വൈദികനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പള്ളിമുറിയില്‍ വച്ച് മര്‍ദ്ദിച്ചതായി പരാതി

വൈദികനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പള്ളിമുറിയില്‍ വച്ച് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ വാണിയപ്പാറ സ്വദേശി ജില്‍സിന് നേരെയാണ് ആക്രമണമുണ്ടായത്. കുന്നോത്ത് സെന്റ് തോമസ് പള്ളിമുറിയില്‍ വച്ചാണ് നൂറോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. മര്‍ദ്ദിച്ചവരെ അഭിനന്ദിച്ച് വൈദികന്‍ അയച്ച സന്ദേശവും പുറത്തായി.

കുന്നോത്ത് സെന്റ് തോമസ് ഫൊറോണ പള്ളിയില്‍ വച്ചാണ് ജില്‍സിന് മര്‍ദ്ദനമേറ്റത്. ഇതേ ഇടവകയിലെ മാത്യു എന്നയാളുടെ പതിനാറു വയസുള്ള മകന്‍ ക്യാന്‍സര്‍ മൂലം മരണകിടക്കയിലായപ്പോള്‍ അന്ത്യകൂദാശ നല്‍കാന്‍ വൈദികനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാത്യുവിനോട് വ്യക്തിവൈരാഗ്യമുള്ളതിനെ തുടര്‍ന്ന് വൈദികന്‍ വീട്ടിലേക്ക് വരാന്‍ തയാറായില്ലെന്നാണ് ആരോപണം. ആശുപത്രിയില്‍ വച്ചാണ് അന്ത്യകൂദാശ നല്‍കിയത്.

ഇക്കാര്യത്തില്‍ ഒരു തര്‍ക്കം ഇടവകയില്‍ നിലനിന്നിരുന്നു. ഇതിനെക്കുറിച്ച് ജില്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. തുടര്‍ന്ന് ചില ആളുകള്‍ ഇദ്ദേഹത്തോട് പള്ളിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വൈദികന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പള്ളിയിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വൈദികന്റെ ഭാഗം വിഡിയോയായി എടുത്ത് തന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ക്കാമെന്ന് ജില്‍സ് അറിയിച്ചു.

ഇതിന് പിന്നാലെ നാലുവാഹനങ്ങളിലായി പള്ളിയില്‍ നിന്ന് ആളുകള്‍ എത്തി ജില്‍സിനെ പള്ളിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പള്ളി മുറിയില്‍ വച്ച് മര്‍ദ്ദിച്ചു. മാപ്പും എഴുതി വാങ്ങിച്ചു. മൂന്നുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വിഷയത്തില്‍ പ്രതികരിക്കാന്‍ വൈദികന്‍ ഇതുവരെ തയാറായിട്ടില്ല.

Story Highlights – Complaint that a person who posted a Facebook post against priest was beaten

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top