എൽജിഎസ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

എൽജിഎസ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധി റിജു, ഉദ്യോഗാർത്ഥികളായ ബിനീഷ്, മനു എന്നിവരാണ് സമരം നടത്തുന്നത്. സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലേയ്ക്ക് കടന്നത്. സർക്കാരിന്റെ നടപടി നിരാശാജനകമെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.
നിയമനക്കുറവ് പരിഹരിക്കാമെന്ന വാഗ്ദാനമടക്കം സർക്കാർ പാലിച്ചില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഇരുപത്തിയെട്ട് ദിവസം സമരം ചെയ്തിട്ടും സർക്കാർ ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. സഹന സമരം ഇനിയും തുടരും. കഴിഞ്ഞ ശനിയാഴ്ച പരീക്ഷയെഴുതിയവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സമരമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗതല ചർച്ചയിൽ ചില സുപ്രധാന ആവശ്യങ്ങൾ ഉദ്യോഗാർത്ഥികൾ മുന്നോട്ടുവച്ചിരുന്നു. മന്ത്രിതലത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനം ഇന്ന് വൈകിട്ടോടെ അറിയിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല. തീരുമാനം വൈകുന്ന സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ ഉദ്യോഗാർത്ഥികൾ തീരുമാനിക്കുകയായിരുന്നു.
Story Highlights – psc rank holders strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here