ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-03-2021)

പി.ജെ.ജോസഫിന് കനത്ത തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെ; ഹര്‍ജി സുപ്രിംകോടതി തള്ളി
രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തെരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രിംകോടതി പരിഗണിച്ചില്ല.
ലതിക സുഭാഷിന് മനഃപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എപ്പോഴും പ്രതിഷേധം ഉണ്ടാകാറുണ്ട്. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അച്ചടക്ക ബോധമുള്ള പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291പോസിറ്റീവ് കേസുകളും 118മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്നലെ 25,320 പോസിറ്റീവ് കേസുകളും 161 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍; സോണിയ ഗാന്ധിക്ക് ഇ-മെയില്‍ പ്രവാഹം
ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണ്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ-മെയിലുകള്‍.
നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു. 105 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
അവശേഷിക്കുന്ന ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോര്‍മുല ഹൈക്കമാന്‍ഡ് വിലയിരുത്തിയ ശേഷമാകും നടപടി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തൃശൂര്‍ പൂരം നടത്തിപ്പ്; ഉന്നതതല യോഗം ഇന്ന്
തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഇന്ന് ചേരും. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.
Story Highlights – todays headlines 15-03-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here