ് മത്സരങ്ങളിൽ മികവു കാണിക്കാൻ ഇന്ത്യയുടെ പുതിയ ബൗളർ ടി നടരാജനു സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. തുടർച്ചയായി കൃത്യമായ ഏരിയകളിൽ പന്തെറിയാൻ നടരാജനു കഴിയുമോ എന്നതിൽ തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

“നല്ല ചോദ്യമാണ്. പക്ഷേ, എനിക്ക് അതേപ്പറ്റി ഉറപ്പില്ല. അദ്ദേഹത്തിൻ്റെ രഞ്ജി ട്രോഫി റെക്കോർഡുകൾ നിങ്ങൾക്കല്ലേ അറിയാവുന്നത്. എങ്ങനെയാണ് നടരാജൻ പന്തെറിയുന്നതെന്നും നിങ്ങൾക്കറിയാം. നടരാജന് മികച്ച ലൈനും ലെംഗ്തും ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ, ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായ ഓവറുകൾ? എനിക്ക് അതേപ്പറ്റി 100 ശതമാനം ഉറപ്പില്ല.”- വാർണർ പറഞ്ഞു.

Read Also : നടരാജനല്ല, മൂന്നാം ടെസ്റ്റിൽ ശർദ്ദുൽ താക്കൂർ അരങ്ങേറിയേക്കുമെന്ന് റിപ്പോർട്ട്

ഉമേഷ് യാദവിനു പരുക്കേറ്റ സാഹചര്യത്തിൽ നെറ്റ് ബൗളറായിരുന്ന നടരാജനെ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ശർദ്ദുൽ താക്കൂറിനോ നടരാജനോ ഉമേഷിനു പകരം വരും മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ പരിചയസമ്പത്തിൻ്റെ പേരിൽ ശർദ്ദുലിന് നറുക്ക് വീണേക്കുമെന്നാണ് സൂചന. ഇതിനിടെയാണ് വാർണറുടെ പ്രതികരണം.

രണ്ട് ടെസ്റ്റ് മത്സരങ്ങൾ അവസാനിച്ചപ്പോൾ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചപ്പോൾ ഇന്ത്യ രണ്ടാം ടെസ്റ്റിൽ വിജയം സ്വന്തമാക്കിയിരുന്നു. ജനുവരി ഏഴിന് സിഡ്നിയിലാണ് മൂന്നാമത്തെ ടെസ്റ്റ് മത്സരം.

Story Highlights – David Warner about T Natarajan as Test bowler

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top