പരോൾ ലഭിക്കാത്തതിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പ്രതി; പരോൾ നൽകാത്തത് ഭാര്യയുടെ അപേക്ഷ പ്രകാരമെന്ന് പൊലീസ്

പരോൾ ലഭിക്കാത്തതിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പ്രതി. എന്നാൽ ഭാര്യയുടെ അപേക്ഷ പ്രകാരമാണ് ഭർത്താവിന് പരോൾ അനുവദിക്കാത്തതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തനിക്ക് പരോൾ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ തൃശൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.
2019 സെപ്റ്റംബർ 24 നാണ് മൂന്ന് വർഷത്തേക്ക് ശിക്ഷക്കപ്പെട്ട് പരാതിക്കാരൻ സെൻട്രൽ ജയിലിലെത്തിയത്. 2020 ഒക്ടോബറിൽ പരോളിന് അപേക്ഷ നൽകിയെങ്കിലും പൊലീസ് റിപ്പോർട്ട് പ്രതികൂലമായി. ഭാര്യയ്ക്ക് കൊവിഡ് രോഗം വന്നിട്ടുപോലും പരോൾ അനുവദിച്ചില്ലെന്ന് പ്രതി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
2020 ഒക്ടോബറിൽ പരാതിക്കാരൻ പരോളിനായി സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് ധാരാളം സാമ്പത്തിക ബാധ്യതയുണ്ടെന്നും പരോളിൽ ഇറങ്ങിയാൽ ഇടപാടുകാർ വന്ന് പ്രശ്‌നമുണ്ടാക്കുമെന്നും ഭാര്യ അറിയിച്ചു. പരാതിക്കാരന്റെ ഗൾഫിലുള്ള മകൻ മടങ്ങിവന്ന ശേഷംമാത്രം പരോൾ നൽകിയാൽ മതിയെന്നും ഭാര്യ അറിയിച്ചു. 2021 ജനുവരി 22 ന് പരാതിക്കാരൻ സമർപ്പിച്ച പരോൾ അപേക്ഷയിൽ അനുകൂല റിപ്പോർട്ട് നൽകിയെന്നും 30 ദിവസത്തെ പരോൾ അനുവദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കേസ് തീർപ്പാക്കി.
Story highlights: parole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here