Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22-01-2021)

January 22, 2021
Google News 1 minute Read

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 47,893 പേര്‍

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന്‍ സ്വീകരിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 47,893 പേരാണ്.

മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു; ക്രൂരത

തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോൺ​ഗ്രസിന് പുതിയ അധ്യക്ഷൻ ജൂണിൽ; രാഹുൽ ​ഗാന്ധി സംഘടന തെരഞ്ഞെടുപ്പിനെ നേരിട്ടേക്കും

സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ആറ് മാസം കൂടി ദീർഘിപ്പിച്ച് കോൺഗ്രസ്. ജൂണിൽ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ അധ്യക്ഷനെ നിയോഗിക്കാൻ എ.ഐ.സി.സി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഇതിനായി താത്ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ കാലാവധി ദീർഘിപ്പിച്ചു. രാഹുൽ ഗാന്ധി സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളുമെന്ന് മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കേരളത്തിൽ കൊവിഡ് വ്യാപനം കൂടുതലെങ്കിലും സമതലത്തിലാണ്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന വ്യാപന തോതുമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി

സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ പലതും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് എതിയരമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

സിഎജിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

സിഎജിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. സർക്കാർ വിശദീകരണം കേൾക്കാതെ റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത്. ഇത് തെറ്റായ കീഴ് വഴക്കമാണ്. തെറ്റായ കീഴ് വഴക്കത്തിന് കൂട്ടു നിന്നുവെനന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കളമശേരി മുൻസിപ്പാലിറ്റിയിൽ ഭരണം പിടിച്ചെടുക്കുമെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി

കളമശേരി 37-ാം വാർഡിൽ എൽഡിഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ അട്ടിമറി വിജയം നേടിയതോടെ യുഡിഎഫിന് ഭരണം നഷ്ട്ടമാകാൻ സാധ്യത. 20 അംഗങ്ങൾ എൽഡിഎഫിനും 21 അംഗങ്ങൾ യുഡിഎഫി നുമുള്ള കളമശേരി മുൻസിപ്പാലിറ്റിയിൽ ഭരണം പിടിച്ചെടുക്കുമെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി. ലീഗ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണക്കാരായ കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന കളമശേരി മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് പോകാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് നിലപാടറിയിച്ചു.

കർണാടകയിലെ ശിവമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം; പത്തോളം പേർക്ക് ജീവൻ നഷ്ടമായി

കർണാടകയിലെ ശിവമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. പത്തിലധികം അളുകൾ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷർ യൂണിറ്റിൽ ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ അധികവും ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീക്കർക്കും സർക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾക്കും 14 സർക്കാർ പ്രമേയങ്ങൾക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎൽഎമാരാണ് ഈ കാലയളവിൽ വിട പറഞ്ഞത്.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here