റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന പൊലീസിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ ഹർജി. കർഷക പ്രക്ഷോഭത്തിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ബന്ധമുള്ളവർ നുഴഞ്ഞുക്കയറി എന്നത് അടക്കം കാര്യങ്ങൾ കേന്ദ്രസർക്കാർ അറിയിച്ചേക്കും. അതേസമയം, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പത്താം വട്ട ചർച്ച നാളെ നടക്കും.

റിപ്പബ്ലിക് ദിനത്തിലെ കൂറ്റൻ ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കാതെ, ഡൽഹിയുടെ ഔട്ടർ റിങ് റോഡിലായിരിക്കും ട്രാക്ടർ പരേഡ്. ഇതിനായി പൊലീസ് അനുമതി നൽകുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ. ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഡൽഹി പൊലീസിന്റെ ഹർജി ഇന്ന് പരിഗണിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നും, സമാന്തര പരേഡ് നടന്നാൽ ലോകത്തിന് മുന്നിൽ രാജ്യം നാണംക്കെടുമെന്നുമാണ് ഡൽഹി പൊലീസിന്റെ വാദം.

അതേസമയം, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പത്താം വട്ട ചർച്ച നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡൽഹി വിഗ്യാൻഭവനിൽ നടക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.

ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിനാലാം ദിവസത്തിലേക്ക് കടന്നു. ഇന്ന് വനിതകർഷക ദിനമായി ആചരിക്കും. കർഷകരുടെ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

Story Highlights – Supreme Court will today hear the police’s demand to stop the tractor rally of the farmers on the Republic Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top