ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-01-2021)

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് സുപ്രിംകോടതി

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കര്‍ഷക സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് കെപിസിസി പ്രസിഡന്റാണെന്ന വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വാദം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണ് പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. മുന്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്തത്.

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഈ മാസം 22 ന് പിരിയും

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് പരിഗണിക്കും. കാര്യോപദേശക സമിതി യോഗത്തിന്റേതാണ് തീരുമാനം.

കസ്റ്റംസിനെതിരെ രൂക്ഷ പരാമര്‍ശവുമായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുകൂല സംഘടനകള്‍

കസ്റ്റംസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുകൂല സംഘടനകള്‍ രംഗത്ത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനയുടെ ആരോപണം.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടെന്ന് മുസ്ലീം ലീഗ്

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടെന്ന് മുസ്ലീം ലീഗ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തുന്ന തരത്തില്‍ രാജി സമര്‍പ്പിക്കും. കന്യാകുമാരി ഉള്‍പ്പെടെ മൂന്നിടത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് കത്തോലിക്ക സഭ. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. അതേസമയം, പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചു. ജനപക്ഷത്തെ മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗം പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കും.

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പൊലീസ് കേസെടുത്തത് സിഡബ്ല്യൂസി റിപ്പോര്‍ട്ട് ലഭിച്ച ശേഷം; ചെയര്‍പേഴ്‌സണിന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണിന്റെ വാദം പൊളിയുന്നു. പൊലീസ് കേസെടുത്തത് സിഡബ്ല്യൂസി കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് വിവരം. കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു.

പി ജെ ജോസഫിന്റെ മകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിന്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് മലബാര്‍ മേഖല യോഗത്തില്‍ അപു ജോസഫ് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നു. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അപു ജോസഫ് നീക്കം തുടങ്ങി.

കാര്‍ഷിക നിയമം; പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എല്ലാ കണ്ണുകളും ഇന്ന് സുപ്രിംകോടതിയില്‍. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പം തന്നെ കര്‍ഷക സമരത്തിനെതിരെയുള്ള ഹര്‍ജികളും കോടതി പരിഗണിക്കും.

കൊവിഡ് വാക്‌സിനേഷൻ; പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകിട്ട് 4 മണിക്ക് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. യോഗത്തിൽ പ്രധാനമന്ത്രി വാക്‌സിനേഷൻ സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ വിശദീകരിക്കും.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top