മങ്കാദിംഗ് നിർബന്ധമാക്കണം: ഹർഷ ഭോഗ്‌ലെ

ക്രിക്കറ്റിൽ മങ്കാദിംഗ് നിർബന്ധമാക്കണമെന്ന് കമൻ്റേറ്റർ ഹർഷ ഭോഗ്‌ലെ. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന വാദമൊക്കെ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനു പിന്നാലെയാണ് ഭോഗ്‌ലെയുടെ അഭിപ്രായ പ്രകടനം. രാജസ്ഥാൻ താരം മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ നോബോളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയത്.
മുസ്തഫിസുർ നോബോൾ എറിയുമ്പോൾ ബൗളിംഗ് ക്രീസിലുള്ള ബ്രാവോ ക്രീസിനു വളരെ പുറത്ത് നിൽക്കുകയാണ്. “ബ്രാവോ എവിടെയാണെന്ന് നോക്കൂ. അതുകൊണ്ടാണ് നിങ്ങൾ പൂർണമായും നിയമത്തിനുള്ളിലാണെന്ന് ഞാൻ വിശ്വസിക്കുന്നത്. ടീം ചർച്ചകളിൽ, ഇത്തരം സന്ദർഭങ്ങളുണ്ടായാൽ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കണമെന്ന് പറയണം. അത് ഗെയിം സ്പിരിറ്റിന് എതിരാണെന്ന വാദമൊക്കെ അസംബന്ധമാണ്.”- ഹർഷ പറഞ്ഞു.
മത്സരത്തിൽ സൂപ്പർ കിംഗ്സ് വിജയിച്ചിരുന്നു. 45 റൺസിനാണ് ചെന്നൈ വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്. രാജസ്ഥാൻ തുടർച്ചയായ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here