ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (18-02-2021)
സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ കസ്റ്റംസിന് അതൃപ്തി
സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ കസ്റ്റംസിന് അതൃപ്തി. സുരക്ഷ പിന്‍വലിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് പറയുന്നു. പ്രധാനപ്പെട്ട വ്യക്തികളെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്. നിര്‍ണായക ചോദ്യം ചെയ്യലുകള്‍ നീണ്ടുപോകുന്നതിന് ഇത് കാരണമായതായും കസ്റ്റംസ് പരാതിപ്പെടുന്നു. സി ഐഎസ്എഫ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി
ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി ഉയരുന്നു. ചോറിനും കടലക്കറിക്കും മാത്രം 150 രൂപയാണ് കേരളാ എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകം പായ്ക്ക് ചെയ്യുന്നതിനാലാണ് ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
വയനാട് മേപ്പാടിയില്‍ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം
വയനാട് മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു കോടി രൂപയിലേറെ വിലവരുന്ന ഈട്ടി മരം മുറിച്ചുകടത്തിയത് ഇന്നലെ ട്വന്റിഫോര്‍ ആണ് പുറത്തുകൊണ്ടുവന്നത്.
കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി. കാപ്പന്റെ നീക്കം
കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി കാപ്പന്റെ നീക്കം. തിരുവനന്തപുരത്ത് എത്തി മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കാണും. ഘടക കക്ഷി ആക്കുന്ന കാര്യത്തില്‍ ചില യുഡിഎഫ് നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും, അപശബ്ദങ്ങള്‍ ഒഴിവാക്കാനാണ് കാപ്പന്റെ നീക്കം.
ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു
തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും.
തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവില വര്‍ധിച്ചു; ജില്ലകളില്‍ 90 പിന്നിട്ടു
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്.
രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്
കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം. സമരം വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കര്‍ഷക സംഘടനകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ഒരോ ദിവസവും ശക്തമാകുകയാണ്. ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം നടത്തും. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടയുക.
വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും
വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here