ഐ ലീഗിന് ഇന്ന് തുടക്കം; ഗോകുലം ഇന്ന് ചെന്നൈ സിറ്റിക്കെതിരെ

gokulam kerala chennai city

ഐ ലീഗ് ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് ചെന്നൈ സിറ്റി എഫ്സിക്ക് എതിരെ. ഇന്ന് വൈകിട്ട് 7നു കൊൽക്കത്തയിലാണ് ഐ ലീഗിനു കിക്കോഫ്‌. കൊവിഡ് കാരണം കോഴിക്കോട്ടെ കളിക്കളത്തിലെ ഹോം മാച്ച് കാല്പന്ത് കളിക്കമ്പക്കാർക്ക് നഷ്ടമായി.

കേരളത്തിലെ കാല്പന്ത് കളിക്കമ്പക്കാർക്ക് ഇനി ഐ ലീഗ് ആവേശത്തിന്റെ കാലം. കേരളത്തിന്റെ സ്വന്തം ടീം ഗോകുലം എഫ് സി ചെന്നൈ സിറ്റി എഫ്സിക്കെതിരെ ഇന്ന് ഇറങ്ങും. കൊൽക്കത്തയ്ക്ക് അടുത്തുള്ള കല്യാണി സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യ കളി.  മികവുറ്റ വിദേശ താരങ്ങളെ ക്ലബ്ബ് ഉടമ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് നേരത്തെ ടീമിലെത്തിച്ചിരുന്നു.

ഐ ലീഗിനു വേണ്ടിയുള്ള ഗോകുലം ടീമിൽ ഇക്കുറി 11 മലയാളികൾ ആണ് ഉള്ളത്. നാല് വിദേശ താരങ്ങളും ടീമിലുണ്ട്. ഗോകുലം റിസേർവ് ടീമിൽ നിന്നും നാല് മലയാളികളും ഇക്കുറി സീനിയർ ടീമിൽ എത്തി. മികച്ച പ്രകടനം പുറത്തെടുത്ത് ഇക്കുറി കപ്പ് അടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താരങ്ങൾ.

ഹോം മാച്ച് ഇല്ലാത്തതിനാൽ ഗോകുലം എഫ്സി ആരാധകർക്ക് ഇക്കുറി കോഴിക്കോട്ടെ കളിക്കളത്തിലെ ആവേശം അന്യമാണ്. എങ്കിലും ടീം കപ്പടിക്കുന്നതിനായി കാത്തിരിക്കുകയാണ് സോക്കർ ആരാധകർ. ഇറ്റലിക്കാരനായ വിൻസെൻസോ ആൽബർട്ടോ അന്നീസയാണ് കോച്ച്.
ഐഎഫ്എ ഷീൽഡ് മത്സരങ്ങൾക്ക് വേണ്ടി ഒരു മാസം മുമ്പ് കൊൽക്കത്തയിൽ എത്തിയ ഗോകുലം, പിന്നീട് അവിടെ തന്നെ പരിശീലനം തുടർന്നു. കൊവിഡ് കാരണം രണ്ടു ഘട്ടമായാണ് ഈ സീസണിൽ ഐ ലീഗ് നടക്കുക. ആദ്യ ഘട്ടത്തിൽ 11 ടീമുകളും തമ്മിൽ കളിക്കും. ആദ്യ സ്ഥാനത്തു വരുന്ന ആറു ടീമുകൾ രണ്ടാം ഘട്ടത്തിൽ ഐ ലീഗ് കപ്പിന് വേണ്ടി മത്സരിക്കും.

Story Highlights – i league starts today gokulam kerala will meet chennai city fc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top