രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ച് വയസ്

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഓര്‍മയായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. 2016 ജനുവരി 17 നാണ് എച്ച്‌സി യുവിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. മരണത്തിലൂടെ രാജ്യത്തെ ജാതീയ വിവേചനത്തിന്റെ മരിക്കാത്ത പ്രതീകമായി വളര്‍ന്നുവെന്നതാണ് റോഹിത് വെമുല എന്ന വ്യക്തിയുടെ ചരിത്രപ്രസക്തി.
കാള്‍സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്ര എഴുത്തുകാരനാവാനായിരുന്നു രോഹിത് വെമുലയുടെ മോഹം. എന്നാല്‍ പാതിവഴിയില്‍, ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു രോഹിത് വെമുല. ആത്മഹത്യാക്കുറിപ്പില്‍ രോഹിത് അടിവരയിട്ട പോലെ, ദളിതനായുള്ള ജന്മം തന്നെയാണ് അവന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അപകടം.
വീട്ടിനകത്തെ ജാതീയ അവഗണനയില്‍ തുടങ്ങി പ്രതിബന്ധങ്ങളെ നിരന്തരം അതിജീവിച്ചാണ് റോഹിത് വെമുല വളര്‍ന്നത്. കടതിണ്ണയില്‍ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ടുകൊണ്ടുപോയുമാണ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പിഎച്ച്ഡി വരെ അവന്‍ എത്തിയത്. മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോള്‍ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി രോഹിത് വെമുല ചക്രവര്‍ത്തി രക്തസാക്ഷിയായി.
രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും നാളെറെ പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. ദളിത് രാഷ്ട്രീയത്തിന് മുന്‍പില്ലാത്തവിധം സ്വീകാര്യതയാണ് ആ പ്രക്ഷോഭങ്ങള്‍ രാജ്യത്താകെ ഉണ്ടാക്കികൊടുത്തത്. വെമുലയ്ക്ക് ശേഷവും ഉന, ഹത്രാസ്, എന്ന് തുടങ്ങി ദളിത് നിസഹായതയുടെ നേര്‍ചിത്രങ്ങള്‍ ഏറെയുണ്ടായെങ്കിലും രോഹിത് വെമുല ഇന്നൊരു പ്രതീകമാണ്. രാജ്യത്തെ ജാതീയവിവേചനത്തിന്റെ അനശ്വര പ്രതീകം.
Story Highlights – Rohith Vemula Death Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here