ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (28-03-2021)

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 62,714 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസുകളും 312 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,19,71,624 ആയി.

കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കേരളത്തില്‍ ബദല്‍ ഭരണത്തിന് യോഗ്യത ബിജെപിക്ക് മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെല്ലാം പാലിച്ചു എന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ല: സുരേഷ് ഗോപി

ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമാതാരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട് ചോദിക്കണമെന്ന നിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിവച്ച വിദ്യ ആണ് ഇതെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.

യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി; സിപിഐഎമ്മിനെ കടന്നാക്രമിച്ച് കമൽ ഹാസൻ

തമിഴ് നാട്ടിൽ മക്കൾ നീതി മയ്യത്തിന് സിപിഐഎമ്മുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കാൻ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുൻവിധി കാരണമെന്ന് കമൽഹാസൻ. നിരവധി തവണ ഇടത് പാർട്ടികളുമായി ചർച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചു കണ്ടുവെന്നും കമൽഹാസൻ പറഞ്ഞു. സിനിമ പോലെ 24 സീനിയർ ന്യൂസ് എഡിറ്റർ വി അരവിന്ദിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മക്കൾ നീതിമയ്യം അധ്യക്ഷൻ കമൽ ഹാസന്റെ പ്രതികരണം. തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഡിഎംകെയിൽ നിന്ന് കോടിക്കണക്കിന് പണം കൈപ്പറ്റിയാണ് മുന്നണിയായി നിൽക്കുന്നതെന്നും കമൽ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9 ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തും. വർക്കല താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വർക്കല റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ സമാപിക്കും.

Story Highlights:todays-headlines 28-03-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top