ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-04-2021)
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു
രാജ്യത്ത് കൊവിഡ് ബാധ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു ചേരുന്ന ബോർഡ് യോഗത്തിൽ പരീക്ഷ നടത്തിപ്പിനെപ്പറ്റി അവസാന തീരുമാനമെടുക്കും. മെയ് നാലിനാണ് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്.
മുട്ടാർ പുഴയിലെ പെൺകുട്ടിയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
മുട്ടാർ പുഴയിൽ പെൺകുട്ടി മരണപ്പെട്ട സംഭവവും, പിതാവിനെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചത്. ഇതിനിടെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ പരിശോധനയും പുരോഗമിക്കുകയാണ്.
കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സർക്കാർ റിട്ട് ഹർജി നൽകിയേക്കും
ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകിയേക്കുമെന്ന് സൂചന. സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിൻ്റെ നിർദ്ദേശം ലഭിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എജി പറഞ്ഞു. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ല. സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്നും എജി പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.
മംഗലാപുരത്ത് അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്റ്റ് ഗാർഡ് അപകട സ്ഥലത്ത് തുടരുകയാണ്.
രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട
കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട. 3 ലിറ്റർ ഹാഷിഷ് ഓയിലാണ് ഫറോക്ക് എക്സൈസ് പിടികൂടിയത്. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലവരും ഇതിന്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here