അനുനയം പ്രഖ്യാപിച്ച് എം.കെ രാഘവൻ; സുൾഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങാൻ യുഡിഎഫ് നേതൃത്വം

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തത്ക്കാലം അവസാനിപ്പിച്ച് എലത്തൂരിൽ സുൾഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങാൻ കോഴിക്കോട്ടെ യു.ഡി.എഫ് നേതൃത്വം. എൻ.സി.കെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരി പങ്കെടുത്ത പ്രാദേശിക ഭാരവാഹി യോഗത്തിൽ എം.കെ രാഘവൻ എം.പി നേരിട്ടെത്തിയാണ് അനുനയം പ്രഖ്യാപിച്ചത്.

വിമതർ നാമനിർദേശം പിൻവലിച്ച് ഐക്യം പ്രഖ്യാപിച്ചിട്ടും ഐക്യമുന്നണി എലത്തൂരിൽ ഒന്നിച്ചിരുന്നില്ല. പ്രചാരണം തുടങ്ങാൻ പ്രയാസപ്പെട്ട സുൾഫിക്കർ മയൂരിയെ സഹായിക്കാൻ ഡി.സി.സി നേതൃത്വം ഇടപെട്ടാണ് പ്രാദേശിക ഭാരവാഹികളുടെ യോഗം വിളിച്ചത്. എം.കെ രാഘവൻ എം.പിയും സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയും വിമതനായി നിന്നിരുന്ന ദിനേശ് മണിയും യോഗത്തിൽ പങ്കെടുത്തു. ഭിന്നതകൾ അടഞ്ഞ അധ്യായമാണെന്നും നേതാക്കൾ പറഞ്ഞു. സമവായം ഉപാധികളോടെയാണെങ്കിലും ഉപാധിയെന്താണെന്ന് നിലവിൽ പറയാനാകില്ലെന്നും എം.കെ രാഘവൻ പറഞ്ഞു. സമവായത്തിൽ സംതൃപ്തനാണെന്ന് സ്ഥാനാർത്ഥിയും അറിയിച്ചു.

നാളെ മണ്ഡലം കൺവെൻഷനിൽ ഇടഞ്ഞ് നിൽക്കുന്ന മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുമെന്ന ഉറപ്പിലാണ് എലത്തൂരിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

Story Highlights- Assembly election 2021, sulfikar mayoori, M K Raghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top