സിപിഐയുടെ കുത്തക സീറ്റ് പിടിച്ചെടുക്കാൻ യുഡിഎഫ്; ഇടതു കോട്ടയിൽ വിള്ളലുണ്ടാവില്ലെന്ന വിശ്വാസത്തിൽ എൽഡിഎഫ്; ചടയമംഗലത്ത് ഇത്തവണ തെരഞ്ഞെടുപ്പ് തീപാറും

chadayamangalam election analysis

ചടയമംഗലം നിയോജകമണ്ഡലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് തീപാറും. സിപിഐയുടെ കുത്തക സീറ്റ് പിടിച്ചെടുക്കാൻ ആവുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇടതു കോട്ടയിൽ ഒരു വിള്ളലും ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിൽ എൽഡിഎഫ്. ശക്തമായ പോരാട്ടം നടത്തി മണ്ഡലത്തിൽ സാന്നിധ്യം അറിയിക്കാനാണ് ബിജെപിയുടെ ശ്രമം.

മണ്ഡല രൂപീകരണത്തിനു ശേഷം 2001 ൽ ഒരിക്കൽ മാത്രമാണ് ചടയമംഗലം ഇടതുമുന്നണിയെ കൈവിട്ടത്. ഉറച്ച കോട്ട എന്നത് തന്നെയാണ് ഇത്തവണയും ഇടതുമുന്നണിയുടെ ആത്മവിശ്വാസം. ജെ. ചിഞ്ചുറാണിയിലൂടെ മണ്ഡലം നിലനിർത്താനാവും എന്നാണ് ഇടതിന്റെ പ്രതീക്ഷ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാനായത് ഇടത് മുന്നണിക്ക് ആശ്വാസമാകും.

മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളിൽ ചടയമംഗലത്തുകാരനായ ഒരേയൊരാൾ എന്നതാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. എം നസീറിന്റെ പ്രത്യേകത. ചടയമംഗലം മണ്ഡലത്തിന് സ്വന്തമായി ഒരു താലൂക്ക് ആസ്ഥാനം എന്നതാണ് യുഡിഎഫിന്റെ വലിയ വാഗ്ദാനം. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ എം.എൽ.എ മുല്ലക്കര രത്‌നാകരൻ എടുത്തുപറയത്തക്ക ഒരു വികസനവും മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതമാണ് മണ്ഡലത്തിലെ ബിജെപിയുടെ പ്രതീക്ഷ. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിനെ കളത്തിലിറക്കി മത്സരം കടുപ്പിക്കുകയാണ് ബിജെപി.

എന്തായാലും മുൻകാലങ്ങളിലേതുപോലെ മണ്ഡലത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാൻ ഇത്തവണ ഇടതുമുന്നണിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. കടുത്ത രാഷ്ട്രീയ മത്സരത്തിന് തന്നെ ചടയമംഗലം സാക്ഷിയാവും.

Story Highlights- chadayamangalam election analysis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top