ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-01-2021)
കെഎസ്ആര്‍ടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. ജീവനക്കാര്‍ തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു സിഎംഡി ബിജു പ്രഭാകര്‍.
നേതാക്കള്‍ എന്‍ഐഎയ്ക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍
കര്‍ഷക നേതാക്കള്‍ എന്‍ഐഎയ്ക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് കര്‍ഷക സംഘടനകള്‍. എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള നടപടിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് യുഡിഎഫിന് നഷ്ടം: സി.മമ്മൂട്ടി എംഎല്‍എ
ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് യുഡിഎഫിന് നഷ്ടമാണെന്ന് സി.മമ്മൂട്ടി എംഎല്‍എ. മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ഇത്തവണ തനിക്ക് സീറ്റില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സി. മമ്മൂട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിനെതിരെയും നടപടിയുണ്ടാകും. ഇയാള്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം
മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ് വിവരം. ആളപായമില്ല. ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിര ഇടപെടല്‍ നടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവാക്കാനായത്.
നിയമസഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തത്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും. രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് മണി വരെയാകും വാക്‌സിന്‍ നല്‍കുക. ആദ്യ ദിനത്തില്‍ 1,91,181 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറീസ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടം ക്രമേണ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും
ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസില്‍ എന്‍ഐഎ ഇന്ന് കര്‍ഷക നേതാക്കളെ ചോദ്യം ചെയ്യും. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും, പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടിസ് നല്‍കിയിട്ടുണ്ട്. നാല്‍പതില്‍പരം പേര്‍ക്കാണ് ഇതുവരെ നോട്ടിസ് കൈമാറിയത്. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയെക്കുറിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കും. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലിസിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും.
എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം
എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അര്‍ധ രാത്രി 12 മണിയോടെയാണ് കടുങ്ങല്ലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് കമ്പനികള്‍ക്ക് തീ പിടിച്ചത്. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Story Highlights – todays headlines 17-01-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here